‘ജപമാണ് സദ്ഗുരുവിന്റെ സാധനാമാര്‍ഗം. നിദ്രയില്‍പ്പോലും താന്‍ നാമജപത്തില്‍ മുഴുകാറുണ്ട്…’ ഷിര്‍ദിയിലെ സദ്ഗുരു സായിബാബയുടെ വചനം ജപയജ്ഞത്തിന്റെ ആത്മാനുഭവ പ്രത്യക്ഷമേകുന്നു. ജപവൈജയന്തിയും ജപസ്സിദ്ധിയുടെ സാക്ഷാത്ക്കാരവുമാണ് സായിബാബ.
സൂഫി സംന്യാസിമാര്‍ക്ക് പേര്‍ഷ്യന്‍ ഭാഷയില്‍ ‘സായി’ എന്നാണ് വിളിപ്പേര്. മഹാരാഷ്‌ട്രയില്‍ നാടോടി ഭാഷയില്‍ പിതാവും പിതാമഹനും വൃദ്ധനും ബാബയാണ്. ഫക്കീര്‍ (സംന്യാസി), തത്വജ്ഞാനി, സദ്ഗുരു, അവധൂതന്‍, ആരാധനാമൂര്‍ത്തി, ഋഷിശ്രേഷ്ഠന്‍, അവതാരം എന്നിങ്ങനെ അന്വേഷകരുടെയും ആര്‍ത്തന്മാരുടെയും ആരാധകരുടെയും ഹൃദയത്തില്‍ ബാബ വിശുദ്ധപീഠമേറുന്നു.
ദാസ്ഗനുവും നരസിംഹസ്വാമിജിയും എഴുതിയ ഗുരുചരിതങ്ങള്‍ പഠനാര്‍ഹമാണെങ്കിലും ആ ജീവനചിത്രത്തിന്റെ ആദിമുഖരേഖകള്‍ അപൂര്‍ണമാണ്. ഗവേഷകമതമനുസരിച്ച് 1838 ലാണ് നൈസാമിന്റെ ഭരണപ്രദേശമായ മറാത്ത വാഡയിലെ പത്രിഗ്രാമത്തില്‍ ബ്രാഹ്മണകുടുംബാംഗമായി ബാബയുടെ ജനനം. എട്ടാം വയസ്സു മുതലുള്ള വിദ്യാഭ്യാസം ഒരു ഫക്കീറിന്റെ കീഴിലായിരുന്നു.
പിന്നീട് സേലു ഗ്രാമത്തിലെ ഗോപാല റാവു ദേശ്മുഖ് എന്ന ഗുരുവിന്റെ ശിക്ഷണത്തിലായിരുന്നു ബാബ. അഹമ്മദ് നഗറിലെ ഷിര്‍ദി ഗ്രാമത്തില്‍ ബാബ എത്തിച്ചേരുന്നത് പതിനാറാം വയസ്സിലാണ്. പന്തലിച്ചു നില്‍ക്കുന്ന ഒരു വേപ്പു മരത്തണലില്‍ പദ്മാസന ബന്ധിതനായി ധ്യാനഭാവത്തിലിരിക്കുന്ന യുവാവിന് ചുറ്റും ഗ്രാമീണര്‍ ആരാധനയോടെ വന്നണഞ്ഞു. മഹല്‍ സപതി, അപ്പാ ജോഗ്‌ലെ, കാശീനാഥ് തുടങ്ങിയ പുണ്യാത്മാക്കളും അചിരേണ, ആ സന്നിധിയില്‍ നിത്യ സന്ദര്‍ശകരായെത്തി. ഭ്രാന്തനെന്ന് കരുതി യോഗിയെ കല്ലെറിഞ്ഞവരുമുണ്ട്. അക്ഷോഭ്യനായി എല്ലാം നേടിട്ട അവധൂതന്‍, ജ്ഞാനത്തിന്റെ ആത്മാനുഭൂതിയിലൂടെ കടന്നുപോവുകയായിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷമാണ് പെട്ടെന്നൊരു നാള്‍ ബാബ, ഷിര്‍ദിയില്‍ നിന്ന് അപ്രത്യക്ഷനാകുന്നത്.
1857 ല്‍ ജാന്‍സിയിലെ റാണി ലക്ഷ്മിബായിയുടെ സേനയില്‍ ചേര്‍ന്ന് ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബാബ പങ്കെടുത്തതായി ചില ഗവേഷകര്‍ അനുമാനിക്കുന്നു.
1858 ലാണ് ബാബ ഷിര്‍ദിയില്‍ തിരിച്ചെത്തുന്നത്. സൂഫി സംന്യാസിമാരുടെ മുട്ടോളമെത്തുന്ന ‘കാഫ്‌നി’യും വെളുത്ത തുണിത്തൊപ്പിയും ധരിച്ച് നഗ്നപാദനായെത്തിയ ബാബ അഭയം തേടി വന്നെത്തിയത് അന്നത്തെ വേപ്പുമരത്തിന്‍ കീഴിലാണ്. അഞ്ചുവര്‍ഷം ആത്മോപാസനയുടെ അകത്തളങ്ങളില്‍ അന്തര്‍മുഖനായി കഴിഞ്ഞു. ഗ്രാമയോരത്തെ വനാന്തരങ്ങളില്‍ ഏകനായി സഞ്ചരിച്ചും ഏകാന്തമൗനത്തിന്റെ അഗാധമാര്‍ഗങ്ങളില്‍ ചരിച്ചും ബാബ ജ്ഞാനവിഭൂതിയെ സാക്ഷാത്ക്കരിക്കുകയായിരുന്നു. ആ യോഗിവര്യന്റെ സ്വത്വപ്രകാശത്തില്‍ ആകൃഷ്ടരായി സാന്ത്വനം തേടി ഗ്രാമീണ ജനത പ്രവഹിക്കാന്‍ തുടങ്ങി. ഞാനുള്ളപ്പോള്‍ നിങ്ങളെന്തിന് ഭയപ്പെടണം എന്ന അഭയമന്ത്രത്തില്‍ അവര്‍ ആശ്വാസം തേടി. പഴകിപ്പൊളിഞ്ഞ ഒരു മുസ്ലിം ദേവാലയത്തില്‍ ഏകാന്തവാസവും ഭിക്ഷാടനവുമായി ബാബ ആത്മരഥ്യയില്‍ മുന്നേറുകയായിരുന്നു. ഭക്തിജ്ഞാനകര്‍മയോഗത്തിന്റെ പ്രായോഗികതലമാണ് ബാബയുടെ ദിവ്യ സന്ദേശത്തിന്റെ അന്തധാര. സത്യം, സ്‌നേഹം, കരുണ, ആര്‍ദ്രത എന്നീ മൂല്യങ്ങളുടെ സമര്‍പ്പണ സങ്കല്‍പ്പമാണ് ബാബയുടെ ഉപദേശ മന്ത്രണങ്ങള്‍. സ്‌നേഹശക്തിയുടെ സാത്വിക ലോകത്തെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു ആ അവധൂത ജീവനം. ജാതിമതാതീതമായ മാനവസങ്കല്‍പ്പനത്തിന്റെ മധുരപൂരമാണ് ബാബാദര്‍ശനം. ആ സദ്‌സംഗത്തിലെ ഉപദേശസാരം നുകരാന്‍ നാടിന്റെ നാനാ ഭാഗത്തു നിന്നും ആരാധകരെത്തിയിരുന്നു. സര്‍വമതങ്ങളുടെയും സന്ദേശസാരമഹിമയില്‍ ‘ദൈവം രാജാവാകുന്നു’ എന്ന് സദാ ആമന്ത്രണം ചെയ്യുമായിരുന്ന ബാബ ‘എന്നെ വിശ്വസിച്ച് ഉരുവിടുന്ന പ്രാര്‍ഥനകള്‍ ഫലിക്കും’ എന്നാണ് ഭക്തര്‍ക്ക് ഏകിയ തിരുവചനം. ദീപാവലിയും ഈദ്‌പെരുന്നാളും ഒരേ മനസ്സോടെ ആഘോഷിച്ച് ഗ്രാമീണരുടെ ചിത്തം കവര്‍ന്ന ഗുരു ആഹാരം പാകം ചെയ്ത് പ്രസാദമായി ഭക്തര്‍ക്ക് നല്‍കുമായിരുന്നു.
തന്റെ ഇരിപ്പിടത്തിനടുത്ത് സദാ ജ്വലിച്ചു നില്‍ക്കുന്ന അഗ്നി കുണ്ഠത്തിലെ ഭസ്മമാണ് ശമനൗഷധമായി ബാബ രോഗികള്‍ക്ക് നല്‍കിയത്. നൃത്തവും ഭക്തിഗീതങ്ങളുമായി ആനന്ദചിത്തനായ ബാബ കുഞ്ഞുങ്ങളോടൊപ്പം ആടിത്തിമിര്‍ക്കുകയായിരുന്നു. ബാബയുടെ അതീന്ദ്രിയ ശക്തിവൃത്തികള്‍ നാട്ടില്‍ പാട്ടായി. ഒരരേ സമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടുക, വെള്ളമൊഴിച്ച് വിളക്കു കത്തിക്കുക തുടങ്ങിയ സിദ്ധികളിലൂടെ ജനങ്ങളെ വിസ്മയ ഭരിതരാക്കിയ എണ്ണമറ്റ കഥകള്‍ പരന്നൊഴുകി.
സ്വപ്‌നവും സുഷുപ്തിയും പോയാല്‍ നീ നീ തന്നെ. അജ്ഞാനം നശിച്ചാല്‍ അവശേഷിക്കുന്നത് ജ്ഞാനം എന്നോതിയ ഗുരു, ജ്ഞാനം ആത്മാനുഭൂതിയാണെന്നും ആത്മാവ് നിത്യബോധ സിദ്ധമാണെന്നും തിരിച്ചറിയുന്നു. ജ്ഞാനമാര്‍ഗമാണ് മതബോധമെന്ന തിരിച്ചറിവില്‍ ബാബ മതപരിവര്‍വത്തനത്തെ ശക്തിയുക്തം പ്രതിരോധിക്കുകയായിരുന്നു. മൂല്യ പ്രമാണങ്ങളുടെ പുനഃസൃഷ്ടിയായിരുന്നു ആ അവധൂതസേവാസരണിയുടെ ലക്ഷ്യം. ചരാചര പ്രേമത്തില്‍ അത് പ്രകാശം ചൊരിഞ്ഞു. കാരുണ്യവും സത്യകാംക്ഷയും ക്ഷമാശീലവും ആ കര്‍മരഥ്യയെ പ്രോജ്വലിപ്പിച്ചു. ശ്രീശങ്കരന്റെ അദൈ്വതമീമാംസയുടെ സാര സംഗ്രഹമായിരുന്നു വേദാന്ത ജീവനം. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയില്‍ പതിച്ച ചിന്താമണി രത്‌നമാണ് സായിബാബയെന്ന യോഗി. നാനാ സാഹേബ് ഡെങ്കളയുടെ നിരീക്ഷണം ഈ പശ്ചാത്തലത്തിലാണ്. ശിഷ്യപരമ്പര വേണമെന്ന് ബാബ കല്‍പ്പിച്ചിട്ടില്ലെങ്കിലും സകോരിയിലെ ഉപാസ്‌നി മഹാരാജ് പ്രഥമശിഷ്യനായി സ്ഥാനം നേടുകയായിരുന്നു. ഭക്തിജ്ഞാനകര്‍മ യോഗങ്ങളില്‍ ചരിച്ച ആ അവധൂതന്‍ 1918 ലാണ് ഷിര്‍ദിയില്‍ പരംപദം പൂകുന്നത്. 1926 ല്‍ പുട്ടപര്‍ത്തിയില്‍ ജനിച്ച സത്യസായി ബാബ താന്‍ ഷിര്‍ദിബാബയുടെ അവതാരമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
തഥാഗത ചരിതം പോലെ പോലെ പാവനമായ ആ യോഗാത്മക ജീവിതം സാധനാമാര്‍ഗങ്ങളിലും മൗനവിചിന്തന പഥങ്ങളിലും ഭാരതീയാധ്യാത്മ വിദ്യയുടെ ധര്‍മപ്രഘോഷണമായിരുന്നു. ആത്മബോധത്തിന്റെ അരണിയില്‍ സായിബാബ കൊളുത്തിയ യാഗാഗ്നി അണയുന്നില്ല. ആ വിണ്‍വെളിച്ചം അതീത കാലങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: