കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തിന് അന്ത്യമായെന്ന് തന്നെ വിലയിരുത്താം. രോഗവ്യാപന നിരക്കും മരണ നിരക്കും ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. പ്രതിദിനം 50000 പുതിയ രോഗികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും രാജ്യത്തെ 90 ശതമാനം ജില്ലകളിലും രോഗവ്യാപനം കുറഞ്ഞുവരുന്നതായാണ് ശേഖരിക്കപ്പെടുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. പശ്ചിമബംഗാളിലെ ചില ജില്ലകളും കേരളവുമാണ് ഇതിന് അപവാദം. ഇവിടങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് താരതമ്യേന ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മണിപ്പൂരും മിസ്സോറാമും മാത്രമാണ് രോഗബാധിതരുടെ എണ്ണം കുറയാത്ത മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. എന്നാല്‍ ജനസംഖ്യ അനുസരിച്ച് നോക്കുമ്പോള്‍ ഈ സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം വളരെ കുറവാണെന്നു കാണാം. മഹാരാഷ്ട്രയിലെ ചില ജില്ലകളിലേതുപോലെയാണ് കേരളത്തിലെ രോഗവ്യാപനവും കുറയാത്തത്. കേരളത്തിന്റെ കാര്യത്തില്‍ പുതുതായി രോഗികളാവുന്നവരുടെ എണ്ണവും മരണസംഖ്യയും കണക്കാക്കുന്നതിലെ തെറ്റായ രീതി ഇത് രണ്ടും കുറച്ചു കാണിക്കുകയാണ്. ഇപ്പോഴും ആശങ്ക ജനിപ്പിക്കുന്ന വിധമാണ് പുതിയ രോഗികള്‍ ഉണ്ടാകുന്നതും മരണങ്ങള് സംഭവിക്കുന്നതും. പക്ഷേ ഓരോ ദിവസവും രോഗവ്യാപന നിരക്ക് കുറഞ്ഞുവരുന്നു എന്നത് ആശ്വാസത്തിന് വക നല്കുന്നു.
ഒന്നാം തരംഗത്തിന്റെ കാലത്ത് വലിയ തോതിലുള്ള മരണങ്ങള് ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ജനങ്ങള്‍ ഈ ജാഗ്രത കൈവിട്ടതാണ് രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണമായത്. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ പലതരം വീഴ്ചകള്‍ സംഭവിച്ചു. ഇപ്പോള്‍ രണ്ടാം തരംഗവും അവസാനിച്ചുകൊണ്ടിരിക്കെ ജാഗ്രതക്കുറവു സംഭവിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും. ഇവിടെയാണ് ദല്‍ഹിയിലെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ് മുഖവിലക്കെടുക്കേണ്ടത്. കൊവിഡിന്റെ മൂന്നാംതരംഗം രാജ്യത്ത് അനിവാര്യമാണെന്നും, അത് കൂടുതല്‍ മാരകമാവാനാണ് സാധ്യതയെന്നും ഡോ. ഗുലേറിയ വ്യക്തമാക്കുമ്പോള്‍ ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ നമുക്ക് കൂടുതല്‍ ജാഗ്രത വേണമെന്നാണ് വരുന്നത്. സാധാരണഗതിയില്‍ ഒരു കൊവിഡ് തരംഗം ഉച്ചസ്ഥായിയിലെത്താന്‍ നാലഞ്ച് മാസങ്ങള്‍ വേണ്ടിവരുമെങ്കിലും ചന്തകളിലും മറ്റും നിയന്ത്രണങ്ങള്‍ മറികടന്ന് ജനങ്ങള്‍ കൂട്ടംകൂടിയാല്‍ മൂന്നാംതരംഗം നേരത്തെ എത്തിയേക്കാമെന്ന ഗുലേറിയയുടെ വാക്കുകള്‍ ഗൗരവത്തില്‍ ഉള്‍ക്കൊള്ളണം. ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത പക്ഷം മൂന്നാംതരംഗം സംഭവിക്കാന്‍ ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ മതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാധ്യത ഭരണാധികാരികള്‍ മാത്രമല്ല, ജനങ്ങളും ഗൗരവത്തിലെടുത്ത് പെരുമാറിയാലേ അനിവാര്യമായ വിപത്തിനെ തടയാനാവൂ.
കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദമാണ് രണ്ടാം തരംഗത്തില്‍ മരണം വാരിവിതച്ചത്. മൂന്നാം തരംഗത്തിലും ഇത് ഭീഷണിയായി തുടരും. ഇതിനു പുറമെ ഡെല്‍റ്റയ്ക്ക് മറ്റൊരു ജനിതക വ്യതിയാനം വന്ന് ഡെല്‍റ്റ പ്ലസ് എന്നൊരു വകഭേദം കൂടി ഉണ്ടാവാനുള്ള സാധ്യതയും വൈദ്യ ശാസ്ത്രജ്ഞര്‍ കാണുന്നുണ്ട്. പ്രതിരോധ ശേഷി നേടുന്ന മനുഷ്യശരീരത്തെ ആക്രമിച്ചാണ് ഓരോരോ വകഭേദങ്ങള്‍ ഉണ്ടാവുന്നത്. രാജ്യത്ത് ചിലയിടങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അത് മൂന്നാം തരംഗത്തെ നേരത്തെ തന്നെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാവും. സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുകയും ചെയ്യും. കൊവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ മൂന്നാംതരംഗത്തില്‍ രോഗവ്യാപനം രൂക്ഷമാവാന്‍ കാരണം. ഇപ്പോഴത്തെ നിലയ്ക്ക് ഈ മഹാമാരിയെ ചെറുക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ഒന്ന് വാക്സിനേഷനും മറ്റൊന്ന് സോഷ്യല്‍ വാക്സിനേഷന് എന്നു വിളിക്കപ്പെടുന്ന നിയന്ത്രണങ്ങളും. വലിയ ജനപ്പെരുപ്പമുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ സ്വാഭാവികമായും സമയമെടുക്കും. അവശേഷിക്കുന്നത് സാമൂഹ്യ നിയന്ത്രണങ്ങളാണ്. രണ്ടാം തരംഗം ഒഴിഞ്ഞുപോകുന്നത് ജാഗ്രത വെടിയാനുള്ള അവസരമാക്കരുത്. മൂന്നാംതരംഗത്തെ നേരിടാന്‍ ഇപ്പോള്‍ തന്നെ ഒരുങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: