മുംബൈ: ശിവസേന വീണ്ടും സൗഹൃദം പുനസ്ഥാപിക്കാന്‍ വന്നാലും വേണ്ടെന്നും ബിജെപി മഹാരാഷ്‌ട്രയില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.
വീണ്ടും ബിജെപിയുമായി ശിവസേന ഒന്നിക്കണമെന്ന ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഫഡ്‌നാവിസ്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകെട്ടായ മഹാവികാസ് അഘാദിയില്‍ വിള്ളല്‍ പുറത്തുവരുന്നതിനിടെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.
‘ശിവസേനയും ബിജെപിയും തമ്മില്‍ ഒന്നിക്കണമെന്നത് ജനങ്ങളുടെ മോഹമാണ്. പക്ഷെ ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുണ്ട്. ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികിന്റെ പ്രസ്താവന ശിവസേനയുടെ ആന്തരികപ്രശ്‌നമാണ്. അദ്ദേഹം ബിജെപിയുമായി സഖ്യം വേണമെന്ന കാര്യം ശിവസേനയുടെ നേതാവിന് എഴുതി. ബിജെപി എന്തായാലും ശക്തമായ പ്രതിപക്ഷപാര്‍ട്ടിയായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. കഴിഞ്ഞ തവണ ഞങ്ങള്‍ ഏറ്റവും വലിയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും സഖ്യകക്ഷിയുടെ ഭാഗമായതിനാല്‍ ഭൂരിപക്ഷമുണ്ടായില്ല. അടുത്ത തവണ തീര്‍ച്ചയായും തെരഞ്ഞെടുക്കപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’ ഫഡ്‌നാവിസ് പറഞ്ഞു.
‘ബിജെപി എന്തായാലും ഒറ്റയ്‌ക്കേ മത്സരിക്കൂ. അവരുടെ കാര്യം അവര്‍ക്ക് തീരുമാനിക്കാം. ആര്‍ക്ക് മാല ചാര്‍ത്തണം, ആരെ ചെരിപ്പ് കൊണ്ടെറിയെണം എന്നീകാര്യങ്ങള്‍ അവര്‍ക്ക് തീരുമാനിക്കാം. ഞങ്ങള്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ളവരാണ്,’ ഫഡ്‌നാവിസ് പറഞ്ഞു.
കോണ്‍ഗ്രസ് ഇനിയുള്ള തെരഞ്ഞെടുപ്പകള്‍ക്കെല്ലാം ഒറ്റയ്‌ക്കേ മത്സരിക്കൂ മഹാവികാസ് അഘാദിയുടെ ഭാഗമാകില്ല എന്നും കോണ്‍ഗ്രസ് നേതാവ് നാനാ പടോളെ കഴിഞ്ഞ ദിവസം തുറന്നടിച്ചതോടെയാണ് മഹാവികാസ് അഘാദിയിലെ വിള്ളലുകള്‍ പുറത്തുവരുന്നത്. മാസം തോറും 100 കോടി ബാറുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിരിവെടുക്കാന്‍ മുംബൈ പൊലീസ് കമ്മീഷണറെ പ്രേരിപ്പിച്ച എന്‍സിപി മന്ത്രി അനില്‍ ദേശ്മുഖും സ്ത്രീപീഡനക്കേസില്‍ ശിവസേന മന്ത്രി സഞ്ജയ് റാത്തോഡും രാജിവെച്ചതോടെ ഇരുവരുടെയും പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റിട്ടുണ്ട്. കൂടുതല്‍ ശിവസേന, എന്‍സിപി മന്ത്രിമാര്‍ പല കേസുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെയും ആദായനികുതിവകുപ്പിന്റെയും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: