കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയക്ക് നേരിടേണ്ടി വന്നത് വലിയ മര്‍ദനം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് കിരണുമായുള്ള വിസ്മയയുടെ വിവാഹം 2020 മാര്‍ച്ചില്‍ ആയിരുന്നു. ഇതിനു പിന്നാലെയാണ് സ്ത്രീധനമായി നല്കിയ കാറിനെ ചൊല്ലിയുള്ള തര്‍ക്കമുണ്ടായത്. 12.5 ലക്ഷത്തിന്റെ ടയോട്ട കാറാണ് കൊടുത്തിരുന്നത്. ഇതു കൂടാതെ, നൂറു പവനും ഒന്നകാല്‍ ഏക്കര്‍ സ്ഥലവും നല്‍കിയിരുന്നു. എന്നാല്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ തന്റെ സ്റ്റാറ്റസിന് പറ്റിയ കാറല്ല അതെന്നും മുന്തിയ ഇനം കാര്‍ വേണമെന്നുമായിരുന്നു കിരണിന്റെ ആവശ്യം. ഇതിനായി വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇക്കാര്യം അറിയിച്ച് സഹോദരന്റെ ഭാര്യക്ക് വാട്ട്സ്ആപ്പ് വഴി സന്ദേശവും വിസ്മയ അയച്ചിരിന്നു. വിസ്മയയുടേത് കൊലപാതകം തന്നെയാണെന്നു സഹോദരന് വിജിത് വി.നായര്‍ പറഞ്ഞു.
മര്‍ദനത്തിന്റെ പേരില്‍ കിരണിനു നേരേ നേരത്തെ ചടയമംഗലത്ത് പൊലീസ് കേസ് ഉണ്ടായിരുന്നു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ വീട്ടില്‍ മദ്യപിച്ച് വന്ന് തന്നെ കൈയ്യേറ്റം ചെയ്തട്ടുണ്ട്. പെങ്ങളെയും അടിച്ചിരുന്നു. 12.5 ലക്ഷത്തിന്റെ വാഹനമാണ് കൊടുത്തിരുന്നത്. അതില്‍ കൂടുതല്‍ ഉള്ള വണ്ടി വേണമെന്നായിരുന്നു ആവശ്യം. അത് പൊലീസ് സ്റ്റേഷനില്‍ വച്ച് തീര്‍പ്പാക്കിയിരുന്നു.
ഇന്ന് രാവിലെയാണ് വിളിച്ചത്. സീരിയസ് ആണ് എന്ന് പറഞ്ഞു. രണ്ട് മണിക്കൂര്‍ വൈകിയാണ് മരിച്ച കാര്യം പറഞ്ഞത്. നീതി കിട്ടണമെന്നാണ് അപേക്ഷ. കൊലപാതകമെന്ന് തന്നെയാണ് നടന്നതെന്ന സംശയവും സഹോദരന് പ്രകടിപ്പിച്ചു.
കിരണിനെ ഇപ്പോള്‍ കാണ്മാനില്ലെന്നാണ് വിവരം. തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ വിസ്മയ കോളജില്‍ പോയ സമയത്ത് സ്വന്തം ഇഷ്ടപ്രകാരമാണ് കിരണ്‍ വിളിച്ചുകൊണ്ടുപോയത്. ഇന്നലെ പരീക്ഷയ്ക്ക് ഫീസ് അടയ്ണമെന്ന് ആവശ്യപ്പെട്ട് വിസ്മയ വിളിച്ചിരുന്നു. അവിടെ നിന്ന് പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് കരഞ്ഞിരുന്നുവെന്നും സഹോദരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: