ന്യൂദല്‍ഹി: രാജസ്ഥാന്, പഞ്ചാബ് എന്നിവിടങ്ങള്‍ക്കു പിന്നാലെ ആസാം കോണ്‍ഗ്രസിലും പൊട്ടിത്തെറി. രാഹുല്‍ ഗാന്ധിയാണ് നയിക്കുന്നതെങ്കില്‍ പാര്‍ട്ടി വന്‍പതനത്തില്‍ എത്തുമെന്ന് തുറന്നടിച്ച്, ആസാമിലെ ജനകീയ നേതാവായ രൂപ്ജ്യോതി കുര്‍മി എംഎല്‍എ കോണ്‍ഗ്രസ് വിട്ടു. തൊട്ടുപിന്നാലെ കുര്‍മിയെ പുറത്താക്കിയതായി കോണ്‍ഗ്രസും അറിയിച്ചു. ബിജെപിയില്‍ ചേരുമെന്നും കുര്‍മി പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബില്‍ നവജ്യോത് സിങ്ങ് സിദ്ധു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ നയിക്കുന്ന പടയും രാജസ്ഥാനില്‍ സച്ചിന് പൈലറ്റും കൂട്ടരും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിെനതിരെ നടത്തുന്ന പോരാട്ടവും ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്, എന്‍സിപി ശിവസേനാ സഖ്യത്തിലും വന്‍ വിള്ളല്‍ രൂപപ്പെട്ടു കഴിഞ്ഞു. ഇത് ഉദ്ധവ് താക്കറെയുടെ സര്‍ക്കാരിന്റെ പതനത്തില്‍ എത്തുമെന്ന ആശങ്കയുംസഖ്യത്തില് പടര്‍ന്നിട്ടുണ്ട്. യുപിയില്‍ മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വലം കൈയുമായിരുന്ന ജിതിന് പ്രസാദ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ ആഘാതം കോണ്‍ഗ്രസിനെ വേട്ടയാടുകയാണ്. ഇതിനിടയ്ക്കാണ് ആസാം കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ജനകീയനായ രൂപ്ജ്യോതി കുര്‍മി നാലു തവണ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവച്ചാണ് പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് രണ്ടു മാസം തികയും മുന്‍പാണ് കുര്‍മിയുടെ രാജി. യുവനേതാക്കളില്‍ പ്രമുഖനാണ്. നിയമസഭയിലെ 29 എംഎല്‍എമാരില്‍ ഗോത്രവര്‍ഗമായ കുര്‍മി സമുദായാംഗമാണ് രൂപ്ജ്യോതി. മറിയാനി മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 21ന് ലഖിംപൂരില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് ബിജെപിയില്‍ ചേരുമെന്നാണ് കുര്‍മിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രി ഹീമാന്ത ബിശ്വശര്‍മ്മയുടെ നേതൃത്വം കരുത്തുറ്റതാണെന്നും കുര്‍മി പറഞ്ഞു.
കോണ്‍ഗ്രസ് തകരും:
രൂപ് ജ്യോതി കുര്മിദിസ്പൂര്: യുവ നേതാക്കളുടെ വാക്കുകളും അഭിപ്രായങ്ങളും കോണ്‍ഗ്രസ് അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രൂപ്ജ്യോതി കുര്‍മി. രാഹുലാണ് നയിക്കുന്നതെങ്കില്‍ പാര്‍ട്ടി തകരുമെന്നും കുര്‍മി വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. അമ്മ മുന്‍പ് മന്ത്രിയായിരുന്നു. താന്‍ കോണ്ഗ്രസ്കുടുംബാംഗമാണ്. അതിനാല്‍ പാര്‍ട്ടി വിടാന്‍ വലിയ മാനസിക പ്രയാസം ഉണ്ടായിരുന്നു, അദ്ദേഹം തുടര്‍ന്നു.
മൗലാന ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫുമായി സഖ്യം ഉണ്ടാക്കരുതെന്നും ഇത് ദോഷകരമാകുമെന്നും ഞാന്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞിരുന്നു. പക്ഷെ എന്റെ അഭിപ്രായം തള്ളി സഖ്യമുണ്ടാക്കി. പക്ഷേ ഞാന്‍ പറഞ്ഞത് ശരിയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായി. തേയിലത്തോട്ടം തൊഴിലാളികളോ ഗോത്ര വര്‍ഗക്കാരോ പിന്നാക്കക്കാരോ ആയ യുവ നേതാക്കളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ല. കുര്‍മി പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യേക സമിതി രൂപീകരിച്ചു
കുര്‍മിയുടെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. ഇതുണ്ടാക്കിയ പ്രത്യാഘാതം പഠിക്കാന്‍ ആസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ ഒരു സമതി രൂപീകരിച്ചു. കുര്‍മിയുടെ മണ്ഡലമായ മറിയാനി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: