കോതമംഗലം: വിവാദ ഉത്തരവിന്റെ മറവില്‍ നടന്ന മരംകൊള്ളയെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി കോതമംഗലം മേഖലയിലെ വീടുകളിലും വനംവകുപ്പിന്റെ പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ താലൂക്കിലെ തടിമില്ലുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പരിശോധന.
വിവാദ ഉത്തരവ് ഇറങ്ങിയതിനുശേഷം സ്വന്തം പുരയിടത്തിലെ മരങ്ങള്‍ റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷം വനപാലകരുടെ നിയമാനുസൃത പാസ് ഉപയോഗിച്ച് മുറിച്ച് മാറ്റിയ മരങ്ങളും കണ്ടെത്തുകയാണ് വനം വകുപ്പ് വീടുകളില്‍ നടത്തുന്ന പരിശോധനയിലൂടെ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ പട്ടയഭൂമിയില്‍ നിന്ന് മുറിച്ച് മാറ്റിയ വിലപിടിപ്പുള്ള മരങ്ങളെ കുറിച്ചാണ് അന്വേഷണം. ഉടമസ്ഥര്‍ ഇത്തരത്തിലുള്ള മരങ്ങള്‍ വില്‍പ്പന നടത്തിയപ്പോള്‍ അവ വാങ്ങിയവരെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് അവ കണ്ടെത്താനുള്ള ശ്രമവും വനപാലകര്‍ നടത്തുന്നുണ്ട്.
ഭൂ ഉടമകളുടെ കസ്റ്റഡിയില്‍ സ്വന്തം ആവശ്യത്തിനായി സൂക്ഷിച്ചിട്ടുള്ളതും വില്‍പ്പന നടത്തിയിട്ടുള്ളതുമായവ കണ്ടെത്തി മരം അളന്ന് തിട്ടപ്പെടുത്തുകയാണ് അന്വേഷണ സംഘം ആദ്യം ചെയ്യുന്നത്. പിന്നീട് അളന്ന് തിട്ടപ്പെടുത്തിയ മരങ്ങളും അറുത്ത് എടുത്ത മര ഉരുപ്പടികളും കൈവശവക്കാരന് സ്വന്തം ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കണമെന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ രൂപമാറ്റം വരുത്തുകയോ വില്‍പ്പന നടത്തുകയോ ചെയ്യാന്‍ പാടില്ലെന്നും വനപാലകര്‍ എഴുതി ഒപ്പിട്ടു വാങ്ങി. അതോടെ കൈവശക്കാരന് മരം സൂക്ഷിക്കേണ്ടതായും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യവുമാണ്.
കോതമംഗലം താലൂക്കിലെ നിരവധി വീടുകളിലും അതാത് മേഖലയിലെ റേഞ്ച് ഉദ്യോഗസ്ഥരും വിജിലന്‍സ് വിഭാഗവും പരിശോധന നടത്തി മരങ്ങളും മര ഉരുപ്പടികളും ഉപകരണങ്ങളും കണ്ടെത്തി ലിസ്റ്റ് എടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവാദ ഉത്തരവിന്റെ മറവില്‍ കോതമംഗലം മേഖലയിലും മരങ്ങള്‍ മുറിച്ച് കടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തടിമില്ലുകളിലും കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ വനപാലകര്‍ ഒരുങ്ങുകയാണ്. കോതമംഗലം താലൂക്കിലെ തട്ടേക്കാട്, നേര്യമംഗലം, കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചുകളുടെ പരിധിയില്‍നിന്നും മരങ്ങള്‍ മുറിച്ച് കടത്തിയതായാണ് വിവരം.
കോതമംഗലം താലൂക്കിലെ തടിമില്ലുകളില്‍നിന്നും ഇത്തരം മരങ്ങള്‍ ഉരുപ്പടികളാക്കി മറ്റ് പ്രദേശങ്ങളിലേക്ക് കടത്തിയതായും പരിശോധനയില്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനാല്‍ ഓരോ തടിമില്ലിലും നിലവില്‍ സൂക്ഷിച്ചിട്ടുള്ള മരങ്ങളുടെയും മരങ്ങള്‍ അറുത്ത് ഉരുപ്പടിയാക്കി കൊണ്ടുപോയിട്ടുള്ള വിവരങ്ങളെ കുറിച്ചും വനപാലക സംഘം കൂടുതല്‍ പരിശോധനകള്‍ അടുത്ത ദിവസങ്ങളിലും നടത്തും. കോതമംഗലം താലൂക്കില്‍ വരുന്ന ഏഴ് ഫോറസ്റ്റ് റേഞ്ചുകളില്‍ നാലിടത്ത് മരം മുറി നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മറ്റിടങ്ങളില്‍ മരം മുറിക്കുന്നതിനുള്ള നീക്കങ്ങളും നടന്നിട്ടുണ്ട്. സംഭവം വിവാദമായതോടെയാണ് മാഫിയാസംഘം ഇതില്‍നിന്ന് വലിഞ്ഞത്. ഈസാഹചര്യങ്ങളെല്ലാം വിലയിരുത്തിയാണ് കോതമംഗലം മേഖലയില്‍ കൂടുതല്‍ അന്വേഷണത്തിന് വനപാലകര്‍ തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: