ഇടുക്കി: 2018ലെ മഹാപ്രളയത്തിന് കാരണം തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് കാലവര്‍ഷ കാറ്റിനൊപ്പം കേരളത്തിലേക്ക് എത്തിയ അസാധാരണ ഈര്‍പ്പ പ്രവാഹമെന്ന് ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് മൂന്ന് വിദഗ്ധര്‍ നടത്തിയ ഗവേഷണ ഫലങ്ങള്‍ ഈ മാസം ആദ്യം ഡൈനാമിക്സ് ഓഫ് അറ്റ്മോസ്ഫിയേഴ്സ് ആന്റ് ഓഷ്യന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.
2018ല്‍ മൂന്ന് സജീവമായിട്ടുള്ള മണ്‍സൂണ്‍ മഴ (സക്രിയമായ മഴവേളകള്‍) സമയങ്ങള്‍ ഉണ്ടായിരുന്നു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായിരുന്നു അവ. ഇതില്‍ ആഗസ്റ്റിലുണ്ടായത് അസാധാരണമായിരുന്നു, ഈ സമയത്ത് കൂടുതല്‍ നീരാവി അറബിക്കടല്‍ കടന്ന് കേരളത്തിലേക്ക് എത്തിചേര്‍ന്നു. ഇത്തരത്തില്‍ കൂടുതല്‍ നീരാവി എത്തിയത് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നാണ്. ഈ കടലിന്റെ താപനിലയിലും മര്‍ദത്തിലുമുണ്ടാകുന്ന വ്യതിയാനം(സബ് ട്രോപ്പിക്കല്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍) നെഗറ്റീവ് ഫേസിലേക്ക് പോകുന്ന സമയങ്ങളില്‍ അവിടുന്ന് വടക്കേ ഇന്ത്യന്‍ സമുദ്രത്തിലേക്ക് വീശുന്ന കാറ്റിന് ശക്തി കൂടും. ഇതിന്റെ ഭാഗമായി അവിടെ നിന്ന് കൂടുതല്‍ നീരാവി കാറ്റിനൊപ്പം എത്തുകയായിരുന്നു. ഇതാണ് ആഗസ്റ്റിലെ മഴവേളകള്‍ കൂടുതല്‍ ശക്തമാകാന്‍ കാരണം.
മൂന്ന് സക്രിയമായ മഴവേളകളിലും ഇത് സജീവ അവസ്ഥയിലായിരുന്നെങ്കിലും ഈ സമയങ്ങളില്‍ കാലവര്‍ഷത്തിന്റെ മറ്റ് ഘടകങ്ങളെല്ലാം സമാനമായിരുന്നു. മേല്‍പറഞ്ഞ ഒരു ഘടകം മാത്രമാണ് ആഗസ്റ്റിലെ സക്രിയമായ മഴവേളയിൽ വ്യത്യസ്തമായിരുന്നത്. മഡഗാസ്‌കറിന് സമീപം അന്തരീക്ഷത്തിലും കടലിലുമായി നടക്കുന്ന ഒരു പ്രതിഭാസമാണ് സബ് ട്രോപ്പിക്കല്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ എന്നറിയപ്പെടുന്നത്. ഇതാണ് കാറ്റിനൊപ്പം വലിയ തോതില്‍ നീരാവി എത്തുന്നതിനും ഇത് തണുത്തുറഞ്ഞ് മഴയായി പെയ്തിറങ്ങുന്നതിനും സംസ്ഥാനത്ത് അതിതീവ്രമഴക്കും ഡാമുകള്‍ കൂട്ടത്തോടെ തുറക്കുന്നതിനും വെള്ളപ്പൊക്കത്തിനും കാരണമായത്.
കൊച്ചി കുസാറ്റിലെ സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സിലെ ആതിര യു.എന്‍, ആഡ്വാന്‍സ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫിയറിക് റഡാര്‍ റിസര്‍ച്ചിലെ ഡോ. എസ്. അഭിലാഷ്, ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഷ്യനോഗ്രഫിയിലെ ഫിസിക്കല്‍ ഓഷ്യനോഗ്രഫി വിഭാഗത്തിലെ ആര്‍.ഡി. രുചിത് എന്നിവരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പ്രളയത്തിന് ശേഷം ഇത് സംബന്ധിച്ചുള്ള ഗഹനമായ പഠനം ആരംഭിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് തങ്ങളുടെ കണ്ടെത്തലുകള്‍ ചേര്‍ത്ത് ഗവേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും മറ്റ് വിദഗ്ധര്‍ കൂടി പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് ഇത് പ്രസിദ്ധീകരിച്ചത്, ഇതാണ് ഗവേഷണ ഫലം പുറത്ത് വരാന്‍ വൈകുവാന്‍ കാരണം.
ഭാവിയിലും ഇത്തരത്തിലുള്ള അതി തീവ്രമഴക്ക് സാധ്യതകളുണ്ടെന്ന് ഡോ. എസ്. അഭിലാഷ് ജന്മഭൂമിയോട് പറഞ്ഞു. ഇതും നിരന്തരമായി പഠന വിഷമാക്കി വരികയാണ്. 10-15 ദിവസം മുമ്പ് വരെ ഇത്തരത്തിലുള്ള മഴയുടെ സൂചന നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലവര്‍ഷക്കാറ്റിനെ സജീവമാക്കുന്നതിനൊപ്പം മൂന്ന് സ്‌പെല്ലുകളിലും സൊമാലിയന്‍ ജെറ്റ് സ്ട്രീം എന്നറിയപ്പെടുന്ന 2 കിലോ വരെ ഉയരത്തിലുള്ള ശക്തമായ കാറ്റ്(എല്‍എല്‍ജെ), ബംഗാള്‍ കടലിലെ ന്യൂനമര്‍ദങ്ങള്‍, പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ചലിക്കുന്ന മേഘക്കൂട്ടങ്ങളുടെ വ്യൂഹമായ ആഗോളമഴപ്പാത്തിയുടെ (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍-എംജെഒ) ഫേസ്, പടിഞ്ഞാറന്‍ പസഫിക്കില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദങ്ങള്‍, ചുഴലിവാദങ്ങള്‍ (സിസ്റ്റംസ്) എന്നിവയെല്ലാം സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: