കൊല്‍ക്കൊത്ത: തൃണമൂല്‍ സര്‍ക്കാരും ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറും തമ്മിലുള്ള വടംവലി തുടരുന്നതിനിടയില്‍ ഗവര്‍ണര്‍ നാല് ദിവസത്തെ ദല്‍ഹി സന്ദര്‍ശനത്തിന് പോയത് ഭരണഘടനാ ലംഘനമാണെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര.
ബുധനാഴ്ച രാത്രി ദല്‍ഹിയില്‍ പോയ ഗവര്‍ണര്‍ കല്‍ക്കരി-ഖനി, പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണറുടെ ഈ നടപടിയില്‍ ശക്തമായി മഹുവാ മോയ്ത്ര പ്രതികരിച്ചതിങ്ങിനെ: ‘ഞങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്യാമോ? ഇനി തിരിച്ചുവരരുത്’ – ഇതായിരുന്നു മൊയ്ത്രയുടെ ട്വീറ്റ്. എന്നാല്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ധനകന് തൃണമൂലിനോട് നടത്തിയ അഭ്യര്‍ത്ഥന ഇതാണ്: ‘ദയവായി ബംഗാളിലെ അക്രമം നിര്‍ത്തുക’. സംസ്ഥാനതെരഞ്ഞെടുപ്പിന് ശേഷം അവിടെ തൃണമൂല്‍ നടത്തിയ അക്രമങ്ങളെ തുറന്നെതിര്‍ക്കുകയാണ് ഗവര്‍ണര്‍ ധന്‍കര്‍.
‘ബംഗാളില്‍ ജനാധിപത്യം മരിച്ചിരിക്കുന്നു’, ഗവര്‍ണര്‍ പറഞ്ഞു. കവി രവീന്ദ്രനാഥ് ടാഗൂറിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു: ‘മനസ് ഭയമുക്തവും തല ഉയര്ത്തിപ്പിക്കാവുന്നതും’ ആയ ഇടമായിരുന്നു ഒരിയ്ക്കല്‍ ബംഗാള്‍. എന്നാല്‍ ഇന്നത്തെ ബംഗാളില്‍ ആരുടെയും മനസ്സ് ഭയമുക്തമല്ല,’ ഗവര്‍ണര്‍ തുറന്നടിച്ചു.
ഇതോടെ ഗവര്‍ണര്‍ അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തുന്നവെന്ന് ആരോപിച്ച് തൃണമൂല്‍ തിരിച്ചടിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ ഭരണകൂടം ഭരണഘടനയെ മാനിക്കുന്നില്ലെന്നായിരുന്നു ബിജെപിയുടെ പരാതി. എന്തായാലും നാല് ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന ഗവര്‍ണറും തൃണമൂലും തമ്മില്‍ പുതിയ യുദ്ധമുഖം തുറക്കുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: