ജയ്പൂര്‍: രാജസ്ഥാനില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നില്‍ ‘ബാഹ്യഘടകങ്ങള്‍’ ആണെന്ന് കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി. രാജസ്ഥാനില്‍ ആഭ്യന്തരകലഹമുണ്ടെന്ന് ബിജെപി നേതാവും എംപിയുമായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ ചൂണ്ടിക്കാട്ടി. എല്ലാ നേതാക്കള്‍ക്കും മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരില്‍ പദവികള്‍ വാഗ്ദാനം ചെയ്തുവെന്ന് അശോക് ഗെലോട്ടിനെ കുറ്റപ്പെടുത്തി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ പറഞ്ഞു. നേതാക്കള്‍ പദവികള്‍ ആവശ്യപ്പെട്ടു തുടങ്ങിയപ്പോള്‍ പ്രശ്നങ്ങളുണ്ടാകാന്‍ തുടങ്ങി. ഇതുമൂലമാണ് ഗെലോട്ട് കൂടിക്കാഴ്ചകള്‍ നീട്ടിവച്ചതെന്നും റാത്തോര്‍ നിരീക്ഷിച്ചു.
സര്‍ക്കാരിന്റെ കാലവധി പകുതി പിന്നിട്ടിട്ടും ഇതുവരെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയിട്ടില്ല. കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം പരിഹരിക്കണം. അത് രാജസ്ഥാനിലെ ജനങ്ങള്‍ക്ക് നേട്ടമാകും. പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ദുര്‍ബലമാകുമ്പോള്‍, മറ്റ് നേതാക്കള്‍ നീക്കങ്ങളാരംഭിക്കുമെന്നും റാത്തോര്‍ അഭിപ്രായപ്പെട്ടു. യുവനേതാവായ സച്ചിന് പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കാലതാമസം നേരിട്ടതോടെയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
ഒഴിഞ്ഞുകിടക്കുന്ന ഒന്‍പത് ഒഴിവുകള്‍ക്കായി 25 എംഎല്‍എമാരാണ് കാത്തുനില്‍ക്കുന്നതെന്ന് മന്ത്രിസഭാ അഴിച്ചുപണിക്കുള്ള സാധ്യതകള്‍ക്കിടെ മുതിര്‍ന്ന എംഎല്‍എ ചൂണ്ടിക്കാട്ടുന്നു. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സച്ചിന് സമയം തേടിയിട്ടുണ്ട്. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള ഹൈക്കമാന്റ് വിഷയത്തില്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിന് നടപടിയെടുത്തിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍നിന്നുള്ള നേതാവ് ജിതിന് പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതോടെ സച്ചിന് പൈലറ്റും ഈ മാതൃക സ്വീകരിക്കുമെന്ന് അഭ്യൂങ്ങളുയര്ന്നു. ഇതോടെ ഏറെക്കാലമായി നീറിനിന്നിരുന്ന തര്‍ക്കങ്ങള്‍ മൂര്‍ച്ഛിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന നിലപാടാണ് സച്ചിന് പരസ്യമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: