1964, 1977 ഭൂമിപതിവ് ചട്ട പ്രകാരം ലഭിച്ച പാട്ട-പട്ടയ ഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിച്ചെടുക്കാമെന്ന 2020 ഒക്ടോബര്‍ 24 ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇറക്കിയ ഉത്തരവ് സദുദ്ദേശത്തോടെയാണെന്നാണ് അന്നത്തെ സിപിഐക്കാരനായ റവന്യു മന്ത്രിയും, മുഖ്യമന്ത്രി പിണറായിവിജയനും പറയുന്നത്. ഉത്തരവ് ദുര്‍വ്യഖ്യാനം ചെയ്താണ് കോടിക്കണക്കിന് രൂപയുടെ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചതെന്നാണ് സര്‍ക്കാറിന്റെ വാദം. പട്ടയ ഭൂമിയിലെ മരം മുറിച്ച് വനവാസികള്‍ക്ക് കൃഷി വ്യാപിപ്പിക്കാനും കൂടി ഉദ്ദേശമുണ്ടായിരുന്നുവെന്ന് കൂടി മുന്‍ റവന്യു മന്ത്രി കൂട്ടി ചേര്‍ക്കുന്നു. എന്നാല്‍ ഷെഡ്യൂള്‍ഡ് മരങ്ങളായ ചന്ദനം, തേക്ക്, ചന്ദന വയമ്പ്, ഈട്ടി, എബണി തുടങ്ങിയ മരങ്ങള്‍ 1964 ലെ ഭൂമി പതിവ് ചട്ട പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. പട്ടയക്കാര്‍ക്ക് മരങ്ങളുടെ വിലയടച്ചു പോലും സ്വന്തമാക്കാനാകില്ല. ഇത് നിയമമാണ്. ഈ നിയമം മറികടക്കണമെങ്കില്‍ നിയമ ഭേദഗതി ഉണ്ടാവണം. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ വെളിച്ചത്തില്‍ നിയമം മറികടക്കാനാകില്ല. അങ്ങിനെ വന്നാല്‍ നിയമസഭ നോക്കുകുത്തി പോലെയാകും. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ മുന്‍ റവന്യു മന്ത്രിയും, മുഖ്യമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കര്‍ഷകരെ സഹായിക്കാന്‍ അവര്‍ നാട്ടുവളര്‍ത്തിയതും കിളിര്‍ത്തു വന്നതുമായ പാട്ട – പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കുകയാണ് ലക്ഷ്യമെങ്കില്‍ വയനാട് കളക്ടര്‍ അദീല അബ്ദുള്ള 2020 ഡിസംബര്‍ 15 ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കു എഴുതിയ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കുമായിരുന്നു.
വയനാട് കളക്ടര്‍ ചോദിച്ചത്
1. പട്ടയ ഭൂമിയിലെ മരങ്ങളുടെ അവകാശം കര്‍ഷകനോ, സര്‍ക്കാരിനോ?
2. പട്ടയഭൂമിയില്‍ കര്‍ഷകന്‍ നാട്ടുവളര്‍ത്തിയ മരങ്ങളും കിളിര്‍ത്തു വന്നതുമായ മരങ്ങള്‍ എങ്ങിനെ തിരിച്ചറിയും?
3. വ്യക്തത ഇല്ലാത്ത റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്‍ പ്രകാരം വ്യാപകമായ രീതിയില്‍ മരം മുറി നടക്കില്ലേ?
ഈ കത്തിന് മറുപടി ഇത്വരെ ലഭിച്ചില്ലെന്നാണ് വിവരം. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ വെളിച്ചത്തില്‍ നൂറുകണക്കിന് വര്‍ഷംപഴക്കമുള്ള തേക്കും, ഈട്ടിയും എബോണിയുമാണ് മുറിച്ചു കടത്തിയിരിക്കുന്നത്. പാട്ട – പട്ടയ ഭൂമികളില്‍ റവന്യു ഉത്തരവിന്റെ മറവില്‍ ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും ഉണ്ട്. മുറിച്ചവയില്‍ കര്‍ഷകര്‍ നാട്ടുവളര്‍ത്തിയ മരങ്ങളല്ല ഭൂരിഭാഗവും എന്നത് മരം മുറിയുടെ പുറകിലെ ഗൂഡാലോചനയാണ് വെളിവാക്കുന്നത്. വയനാട്ടിലെ മുട്ടില്‍, വാര്യാട് എസ്റ്റേറ്റ്, കുപ്പംപടി എസ്റ്റേറ്റ്, എന്നിവക്ക് പുറമെ വയനാട് മെഡിക്കല്‍ കോളേജിന് നല്‍കിയ സ്ഥലത്തുനിന്നും ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്നും വ്യാപകമായ തോതില്‍ മരം മുറിയും തടി കടത്തും നടന്നിട്ടുണ്ട്. വയനാട്ടില്‍ നിന്ന് ഇത്രയേറെ അനധികൃത മരം മുറി ഉണ്ടായിട്ടും വയനാട് എം. പി. രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. മരം മുറിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ കഴിഞ്ഞ മന്ത്രിസഭയിലെ സിപിഐ ക്കാരായ റവന്യു മന്ത്രിക്കും വനം മന്ത്രിക്കും മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിക്കും, വനം – റവന്യു വകുപ്പ്കളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നേരിട്ടോ, ധാര്‍മികമായോ ഉള്ള പങ്കുണ്ട്. അബദ്ധം പറ്റി എന്ന് പറഞ്ഞു ഒഴിയാനാകില്ല. ഉന്നത ഉദ്യോഗസ്ഥരാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്, മരം മുറി തടഞ്ഞാല്‍ തടയാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ ഭീഷണിയുണ്ട്. ക്രൈം ബ്രാഞ്ച്, വനം വകുപ്പ്, വിജിലന്‍സ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ചേര്‍ത്ത് ചീഫ് സെക്രട്ടറി ഇറക്കിയ അന്വേഷണ സമിതി പോരാ ഈ കടുംവെട്ടും വെളുപ്പിക്കലും അന്വേഷിക്കുവാന്‍ അതിന് ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണം. അതല്ലെങ്കില്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാകണം. കേരള സര്‍ക്കാരിന്റെ രണ്ട് പ്രധാനപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിമാരും അറിഞ്ഞുള്ള മരം മുറിയാണ് നടന്നിരിക്കുന്നത്.
ഈ മരം മുറിയോടാനുബന്ധിച്ചു വളരെ പ്രസക്തമായ ചോദ്യങ്ങള്‍ ക്കാണ് ഉത്തരം കിട്ടാനുള്ളത്.
1. നിയമം നിലനില്‍ക്കുമ്പോള്‍ മരം മുറിക്കാനുള്ള ഉത്തരവ് എങ്ങിനെ ഇറക്കാനായി? 2. മുറിച്ച മരങ്ങള്‍ കണ്ടു കെട്ടാത്തത് എന്ത് കൊണ്ട്? 3. മരം മുറിക്കു അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു? സത്യത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍തന്നെ അന്വേഷണം നടക്കണം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളാന്‍ – അക്രമസക്തമായി സമരം നടത്തിയ സമരക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നു കൂടി പരിശോധിക്കണം. ആഗോള താപനത്തിന് മരമാണ് മറുപടിയെന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്ന കേരള വനം വകുപ്പിലാണ് ഇത്രയേറെ മരം മുറി നടന്നിരിക്കുന്നത് ഇത് നാണക്കേട് മാത്രമല്ല.
ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്നും അനധികൃതമായി മരം മുറിക്കാന്‍ ഒത്താശചെയ്തു കൊടുത്തിരിക്കുന്നു എന്നതും ഏറെ ഗൗരവമുള്ളതാണ്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ട് വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: