കണ്ണൂര്‍: ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ കേരള സിലബസ് മൂല്യനിര്‍ണയം അശാസ്ത്രീയമെന്ന ആക്ഷേപം ശക്തമാകുന്നു. 160 മാര്‍ക്കിനും 120 മാര്‍ക്കിനും പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ലഭിക്കുന്ന മാര്‍ക്കാകട്ടെ 80, 60 വീതമാണ്. ഇംഗ്ലീഷ്, സെക്കന്റ് ലാഗ്വേജ് എന്നിവയുടെ ചേദ്യപേപ്പറില്‍ 160 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് നല്‍കിയിരിക്കുന്നത്. പക്ഷെ ഈ വിഷയങ്ങളില്‍ 80 മാര്‍ക്കിന് മുകളില്‍ എത്രയും വിദ്യാര്‍ത്ഥി പരീക്ഷയെഴുതി നേടിയാലും കുട്ടിക്ക് ലഭിക്കുക 80 മാര്‍ക്ക് മാത്രമായിരിക്കും.
ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബയോളജി വിഷയങ്ങള്‍ക്ക് 120 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് നല്‍കിയിട്ടുള്ളത്. 60 മാര്‍ക്കിന് മുകളിലേക്ക് എത്രയെഴുതിയാലും വിദ്യാര്‍ത്ഥിക്ക് കിട്ടുന്ന പരമാവധി മാര്‍ക്ക് 60 ആണ്. വിദ്യാര്‍ത്ഥി എഴുതിയ മുഴുവന്‍ ചോദ്യങ്ങളും മൂല്യനിര്‍ണ്ണയനം നടത്തി മാത്രമേ പരമാവധി മാര്‍ക്കായ 80, 60 നല്കാന് പാടുള്ളുവെന്നതിനാല്‍ ജോലിഭാരമേറുന്നതായി അധ്യാപകര്‍ പറയുന്നു.
ചോദ്യപേപ്പറില്‍ തിരഞ്ഞെടുത്ത് ഉത്തരം എഴുതുവാനുള്ള അനുവാദം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാതിരുന്നതാണ് ഇത്തരത്തില്‍ അശാസ്ത്രീയ മൂല്യനിര്‍ണ്ണയനത്തിന് ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. ഈ വര്‍ഷം കൊറോണ മൂലം ഓണ്‍ ലൈന്‍ ക്ലാസ്സുകളാണ് നടന്നത്. ഇത് കാരണം കുട്ടുകള്‍ക്ക് പരീക്ഷ തയ്യാറെടുപ്പിന് വേണ്ടി എല്ലാ വിഷയത്തിന്റെയും ഓരോ അധ്യായത്തില്‍ നിന്നും 30 ശതമാനം വരെ പഠനഭാഗങ്ങള്‍ ഒഴിവാക്കിയാണ് ചോദ്യങ്ങളിട്ടിട്ടുള്ളത്. പഠനത്തെ നിസാരമായി പരിഗണിക്കുന്ന കുട്ടിക്കും ഗൗരവമായി പരിഗണിക്കുന്ന കുട്ടിക്കും സമാനമായ മാര്‍ക്ക് ലഭിക്കുന്ന അശാസ്ത്രീയത കൂടി ഇതില്‍ നിഴലിക്കുന്നുവെന്നതും ആ മൂല്യനിര്‍ണയനത്തിന്റെ ഒരു അപാകതയാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
ചോദ്യപേപ്പറില്‍ പരാമര്‍ശിച്ചിരിക്കുന്ന പരമാവധി മാര്‍ക്കിന് താഴെ ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ വ്യത്യാസങ്ങളൊന്നും തന്നെ വരുന്നുമില്ല. നിരവധി പേര്‍ക്ക് പരമാവധി മാര്‍ക്ക് ലഭിക്കുന്നതോടെ അവരുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തെ ഇത് സാരമായി ബാധിക്കുമെന്ന ആരോപണമുണ്ട്. എഞ്ചിനിയറിംഗ്, മെഡിക്കല്‍ പ്രവേശന നടപടികളെയാണ് ഇത് ഏറെ ബാധിക്കുകയെന്ന ആശങ്ക ഉയരുന്നു. സിബിഎസ്സി തലത്തില്‍ പരീക്ഷ നടക്കാത്തതിനാല്‍ തന്നെ കേരള സിലബസ്സിലെ ഈ മൂല്യനിര്‍ണയം ഡിഗ്രിതല പ്രവേശനത്തില്‍ ഏറെ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അധ്യാപകര്‍ തന്നെ പറയുന്നു.
സിബിഎസ്സി തലത്തില്‍ പ്ലസ്ടു പഠനം നടത്തിയ നിരവധി പേര്‍ക്ക് ഇത്തവണ ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാതെ വരുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും. ഒരേ മാര്‍ക്കില്‍ നിരവധി പേര് ഉന്നത പഠനത്തിന് അര്‍ഹത നേടുന്നതോടെ മെഡിക്കല്‍, എഞ്ചിനിയറിംഗ് തുടങ്ങിയവയുടെ പ്രവേശന റാങ്ക് നിര്‍ണയനത്തെ ഇത് ബാധിക്കാനിടയുണ്ടെന്ന് ആക്ഷേപമുണ്ട്. കേരള സിലബസില്‍ പരമാവധി മാര്‍ക്ക് പരിധി താഴ്ത്തി നിശ്ചയിച്ചതും അതിന് മുകളിലേക്ക് ലഭിക്കുന്ന കുട്ടികളുടെ മാര്‍ക്ക് പരമാവധിയിലേക്ക് താഴ്ത്തുന്നതും കുട്ടികളുടെ ഭാവിയെ സര്‍ക്കാര്‍ പന്താടുന്നതിന് തുല്യമാണെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: