പി. മോഹനന് പിള്ള
ചാരുംമൂട്: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ നിന്ന് തന്റെ ആശയങ്ങളെ സോഷ്യലിസത്തിലേക്കും തുടര്‍ന്ന് കമ്മ്യൂണിസത്തിലേക്കും പറിച്ചുനട്ട നാടകാചാര്യന് തോപ്പില്‍ ഭാസിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യം ഇടതു സര്‍ക്കാരും കണ്ടില്ലെന്ന് നടിക്കുന്നതില്‍ പ്രതിഷേധം. ഭൂവുടമകള്‍ക്കെതിരെ കര്‍ഷക തൊഴിലാളികളെ അണിനിരത്തി സംഘടിപ്പിച്ച വിപ്ലവ സമരത്തിലൂടെ ശൂരനാട് കലാപത്തിന്റെ നായകസ്ഥാനത്തേക്കുയര്ത്തപ്പെട്ട വിപ്ലവകാരിയായിരുന്നു തോപ്പില്‍ ഭാസി.
കലാപത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ ഇദ്ദേഹം തന്റെ ഒളിവു ജീവിതത്തിനിടയില്‍ രചിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകമാണ് കേരളത്തില്‍ ആദ്യമായി ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റു മന്ത്രിസഭ അധികാരത്തില്‍ വരാന്‍ ഇടയായത്. നാടകത്തില്‍ അവതരിപ്പിച്ച ആശയമാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ തൊഴിലാളികളുടെ പാര്‍ട്ടിയാക്കി വളര്‍ത്തിയത്. എന്നിട്ടും ഇതിനു കാരണഭൂതനായ വ്യക്തിയെ ഇന്നത്തെ കമ്മ്യൂണിസ്റ്റു നേതൃത്വം അവഗണിക്കുന്ന അവസ്ഥ സങ്കടകരമാണെന്നാണ് വള്ളികുന്നത്തുകാരുടെ പരാതി.
1957ല്‍ ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തോപ്പില്‍ ഭാസി പത്തനംതിട്ടയില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. അതിനു മുമ്പ് തിരു- കൊച്ചി സഭയിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. വള്ളികുന്നം ഗ്രാമത്തിന്റെ പ്രഥമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മൂന്നു ദശാബ്ദത്തിനിടയില്‍ പലവട്ടം കേരളത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ തോപ്പില്‍ ഭാസിയെ മറന്നു.
നാടക- സിനിമ- രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ സംഭാവനകള്‍ ചെയ്തിട്ടുള്ള അതുല്യ പ്രതിഭയായ ഭാസിക്ക് കാലം ഇത്രയായിട്ടും കേരളത്തിലെങ്ങും ഉചിതമായ സ്മാരകമുണ്ടായില്ല. അദ്ദേഹത്തോടൊപ്പം വിവിധ രംഗങ്ങളില്‍ തോളുരുമ്മിനിന്ന് പ്രവര്‍ത്തിച്ച ഇഎംഎസ്, അച്യുതമേനോന്, ടി.വി. തോമസ്, വയലാര്‍ രാമവര്‍മ്മ, ഒഎന്‍വി, ജി. ദേവരാജന്‍ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം യഥാകാലങ്ങളില്‍ ഇവിടെ സ്മാരകങ്ങളുണ്ടായി. നാടക-സിനിമ സംബന്ധമായ ഗവേഷണ- പരിശീലന കേന്ദ്രം കേരളത്തിലെവിടെയായാലും ഭാസിയുടെ നാമധേയത്തില്‍ സ്ഥാപിക്കപ്പെടണമെന്നാണ് പൊതു അഭിപ്രായം.
അത് വള്ളികുന്നത്ത് ഭാസിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന തോപ്പില്‍ ഭവനം സാംസ്കാരിക വകുപ്പ് ഏറ്റെടുക്കുന്നതിലൂടെയായാല് ഏറെ പ്രസക്തമാകുമെന്നും അല്ലെങ്കില്‍ നൂറനാട് ലെപ്രസി സാനിട്ടോറിയത്തില്‍ കെ. കൃഷ്ണപിള്ളയുടെ സ്മാരകം പണിയുന്നതിനു പകരം തോപ്പില്‍ ഭാസിക്ക് ഉചിതമായ അംഗീകാരം നല്കി സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: