എന്‍.കെ. നവനീത്
വടകര: കൗണ്‍സിലറുടെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ തീവണ്ടി അപകടം. വടകര നഗരസഭാ 35-ാം വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ പി.കെ. സിന്ധുവിന്റെ ഇടപെടലാണ് വന്‍ തീവണ്ടി അപകടം ഒഴിവാക്കിയത്.
ഞായറാഴ്ച രാത്രി 8.30 ഓടെ ഇവരുടെ വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിലേക്ക് തെങ്ങ് മുറിഞ്ഞു വീഴുകയായിരുന്നു. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ് തൊട്ടടുത്ത വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സമയം അറിയാവുന്ന കൗണ്‍സിലര്‍ ഉടനെ തന്നെ വിവരം വടകര പോലീസില്‍ അറിയിച്ചു.
വടകര റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വടകര പോലീസ് വിഷയം റെയില്‍വേ പോലീസിന് കൈമാറി. റെയില്‍വേ പോലീസും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ട്രെയിന്‍ നിര്‍ത്താനുള്ള നടപടികള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സ്വീകരിക്കുകയായിരുന്നു. ട്രാക്കിനു കുറുകെ തെങ്ങ് വീണു കിടന്ന സ്ഥലത്തു ലോക്കോ പൈലറ്റിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ കൗണ്‍സിലര്‍ വലിയ തീപ്പന്തമുണ്ടാക്കി കത്തിച്ചു പിടിച്ചു നിന്നു. നാട്ടുകാര്‍ ചുവന്ന തുണികള്‍ ഉപയോഗിച്ച് അപായസൂചനകളും നല്കി.
നാട്ടുകാരായ ബിജു, രാജീവന്, അജേന്ദ്രന്‍, പ്രമോദ്, പ്രശാന്ത്, ഷൈജു, ദിനേശ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. പാളത്തിനു കുറുകെ കിടക്കുന്ന മരത്തിനു തൊട്ടടുത്തെത്തിയാണ് ട്രെയിന്‍ നിന്നത്. സംഭവ സ്ഥലത്തു 20 മിനിറ്റിലേറെ ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു. കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി. പിന്നാലെ റെയില്‍വേയും, വടകര ജനമൈത്രി പോലീസും സിന്ധുവിന് അഭിനന്ദനവുമായി എത്തി.
കൗണ്‍സിലറുടെ ഇടപെടല്‍ ശ്രദ്ധയില്‍പെട്ട മിസോറാം ഗവര്‍ണ്ണര്‍ പി. ശ്രീധരന്‍പിള്ള, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, സംസ്ഥാന സമിതി അംഗം രാജേഷ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണ, വടകര നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു, നഗരസഭാ അംഗങ്ങള്‍ തുടങ്ങി നാടിന്റെ നാനാഭാഗത്തു നിന്നും സിന്ധുവിനെ തേടി അഭിനന്ദന പ്രവാഹമെത്തി. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.കെ. സജീവന് ബിജെപി നേതാക്കളോടൊപ്പം വീട്ടിലെത്തി സിന്ധുവിനെ അഭിനന്ദിച്ചു. സംഭവത്തില്‍ തന്നോടൊപ്പമുണ്ടായ പ്രദേശവാസികള്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണ് ബിജെപി കൗണ്‍സിലര്‍ സിന്ധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: