തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് പുറപ്പെടുവിച്ചത് മുഖ്യമന്ത്രിയുടെയും സിപിഎം, സിപിഐ നേതൃത്വത്തിന്റെയും നിര്‍ദ്ദേശപ്രകാരം തന്നെ. മുഖ്യമന്ത്രിയുടെ ആവശ്യമനുസരിച്ച് പലതവണ റവന്യു-വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആദ്യ സര്‍ക്കുലറിലെ അപാകത തെരഞ്ഞെടുപ്പിനു മുമ്പ് നീക്കി പുതിയ ഉത്തരവിറക്കണമെന്ന സിപിഎം- സിപിഐ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് ഉത്തരവിറക്കുകയായിരുന്നു.
2017 മാര്‍ച്ച് 27ന് ഇടുക്കിയിലെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പട്ടയഭൂമിയില്‍ കൃഷിക്കാര്‍ നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്നത് പരിഗണിച്ചു. മരംമുറിക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശവും നല്കി. വനം മന്ത്രി കെ. രാജുവും റവന്യു മന്ത്രി ചന്ദ്രശേഖരനും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 2019 ജൂലൈ 18, സെപ്തംബര്‍ മൂന്ന്, ഡിസംബര്‍ അഞ്ച് തീയതികളില്‍ ചേര്‍ന്നു. മൂന്നു യോഗങ്ങളിലും മരംമുറിക്കനുകൂലമായ നിലപാടുയര്‍ന്നു.
റവന്യു വകുപ്പ് വിശദീകരണ ഉത്തരവ് (‘സ്റ്റാറ്റിയൂട്ടറി റൂള്‍സ് ആന്‍ഡ് ഓര്‍ഡര്‍’) പുറപ്പെടുവിക്കണമെന്ന് വനംവകുപ്പ് ആദ്യ രണ്ടു യോഗങ്ങളിലും നിര്‍ദേശിച്ചു. എന്നാല്‍ വനംവകുപ്പ് പറയുന്നതു പോലെ വിശദീകരണ ഉത്തരവിലൂടെ പ്രശ്നം തീരില്ലെന്നും 1960ലെ ആക്ടില്‍ ഇത് ഉള്‍പ്പെടുത്തണമെങ്കില്‍ നിയമവകുപ്പിന്റെ അംഗീകാരം വേണമെന്നും 2019 ഡിസംബര്‍ അഞ്ചിലെ യോഗത്തില്‍ റവന്യു മന്ത്രി പറഞ്ഞു. റവന്യു മന്ത്രിയുടെ നിര്‍ദേശമുണ്ടായിട്ടും 2020 മാര്‍ച്ച് 11ന് അന്നത്തെ റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ.വി. വേണു മരംമുറി അനുവദിച്ച് സര്‍ക്കുലര്‍ ഇറക്കി.
ഈ ഉത്തരവിനെതിരെ കളക്ടര്‍മാര്‍ രംഗത്തെത്തി, ഹൈക്കോടതി പരാമര്‍ശമുണ്ടായി. ഇതോടെയാണ് 2020 ഒക്ടോബര്‍ 24ന് റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ.എ. ജയതിലകിന്റെ വിവാദ ഉത്തരവ്. നിയമവകുപ്പിന്റെ അംഗീകാരമില്ലാതെ ഉത്തരവുകളിലൂടെ പ്രശ്നപരിഹാരമുണ്ടാകില്ലെന്നു റവന്യൂമന്ത്രി ചൂണ്ടിക്കാട്ടിയിട്ടും നിയമവകുപ്പിന്റെ പരിശോധനയില്ലാതെ ഉത്തരവിറങ്ങി.
ചട്ടം ഭേദഗതി ചെയ്യുകയോ നിയമവകുപ്പിന്റെ അനുമതിയോടെ ഉത്തരവിറക്കുകയോ ചെയ്യാത്തതിന് പിന്നില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് ലഭിക്കുന്ന ‘ഗുണഫല’ങ്ങളായിരുന്നു. തെര. പ്രഖ്യാപനത്തിന് മുമ്പ് നടന്ന സിപിഎം-സിപിഐ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നു. വേണുവിന്റെ ഉത്തരവിലെ നിയമക്കുരുക്ക് മാറ്റാന്‍ ധാരണയായ ഉഭയകക്ഷി ചര്‍ച്ചയില്‍ മന്ത്രി എം.എം. മണിയടക്കമുള്ളവര്‍ കര്‍ഷകര്‍ക്ക് മരംമുറിക്ക് അനുവാദം നല്കിയാല് ഇടുക്കിയില്‍ പാര്‍ട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി.
റവന്യു ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കരുതെന്ന് വനംമന്ത്രിയും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം ഒരു ഉത്തരവ് നടപ്പാക്കിയാലുള്ള രാഷ്ട്രീയലാഭവും മുന്നണിയിലെ ചില നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് വേളയില്‍ ലഭിക്കുന്ന ‘സാമ്പത്തികലാഭവും’ ഉത്തരവിറക്കുന്നതിന് വേഗം കൂട്ടുകയായിരുന്നു. അതിനാലാണ് തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് ഉത്തരവിറക്കിയത്.
ഓരോ നീക്കവും സര്‍ക്കാര്‍ അറിഞ്ഞ്
തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട ഓരോ നീക്കത്തിലും സര്‍ക്കാരിന് വ്യക്തമായ പങ്കുണ്ടെന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മാത്രം പിഴവല്ല ഉത്തരവ് എന്ന് തെളിയുകയാണ്.
എന്തിനും ഏതിനും, പ്രത്യേകിച്ച് പരിസ്ഥിതി വിഷയങ്ങളില്‍, പ്രതികരിക്കുന്ന സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് അടക്കമുള്ള സിപിഐ നേതാക്കള്‍ മൗനം പാലിക്കുകയാണ്. സിപിഐ നിര്‍ദേശമനുസരിച്ച് തന്നെയാണ് ഉത്തരവിറങ്ങിയത് എന്നതിനാലാണിത്. സര്‍ക്കാര്‍ മറുപടി പറയുമെന്ന് പറഞ്ഞ് കാനം ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോള്‍ മന്ത്രിസഭയിലുള്ള ചിലര്‍ എംഎല്‍എമാരായിരിക്കെ വിവാദ ഉത്തരവ് നടപ്പാക്കാന്‍ വനംവകുപ്പിലും മുന്‍ സര്‍ക്കാരിലും ചെലുത്തിയ സ്വാധീനവും മുന്നണികളെ വെട്ടിലാക്കി.
മരംമുറി ഉത്തരവ് കൃഷിക്കാരെ സഹായിക്കാനായിരുന്നുവെന്നും രണ്ടാമത് ഇറക്കിയ വിശദീകരണ ഉത്തരവിലെ ചില പോരായ്മകള്‍ തെറ്റായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ചിലര്‍ ഉത്തരവ് ഉപയോഗപ്പെടുത്തി മരം വല്ലാതെ മുറിച്ചിട്ടുണ്ടെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: