പാലക്കാട് : നെന്മാറയില് ഒറ്റമുറിയില്‍ പത്തു വര്‍ഷത്തോളം ഒളിവില്‍ താമസിച്ചെന്ന് റഹ്മാന്റേയും സജിതയുടേയും മൊഴി ശരിയെന്ന് പോലീസ്. ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ നിന്നും പോലീസ് ശേഖരിച്ച തെളിവുകള്‍ ഇരുവരും നല്കിയ മൊഴി ശരിവെയ്ക്കുന്നതാണ് ഇതില്‍ ദുരൂഹതയില്ലെന്നും നെന്മാറ സിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സജിത ഒളിച്ചു താമസിച്ച വീട്ടില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ പലതും യാഥാര്‍ത്ഥ്യമാണ്. സാഹചര്യത്തെളിവുകളും മൊഴികളും പുനഃപരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായി. കേസില്‍ ദുരൂഹതയില്ലെന്നും വനിത കമ്മിഷനായി നെന്മാറ സിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കമ്മിഷന് കൈമാറി. ഇതുമായി ബന്ധപ്പെട്ട് വനിതാ കമ്മിഷന് ഇന്ന് തെളിവെടുപ്പ് നടത്തും. വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
കമ്മിഷന് ആദ്യം സജിതയെയും റഹ്മാനെയും വിത്തനശ്ശേരിയിലെത്തി കണ്ട ശേഷം അയിലൂരിലെത്തി മാതാപിതാക്കളെയും കാണും. റഹ്മാന്റേയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയമായ കാര്യങ്ങളില്ലെന്ന് പോലീസ് ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തിലെ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മിഷന് പോലീസിനോട് റിപ്പോര്‍ട്ട് തേടിയത്.
അതേസമയം തങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. പോലീസ് റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ട്. എക്കാലവും ഒരുമിച്ചുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. റഹ്മാനെതിരെ കേസെടുക്കരുതെന്നും സജിതപ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: