ന്യൂദല്‍ഹി: അന്തരിച്ച രാം വിലാസ് പസ്വാന് രൂപീകരിച്ച ലോക് ജനശക്തി പാര്‍ട്ടിയില്‍ (എല്‍ജെപി) അദ്ദേഹത്തിന്റെ മകന് ചിരാഗ് പസ്വാനെതിരെ കലാപം. രാം വിലാസ് പസ്വാന്റെ ഇളയ സഹോദരന് പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലാണ് എല്‍ജെപി അംഗങ്ങള്‍ കൂട്ടമായി ചിരാഗ് പസ്വാനെ തള്ളിയത്.
ചിരാഗ് പസ്വാന് ഉള്‍പ്പെടെ ആറ് എംപിമാരില്‍ അഞ്ച് പേരും പരസിനോട് കൂറ് പ്രഖ്യാപിച്ചു. ഇതോടെ എന്‍ഡിഎയോട് അല്പം ഇടഞ്ഞു നില്ക്കുന്ന ചിരാഗ് പസ്വാന് കൂടുതല്‍ ദുര്‍ബലനായി. പരസിന്റെ കൂടെയുള്ള വിമത സംഘം കേന്ദ്ര സര്‍ക്കാരിനോട് കൂറ് പ്രഖ്യാപിച്ചു. ബീഹാറില്‍ നിതീഷ് കുമാറിന്റെ കൈകള്‍ക്ക് കരുത്ത് പകരുമെന്നും പരസ് പറഞ്ഞു.
കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ്കുമാറിനും ബിജെപിയ്ക്കും ഒപ്പം നില്‍ക്കാതെ ചിരാഗ് പസ്വാന് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ഇത് നിതീഷ്കുമാറിന്റെ ജെഡിയുവിന് ക്ഷീണമായി. പല മണ്ഡലങ്ങളിലും ജെഡിയു സ്ഥാനാര്‍ത്ഥികള്‍ തോറ്റു. ചിരാഗ് പസ്വാന്റെ എല്‍ജെഡിയ്ക്കും ഇതുകൊണ്ട് നേട്ടമൊന്നുമുണ്ടായില്ല. ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഈ ഏക എംഎല്‍എയാകട്ടെ പിന്നീട് നിതീഷ്കുമാറിന് പിന്തുണ പ്രഖ്യാപിയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ദില്ലിയില്‍ എല്‍ജെപിയില്‍ ഉണ്ടായ കലാപത്തിന് പിന്നില്‍ നിതീഷ്കുമാറാണെന്നും പറയുന്നു. തന്നെയും തന്റെ പാര്‍ട്ടിയെയും ക്ഷീണിപ്പിക്കാന്‍ ചിരാഗ് പസ്വാന് ഇക്കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നടത്തിയ നീക്കത്തിനുള്ള നിതീഷിന്റെ പ്രതികാരണമാണ് അമ്മാവന് പരസിലൂടെ നടപ്പാക്കിയതെന്നും പറയപ്പെടുന്നു.
‘ആറ് എംപിമാര്‍ പാര്‍ട്ടിയിലുണ്ട്. ഇതില്‍ അഞ്ച് പേര്‍ക്കും പാര്‍ട്ടിയെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ പാര്‍ട്ടിയെ പിളര്‍ത്തിയില്ല. പകരം രക്ഷിച്ചു. ചിരാഗ് പസ്വാന് എന്റെ മരുമകനാണ്. എനിക്ക് അവനോട് ഒരു എതിര്‍പ്പുമില്ല. ഞാന്‍ എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ നല്‍കും. നിതീഷ്കുമാര്‍ ഒരു നല്ല നേതാവാണ്. വികാസ് പുരുഷനാണ്,’ വിമത നേതാവ് പരസ് പറഞ്ഞു.
ചിരാഗ് പസ്വാനെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പരസിന്റെ നേതൃത്വത്തിലുള്ള വിമതസംഘം സ്പീക്കര്‍ ഓം ബിര്‍ളയെ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: