ഇസ്ലാമബാദ്: കുല്ഭൂഷണ് ജാദവ് കേസില്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തില്‍ അടിയറവ് തുറന്ന് പറഞ്ഞ് പാകിസ്ഥാന് വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി.
പാകിസ്ഥാന്റെ തടവില്‍ കഴിയുന്ന ഇന്ത്യയുടെ മുന്‍ നാവികോദ്യോഗസ്ഥനായ കുല്ഭൂഷണ് ജാദവിന് പാകിസ്ഥാന് സൈനികകോടതി വിധിക്കെതിരെ ഏതെങ്കിലും പാക് കോടതിയില്‍ സ്വമേധയാ പോകാനോ, കോണ്‍സുലേറ്റ് വഴി പോകാനോ അനുമതി നല്കുന്ന ബില്ല് പാസാക്കുന്നതിനെതിരെ പാക് അസംബ്ലിയില്‍ പ്രതിപക്ഷം ഇമ്രാന്ഖാന് സര്‍ക്കാരിനെതിരെ ശക്തമായി പ്രതിഷേധിച്ചപ്പോഴാണ് ഖുറേഷിയുടെ ഈ കുറ്റസമ്മതം.
സഭാ നടപടികള്‍ നിര്‍ത്തിവെക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനായിരുന്നു പിന്നീട് പാക് വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി നടത്തിയ ശ്രമം. ചാരപ്രവര്‍ത്തനം ആരോപിച്ചാണ് പാകിസ്ഥാന് ഇന്ത്യയുടെ കുല്ഭൂഷണ് യാദവിനെ തടവിലിട്ടത്.
കുല്ഭൂഷണ് കേസില്‍ ഇന്ത്യ വീണ്ടും അന്താരാഷ്ട്ര കോടതിയിലേക്ക് (ഐസിജെ) പാകിസ്ഥാനെ വലിച്ചിഴക്കാന്‍ ശ്രമിക്കുകയാണെന്നും അങ്ങിനെ വന്നാല്‍ ഇന്ത്യ കേസില്‍ വിജയിച്ചേക്കാമെന്നും ഖുറേഷി തിങ്കളാഴ്ച പ്രതിപക്ഷത്തിനോട് അഭ്യര്‍ത്ഥിച്ചു.
‘ഇന്ത്യ കുല്ഭൂഷണ് ജാദവ് കേസ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അന്താരാഷ്ട്ര കോടതിയുടെ തീരുമാനമനുസരിച്ചാണ് നമ്മള് നടപടിയെടുക്കുന്നത്. ഇന്ത്യക്ക് എന്താണാവശ്യം? കുല്ഭൂഷണ് യാദവിന് കോണ്‍സുലാറുമായി ബന്ധപ്പെടുന്നത് പാകിസ്ഥാന് നിഷേധിക്കാനാണ് ഇന്ത്യ കാത്തിരിക്കുന്നത്. അങ്ങിനെയെങ്കില്‍ ഇന്ത്യയ്ക്ക് വീണ്ടും അന്താരാഷ്ട്ര കോടതിയെ സമീപിക്കാം. അതാണ് ഇന്ത്യയുടെ ആഗ്രഹം. ഇന്ത്യയുടെ ഗൂഢലക്ഷ്യം തിരിച്ചറി്ഞ്ഞ് പ്രതിപക്ഷം പെരുമാറണം,’ ഖുറേഷി പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ മോദിയുടെ സുഹൃത്തായ ഇമ്രാന്ഖാന് വഞ്ചകനാണ് എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സ്പീക്കറുടെ ബെഞ്ചിലേക്ക് തള്ളിക്കയറി. ഈ ബില്ലിനെ എതിര്‍ക്കുക വഴി പാക് പ്രതിപക്ഷം ഇന്ത്യന്‍ സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കുകയാണെന്നും ഖുറേഷി കുറ്റപ്പെടുത്തി. പാകിസ്ഥാന് ഉപരിസഭ പാസാക്കിയാല്‍ മാത്രമേ ഈ ബില്‍ നിയമമാകൂ. എന്നാല്‍ ഇവിടെ പ്രതിപക്ഷത്തിനാണ് മേല്‍ക്കൈ. ബില്‍ പാസായില്ലെങ്കില്‍ കുല്ഭൂഷണ് യാദവിന് പാക് സൈനിക കോടതി വിധിക്കെതിരെ കോടതിയെ സമീപിക്കാനാവില്ല. അങ്ങിനെ വന്നാല്‍ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന നീക്കത്തില്‍ പാകിസ്ഥാന് കൂടുതല്‍ തിരിച്ചടി കിട്ടാന്‍ സാധ്യതയുണ്ട്.
കുടുക്കിലായ ഇമ്രാന് സര്‍ക്കാരിനെ രക്ഷിക്കാന്‍ നിയമമന്ത്രി ഫറോഗ് നസീമും രംഗത്തെത്തി. ഈ ബില്‍ പാസാക്കിയില്ലെങ്കില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കുമെന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ സമീപിക്കുമെന്നും അദ്ദേഹം അപേക്ഷിച്ചുനോക്കിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്ഭൂഷണ് യാദവിനെ ചാരപ്രവര്‍ത്തനം ആരോപിച്ചാണ് 2016 മാര്‍ച്ചില്‍ പാകിസ്ഥാന് തടവിലാക്കിയത്. ഒരു വര്‍ഷം കഴിഞ്ഞ് പാകിസ്ഥാന് സൈനിക കോടതി ഇദ്ദേഹത്തിനെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ 2017 ഏപ്രിലില്‍ ഇന്ത്യ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര കോടതിയില്‍ പരാതി നല്കി. അവിടെ കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തു. ജാദവിനെ ബലൂചിസ്ഥാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പാകിസ്ഥാന് അവകാശപ്പെട്ടെങ്കിലും ഇറാനില്‍ നിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് ഇന്ത്യ തിരിച്ചടിച്ചു. അതുപോലെ ജാദവിന് ഇന്ത്യ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ പാകിസ്ഥാന് സമ്മതിക്കാത്തത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ഇന്ത്യ ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: