കൊല്‍ക്കത്ത: കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകില്ലെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന് അഭിജിത് മുഖര്‍ജി വ്യക്തമാക്കിയെങ്കിലും അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തത് അഭ്യൂഹങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തി. ‘ഇതേക്കുറിച്ച് ഞാന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ല’ എന്ന് അദ്ദേഹം വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടിവിടുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ചായിരുന്നു ട്വിറ്ററിലെ ഈ കുറിപ്പ്. ഇപ്പോള്‍ ട്വീറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണ്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കെന്ന റിപ്പോര്‍ട്ട് പൂര്‍ണമായും അദ്ദേഹം നിഷേധിച്ചിട്ടില്ലെന്നത് ശ്രദ്ധേയം.
അതേദിവസം വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യയോട് മുന്‍ എംപി കൂടിയായ അഭിജിത് മുഖര്‍ജി പ്രതികരിച്ചത് ഇങ്ങനെ.’ ഞാന്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. തൃണമൂലിലേക്കോ, മറ്റ് ഏതെങ്കിലും പാര്‍ട്ടിയിലേക്കോ ഞാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ ശരിയല്ല’. അതേസമയം കഴിഞ്ഞയാഴ്ച അഭിജിത് മുഖര്‍ജി തൃണമൂല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ചില വൃത്തങ്ങള്‍ പറയുന്നു. ജന്‍ഗിപൂര്‍ നിയമസഭാ സീറ്റ് തൃണമൂല്‍ മുഖര്‍ജിക്ക് വാഗ്ദാനം ചെയ്തുവെന്ന് അഭ്യൂഹങ്ങളുണ്ട്.
പ്രണബ് മുഖര്‍ജി രണ്ടുവട്ടം ജന്‍ഗിപൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് എംപിയായി വിജയിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന നിമയസഭാ സീറ്റുകളില്‍ ജന്‍ഗിപൂര്‍ ഉള്‍പ്പെടും. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതിന് ശേഷം 2012-ല്‍ ജന്‍ഗിപൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും പിന്നാലെ വന്ന പൊതുതെരഞ്ഞെടുപ്പിലും അഭിജിത് മുഖര്‍ജി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019-ല്‍ തൃണമൂലിലെ ഖലിലൂര്‍ റഹ്മാനോട് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: