കൊല്ലം: പേരയം പട്ടികജാതി കോളനിയില്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്നത് 25ഓളം കുടുംബങ്ങള്‍. കോളനിയുടെ ഭൂരിഭാഗം സ്ഥലവും തട്ട് തട്ടായാണ് കിടക്കുന്നത്. ഇവിടെ മഴക്കാലത്ത് മണ്ണിടിച്ചില്‍ രൂക്ഷമാണ്. കോളനി വികസനത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുന്നെങ്കിലും പൂര്‍ണമായി നടപ്പാക്കിയ പദ്ധതികള്‍ ഒന്നും തന്നെയില്ല എന്നതാണ് വാസ്തവം.
പേരയം ഗ്രാമപഞ്ചായത്തിലെ ഏക പട്ടികജാതി കോളനിയാണ് ഇടമല കോളനി. തട്ട് തട്ടായുള്ളതാണ് ഇവിടുത്തെ ഭൂമിയുടെ ഘടന. സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനായി പേരയം പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ പ്രദേശത്തെ ഒഴിവാക്കി മറ്റൊരു സ്ഥലത്ത് പദ്ധതി നടപ്പാക്കുന്നതിനായി പഞ്ചായത്ത് അധികൃതര്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ സ്പില്‍ ഓവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്.
സംരക്ഷണ പദ്ധതി, കോണ്‍ക്രീറ്റ് നടപ്പാത നവീകരണവും ഭിത്തിയുമാണ് കെട്ടുന്നത്. എന്നാല്‍ റോഡ് വശങ്ങളില് സുരക്ഷിതമായി കഴിയുന്നവര്‍ക്കാണ് ഇത് പ്രയോജനപ്പെടുക. കോളനിയുടെ കിഴക്ക് ഭാഗവും മധ്യഭാഗത്തും മണ്ണിടിച്ചില്‍ രൂക്ഷമാണ്.
കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലില്‍ അത്ഭുതകരമായാണ് വീടിനുള്ളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനി രക്ഷപെട്ടത്. തട്ടായി കിടക്കുന്ന വസ്തു സംരക്ഷിക്കുന്നതിനായി കോളനി വാസികള്‍ ഇപ്പോള്‍ ചാക്കില്‍ മണ്ണ് നിറച്ച് അടുക്കുകയാണ്. ആറ് കുടുംബങ്ങള്‍ തികച്ചും ഭയപ്പാടോടെയാണ് ഇവിടെ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: