ബത്തേരി: കാരാപ്പുഴ റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞത് ഇതുവഴി യാത്രചെയ്യുന്ന വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരു പോലെ ഭീഷണിയാകുന്നു. കുറ്റിക്കൈത മുതല്‍ അടിവാരം വരെയുള്ള ഭാഗത്ത് മുന്നിടങ്ങളിലാണ് കരിങ്കല്ലുകൊണ്ട് കെട്ടിയ പാര്‍ശ്വഭിത്തി ഇടിഞ്ഞ് താണിരിക്കുന്നത്. ഇതുവഴി ചെറുതും വലുതമായി നിരവധി വാഹനങ്ങളാണ് ദിനംപ്രതി യാത്രചെയ്യുന്നത്.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാര്‍ശ്വഭിത്തി ഇടിഞ്ഞഭാഗങ്ങളില്‍ കുലുക്കം അനുഭവപ്പെടുകയും കൂടുതലായി കല്ലുകള്‍ ഇളകി വീഴുകയുമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പാറപൊട്ടിച്ചാണ് ഈ പാത ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ കുറ്റിക്കൈതമുതല് അടിവാരം വരെയുള്ള റോഡിന്റെ ഒരു പാര്‍ശ്വഭാഗം കരിങ്കല്ല് കൊണ്ടാണ് കെട്ടിയിരിക്കുന്നത്. ഈ ഭാഗത്താണ് പലയിടങ്ങളിലായി പാര്‍ശ്വഭാഗം ഇടിഞ്ഞിതാണിരിക്കുന്നത്.
അമ്പലവയില്‍ മേഖലയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ കാരാപ്പുഴയിലേക്ക് പോകുന്നതും ഇതുവഴിയാണ്. ചെങ്കുത്തായ ഇറക്കം കൂടിയായ ഈ ഭാഗത്തെ റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞതിനാല്‍ മഴക്കാലത്ത് കൂടുതല്‍ ഇടിയാനും അപകടങ്ങള്‍ക്കും കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. വീതികുറഞ്ഞ റോഡിന്റെ ഓരത്ത് കാട് വളര്‍ന്ന് നില്ക്കുന്നതിനാല് വഴി പരിചയമില്ലത്താവര് ഇതുവഴി വന്നാല്‍ അപകട സാധ്യതയും കൂടുതലാണ്.
ഇറിഗേഷന്‍ വകുപ്പിന് കീഴിലുളള റോഡിന് സംരക്ഷണ ഭിത്തികെട്ടാന്‍ 25 ലക്ഷത്തോളം രൂപ അനുവദിച്ചെങ്കിലും കാരാറേറ്റെടുത്തയാള് ഇതുവരെ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: