ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ വിശ്വസ്തന് ജിതിന് പ്രസാദ ബിജെപിയില്‍ ചേര്‍ന്നതോടെ ഇനി അടുത്തത് സച്ചിന് പൈലറ്റായിരിക്കുമെന്ന അഭ്യൂഹമുയര്ന്നതിന് തൊട്ടുപിന്നാലെ പൈലറ്റ് ദല്‍ഹിയിലെത്തിയതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ അസ്വാരസ്യം. ഇപ്പോള്‍ രണ്ട് ദിവസമായി ദല്‍ഹിയില്‍ തങ്ങിവരുന്ന സച്ചിന് പൈലറ്റിനെ തണുപ്പിക്കാന്‍ രാജസ്ഥാനിലെ പ്രതിസന്ധി ഉടനെ തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.പ്രശ്നപരിഹാരം നീണ്ടാല്‍ സച്ചിന് പൈലറ്റും ജിതേന്ദ്ര പ്രസാദയുടെ വഴി സ്വീകരിക്കുമെന്ന് കരുതുന്നു.
2020 ജൂലായിലാണ് സച്ചിന് പൈലറ്റ് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ പടയൊരുക്കം നടത്തിയത്. ഒടുവില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കുമെന്ന കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സച്ചിന് പൈലറ്റ് അന്ന് പിന്മാറിയത്.
ഇതിനായി കോണ്‍ഗ്രസ് പ്രത്യേക സമിതിയെ രൂപവല്‍ക്കരിച്ചെങ്കിലും ഇതുവരെയും പരിഹാരം കണ്ടെത്താനായിട്ടില്ല. ജിതേന്ദ്ര പ്രസാദ കോണ്‍ഗ്രസ് വിട്ടതോടെയാണ് സച്ചിന് പൈലറ്റ് പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട് കൂടിയാലോചനകള്‍ നടക്കുന്നത്. സച്ചിന് പൈലറ്റിനെ അനുനയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പില്‍പെട്ട പലരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന് മന്ത്രിസഭ വികസിപ്പിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത്.
പ്രിയങ്കഗാന്ധി ദല്‍ഹിയില്‍ മടങ്ങിയെത്തുന്ന ഉടന്‍ സച്ചിന് പൈലറ്റ് അവരുമായി കൂടിക്കാഴ്ച നടത്തും. പ്രശ്നം പരിഹരിക്കാന്‍ സോണിയാ ഗാന്ധി തന്നെ മുന്നിട്ട് നില്‍ക്കുകയാണെന്നും അറിയുന്നു. അശോക് ഗെഹ്ലോട്ട് മന്ത്രിസഭയില്‍ ഇപ്പോള്‍ ഒമ്പത് പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതില്‍ നാലോ അഞ്ചോ ബെര്‍ത്തുകള്‍ സച്ചിന് പൈലറ്റിന്റെ വിശ്വസ്തര്‍ക്ക് നല്കി പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
അതേ സമയം തങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് സച്ചിന് പൈലറ്റ് ക്യാമ്പ് കോണ്‍ഗ്രസ് ഹൈക്കമാന്റിന് നല്‍കുന്നത്. പ്രശ്നപരിഹാരം നീണ്ടാല്‍ സച്ചിന് പൈലറ്റും ജിതേന്ദ്ര പ്രസാദയുടെ വഴി സ്വീകരിക്കുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: