പ്രശാന്ത് കുമാര്‍ എസ്.ആര്‍
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പൂജാരികളായി സ്ത്രീകളെ നിയമിയ്‌ക്കുമോ എന്ന് തമിഴ്‌നാട് ഹിന്ദു മതകാര്യ വകുപ്പ് മന്ത്രി പി. കെ. ശേഖര്‍ബാബുവിനോട് ഒരു വനിതാ മാദ്ധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് നല്‍കിയ ഉത്തരം സംബന്ധിച്ച പത്രവാര്‍ത്തയാണ് താരം. അതിന് മന്ത്രിയുടെ മറുപടി, ഏതെങ്കിലും സ്ത്രീ അതിനാഗ്രഹിച്ച് മുന്നോട്ട് വരികയാണെങ്കില്‍ അവര്‍ക്ക് പരിശീലനം നല്‍കി അതിനു പ്രാപ്തയാക്കുവാന്‍ തന്റെ വകുപ്പ് തയ്യാറാണെന്നും അങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജാരികളായി നിയമനം നല്‍കുന്നതിന് ശ്രമിയ്‌ക്കുമെന്നുമായിരുന്നു.
അന്തിമ തീരുമാനം മുഖ്യമന്ത്രിയായ എം. കെ. സ്റ്റാലിനുമായി ചര്‍ച്ച ചെയ്ത ശേഷമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത നൂറു ദിവസത്തിനകം ഹിന്ദുക്കളിലെ എല്ലാ സമുദായ വിഭാഗത്തില്‍ നിന്നുമുള്ളവരെ പൂജാരികളായി നിയമിയ്‌ക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. ഇത്രയുമാണ് ആ മന്ത്രി പറഞ്ഞതും ചെയ്തതും. അപ്പോഴേയ്‌ക്കും മാദ്ധ്യമങ്ങള്‍ തനിനിറം കാണിച്ചു. ഇന്ന് തന്നെ മന്ത്രി സ്ത്രീകളെ പൂജാരിയാക്കി നിയമിയ്‌ക്കുമെന്ന് വരെയായി കാര്യങ്ങള്‍.
അതവിടെ നില്‍ക്കട്ടെ.
തമിഴ്‌നാടായതു കൊണ്ട് നടക്കുമെന്നും കേരളമാണെങ്കില്‍ നാമജപ ഘോഷയാത്രയുമായി ജനം തെരുവിലിറങ്ങുമെന്നും വരെ ഇവിടെ പലരുടേയും – ഹരിപ്പാട്ടെയടക്കം – പ്രമുഖ നവോത്ഥാന തല്‍പ്പരരുടെ പോസ്റ്റുകള്‍ കണ്ടു. ഹരിപ്പാട്ടെയടക്കം എന്ന് പറഞ്ഞത് നാട്ടുകാരനായതു കൊണ്ട് മാത്രമല്ല, കേരളത്തില്‍ ഒരു ക്ഷേത്രത്തില്‍ മുഴുവന്‍ പ്രധാന പൂജകളും ഒരു സ്ത്രീ നടത്തുന്ന മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലമെന്നതു കൊണ്ടുകൂടിയാണ്. പൂയം നാള്‍ രാത്രിയുടെ അവസാനയാമങ്ങളില്‍ തുടങ്ങുന്ന ആയില്യം പൂജ പര്യവസാനിയ്‌ക്കുന്നത് ഏതാണ്ട് ഇരുപത് മണിക്കൂര്‍ പിന്നിട്ട് ആയില്യം നാള്‍ അര്‍ദ്ധരാത്രി പിന്നിടുമ്പോഴാണ്. ഇത്ര സുദീര്‍ഘമായ പൂജ ഒരു സ്ത്രീ പൂജാരിണി നടത്തുന്ന സ്ഥലം മറ്റെവിടെയെങ്കിലും ഉണ്ടോ എന്നത് തന്നെ സംശയമാണ്.
അപ്പോ പറഞ്ഞു വന്നത് ഒരുപാട് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ്. പല ധാരണകളും പൊളിച്ചെഴുതിയാണ്.
1. സ്ത്രീ പൂജാരിണിയായാല്‍ എന്തെങ്കിലും സംഭവിയ്‌ക്കുമെന്ന ധാരണ പൊളിഞ്ഞു.
2. പുലര്‍ച്ചെ നാലു നാലര മുതല്‍ തുടങ്ങി രാത്രി എട്ടര ഒന്‍പത് വരെ നീളുന്ന പൂജാദികള്‍ക്ക് സ്ത്രീ അശക്തയാണ് എന്ന ധാരണ പൊളിഞ്ഞു.
3. തറ്റുടുത്ത് പൂജാദികാര്യങ്ങള്‍ ചെയ്യാന്‍ സ്ത്രീ പൂജാരിണിമാരെക്കൊണ്ട് കഴിയില്ലെന്ന ന്യായം പൊളിഞ്ഞു.
4. ആറാട്ടുകടവിലെ മുങ്ങിക്കുളിയ്‌ക്കും വസ്ത്രം മാറാനും സ്ത്രീ പൂജാരിണികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആധിയും പൊളിഞ്ഞു.
ഇവരാരും തന്നെ കുളത്തിലെ തവളകള്‍ക്ക് മീതെയല്ല എന്നതാകും ശരിപക്ഷം. സായിപ്പ് പറഞ്ഞാലേ നുമ്മ സമ്മതിക്കൂന്ന്വച്ചാല്‍ അങ്ങനെയാകാം. അമേരിക്കന്‍ ചരിത്രകാരനും തത്ത്വചിന്തകനുമായ വില്‍ ഡുറാന്റ് എഴുതിയ വിശ്വനാഗരികതയുടെ ബൃഹദ് ചരിത്രമാണ് ദ സ്റ്റോറി ഓഫ് സിവിലിസേഷന്‍ (The Story of Civilization) അഥവാ സംസ്‌കാരത്തിന്റെ കഥ. പതിനൊന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ പരമ്പരയിലെ ആദ്യവാല്യം പൗരസ്ത്യ സംസ്‌കൃതികളുടെ ഒരു ബൃഹദ്പഠനമായിരുന്നു. ‘നമ്മുടെ പൗരസ്ത്യപൈതൃകം’ (Our Oriental Heritage) എന്ന് പേരിട്ട ആ വാല്യത്തില്‍ അദ്ദേഹം, യൂറോപ്പ് ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ കേവലം ഒരു മുനമ്പ് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി.
പൗരസ്ത്യ സംസ്‌കൃതികളെ തുടക്കം മുതല്‍ ഗാന്ധിയുടേയും ചിയാങ്ങ് കൈഷേക്കിന്റേയും കാലം വരെ പിന്തുടര്‍ന്ന ആ വാല്യം എഴുതിത്തീര്‍ക്കാന്‍ ആറു വര്‍ഷമെടുത്തുവത്രെ. മെസൊപ്പൊട്ടേമിയ, ബാബിലോണ്‍, ചൈന, പേര്‍ഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ സംസ്‌കാരങ്ങളാണ് ഈ വാല്യത്തില്‍ വിവരിച്ചിരിക്കുന്നത്. ആദ്യവാല്യമായ ‘നമ്മുടെ പൗരസ്ത്യ പൈതൃകം’ എഴുതുന്നതിനു മാത്രമായി ഡുറാന്റ് രണ്ടുവട്ടം ലോകം ചുറ്റിക്കറങ്ങി. അഗാധമായ പാണ്ഡിത്യവും, വിശദവിവരങ്ങളിലുള്ള ഊന്നലും, തത്ത്വചിന്താപരമായ സമീപനവുമെല്ലാം ഓരോ വാല്യത്തേയും അനുഗ്രഹിച്ചിരുന്നു. നമ്മുടെ പൗരസ്ത്യപൈതൃകം ഈ നവോത്ഥാന കുതുകികളെക്കൊണ്ട് ഒരുവട്ടമെങ്കിലും വായിപ്പിക്കണമെന്നാണ് എനിയ്‌ക്ക് തോന്നുന്നത്. ഒരുവട്ടം വായിച്ചാല്‍ ഇവര്‍ക്ക് വല്ലതും മനസ്സിലാകുമോ എന്ന് എനിയ്‌ക്ക് അതികലശലായ സന്ദേഹമുണ്ടെങ്കില്‍ക്കൂടി അത്രയുമെങ്കിലും നന്ന്…
മനുവില്‍ നിന്ന് വരാം.
യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ
സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല എന്ന് എഴുതി വെച്ച മനുവില്‍ നിന്നു തന്നെ….
ഭാരതത്തില്‍ സ്ത്രീകള്‍ക്ക് പൗരാണിക കാലം മുതല്‍ക്കു തന്നെ ആത്മീയമായും ബൗദ്ധികമായും ഭൗതികമായും വളരെ ഉയര്‍ന്ന സാമൂഹിക അന്തസ്സ് നല്‍കി ആദരിച്ചിരുന്നതായി വില്‍ ഡുറാന്റ് പറഞ്ഞിട്ടുണ്ട്. സായിപ്പ് പറയാതെ അറിയാമെങ്കിലും സായിപ്പ് എഴുതിയതിനാണല്ലോ ആധികാരികതയുടെ മൂര്‍ത്തത. ഹാരപ്പന്‍ ശൈലിയിലെ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ പ്രതിമയും അമ്മദൈവശില്‍പ്പവും (മദര്‍ ഗോഡസ്സ് തന്നെ) എല്ലാം തന്നെ സാമൂഹിക നിലയില്‍ സമൂഹം സ്ത്രീയെ അംഗീകരിച്ചിരുന്നതിനു നല്‍കിയ അടയാളങ്ങളാണ്.
”ശിവ ശക്ത്യായുക്തോ യതി ഭവതി ശക്ത പ്രഭവിതും നചേദേവം ദേവോ ന ഖലു കുശാല സ്പന്ദിതുമപി” ശങ്കര്യാചാര്യര്‍ രചിച്ച സൗന്ദര്യലഹരിയുടെ തുടക്കമാണ്. ശ്രീപാര്‍വ്വതിയോട് ചേര്‍ന്നിരിയ്‌ക്കുമ്പോള്‍ മാത്രമാണ് ശിവന്‍ ശക്തനായിത്തീരുക. ദേവിയുടെ സാമീപ്യമില്ലെങ്കില്‍ ഒന്നനങ്ങുവാന്‍ പോലും ശിവന്‍ പ്രാപ്തനാകില്ല. അപ്രകാരം ശിവനു പോലും ബലം നല്‍കുന്ന ദേവിയെയല്ലാതെ മറ്റാരെയാണ് ത്രിമൂര്‍ത്തികള്‍ക്ക് പോലും പ്രണമിയ്‌ക്കുവാനും സ്തുതിയ്‌ക്കുവാനും കഴിയുക എന്ന് സാരം. സ്ത്രീപുരുഷ സമത്വം എന്ന സങ്കല്‍പ്പത്തിനു അര്‍ദ്ധനാരീശ്വരനേക്കാള്‍ വലിയൊരു മാനം കൊടുത്തവരാരുണ്ട്.
വലിയ മാമല മകളെ വാമഭാഗേ വെച്ചതും
വഴിവോടു പകുത്തു പാതി ദേഹവും കൊടുത്തതും
വടിവോടങ്ങു ഗംഗ ചന്ദ്രമൗലിയില്‍ ധരിച്ചതും
നമഃ ശിവായ പാര്‍വ്വതീശ പാപനാശനാ ഹരേ
അപ്പോ സ്ത്രീയ്‌ക്ക് മാന്യമായ സ്ഥാനം നല്‍കിയത് ഇന്നോ ഇന്നലെയോ അല്ല. പൗരാണിക ദേവതാകാലം മുതല്‍ക്ക് തന്നെയാണ്. പത്‌നീസമേതനല്ലാതെ പതി ചെയ്യുന്ന യാഗയജ്ഞങ്ങള്‍ക്കൊന്നും പൂര്‍ണ്ണതയുണ്ടാകില്ലെന്ന് വേദവിധികളില്‍ത്തന്നെ കാണാം. അതിവിശിഷ്ടമായ യാഗങ്ങളില്‍ യജമാനനായ പതിയോട് സമമായി ചേര്‍ന്ന് നിലകൊള്ളേണ്ടതും പവിത്രമായ യാഗാഗ്‌നി കെടാതെ സൂക്ഷിയ്‌ക്കേണ്ടതും യജമാനപത്‌നിയായ സ്ത്രീയുടെ കര്‍ത്തവ്യമായിരുന്നതായി കാണാം. ബ്രഹ്മവാദിനികളും സദ്യോവധുക്കളും എന്ന് വിഭജിച്ച് സ്ത്രീകളെ രണ്ടായി കണക്കാക്കിയിരുന്നതായി പല പ്രമാണങ്ങളിലും കാണാം. വേദാദ്ധ്യായനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച സ്ത്രീകളെ ബ്രഹ്മവാദിനികളെന്നും സാമ്പ്രദായിക വേദപഠനങ്ങള്‍ക്ക് ശേഷം കുടുംബജീവിതം നയിയ്‌ക്കുന്ന സദ്യോവധുക്കളും. സദ്യോവധുക്കളില്‍ തന്നെ ബ്രഹ്മവാദിനികളെയും കാണുവാന്‍ സാധിയ്‌ക്കും. അപ്പോ ഇതൊന്നും പുതിയതല്ല. ഇവിടെ ഉണ്ടായിരുന്നത് തന്നെയാണ്.
ഗാര്‍ഗ്ഗിയും മൈത്രേയിയും ലോപമുദ്രയും തുടങ്ങി വൈദിക കാലത്തു പോലും സ്ത്രീകള്‍ വേദോപാസകരും യോഗിനികളുമായി ഇവിടെത്തന്നെയുണ്ടായിരുന്നു. അപ്പോ ഇതൊന്നും ഇല്ലാതിരുന്നതല്ല. വൈദേശിക ആക്രമണങ്ങളും കടന്നുകയറ്റവും വരുത്തിയ മാറ്റങ്ങളുടെ സൃഷ്ടിയാണെന്ന് കാണാന്‍ കഴിയും. Heroic Hindu Resistance to Muslim Invaders (636 AD to 1206 AD) എന്ന പുസ്തകം ഒരു നല്ല വായന സമ്മാനിയ്‌ക്കും ഒപ്പം ആ മാറ്റത്തിനു കാരണമായിത്തീര്‍ന്ന സംഭവങ്ങളുടെ നാള്‍വഴി വിവരണവും നല്‍കും.
പൗരോഹിത്യത്തിന്റെ ആവശ്യകത ഒരു സംസ്‌കാരത്തില്‍ എത്രത്തോളം ആഴത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നുവെന്ന് വില്‍ ഡുറാന്റിന്റെ വരികളില്‍ നിന്ന് മനസ്സിലാക്കാം. ‘The priest did not create religion, he merely used it, as a statesman uses the impulses and customs of mankind; religion arises not out of sacerdotal invention or chicanery, but out of the persistent wonder, fear, insecurity, hopefulness and loneliness of men. The priest did harm by tolerating superstition and monopolizing certain forms of knowledge; but he limited and often discouraged superstition, he gave the people the rudiments of education, he acted as a repository and vehicle for the growing cultural heritage of the race, he consoled the weak in their inevitable exploitation by the strong, and he became the agent through which religion nourished art and propped up with supernatural aid the precarious structure of human morality. If he had not existed the people would have invented him.’ അതെ, പുരോഹിതന്‍ ഉണ്ടായിരുന്നില്ലായെങ്കില്‍ ജനം അയാളെ സൃഷ്ടിക്കുമായിരുന്നു. ആവശ്യം സൃഷ്ടിയുടെ മാതാവാണല്ലോ.
ചിത്രത്തില്‍ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായ വലിയ അമ്മ നിലവറയിലെ പൂജകള്‍ക്കായി നാഗരാജ വിഗ്രഹവുമായി ഇല്ലത്തേയ്‌ക്ക് എഴുന്നള്ളുന്ന ആയില്യം എഴുന്നള്ളത്തില്‍ നിന്നുള്ളതാണ്. ആചാരപരമായി കുടുംബത്തിലെ മുതിര്‍ന്ന മരുമകള്‍ക്കാണ് അമ്മ സ്ഥാനം ലഭിയ്‌ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: