മുംബൈ: കോണ്‍ഗ്രസ് ഇനി മേലില്‍ മഹാരാഷ്ട്രയില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് നാനാ പടോളെ. എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ ഭരിയ്ക്കുന്ന മഹാവികാസ് അഘാദിയിലുള്ള കോണ്‍ഗ്രസിന്റെ അസംതൃപ്തി പരസ്യമായി പ്രകടമാക്കുന്നതായിരുന്നു നാനാ പടോളെയുടെ പ്രസ്താവന.
ഇനി മഹാരാഷ്ട്രയിലെ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. നിങ്ങള്‍ 2024ല്‍ നാനാ പടോളെയെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ? – അമരാവതിയിലെ തിവാസയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ നാന പടോളെ ചോദിച്ചു.
‘മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മേധാവി ഞാനാണ്. അതുകൊണ്ട് ഞാന്‍ എന്റെ പാര്‍ട്ടിയുടെ കാഴ്ചപ്പാട് പറയും. ശരത്പവാര്‍ എന്ത് പറയുന്നു എന്ന് എനിക്കറിയില്ല. പക്ഷെ കോണ്‍ഗ്രസ് ഇനിയുള്ള പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും,’ നാനാ പടോളെ പറഞ്ഞു.
‘കോണ്‍ഗ്രസാണ് യഥാര്‍ത്ഥപാര്‍ട്ടി. ഞങ്ങള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആരെങ്കിലും (ശരത്പവാര്‍) ഞങ്ങളെ തഴയാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസ് തഴയപ്പെടില്ല. 2024ല്‍ മാഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ആയിരിക്കും പ്രധാനപാര്‍ട്ടി,’ ശിവസേനയെ പ്രശംസിച്ചുകൊണ്ടുള്ള ശരത്പവാറിന്റെ പ്രസ്താവനയിലുള്ള അസംതൃപ്തി പ്രകടമാക്കിക്കൊണ്ട് നാനാ പടോളെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: