ബ്രസീലിയ (ബ്രസീല്‍): കോപ്പയില്‍ കൊടുങ്കാറ്റുയര്‍ത്തുന്ന പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ലാറ്റിന്‍ അമേരിക്കയിലെ പത്ത് രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ കൊടിയേറും . ഉദ്ഘാടന മത്സരത്തില്‍ ബ്രസീലും വെനസ്വേലയും പോരടിക്കും. പുലര്‍ച്ചെ 2.30 നാണ് കിക്കോഫ്. ആദ്യ ദിനത്തിലെ രണ്ടാം അങ്കത്തില്‍ കൊളംബിയയും ഇക്വഡോറും ഏറ്റുമുട്ടും. പുലര്‍ച്ചെ 5.30 നാണ് മത്സരം. സോണി ടിവിയില്‍ മത്സരങ്ങള്‍ തത്സമയം കാണാം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഈ ചാമ്പ്യന്‍ഷിപ്പ്് കൊവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിവച്ചത്. സാധാരണയായി പത്ത്് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും രണ്ട് ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ രാജ്യങ്ങളുമാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. എന്നാല്‍ ഇത്തവണ ഏഷ്യന്‍ ലോകകപ്പ് മത്സരങ്ങളും
കോപ്പ അമേരിക്കയും ഓരേ സമയം വന്നതിനാല്‍ ഏഷ്യന്‍ പ്രതിനിധികളായ ഓസ്ട്രേലിയയും ഖത്തറും പിന്മാറി. പത്ത് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ആതിഥേയരായ ബ്രസീല്‍, കൊളംബിയ, വെനിസ്വല, ഇക്വഡോര്‍, പെറു എന്നീ ടീമുകള്‍ ഗ്രൂപ്പ് എയിലും അര്‍ജന്റീന , ബൊളീവിയ, ഉറുഗ്വെ, ചിലി, പരാഗ്വെ ടീമുകള്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും.
റൗണ്ട് റോബിന് ലീഗിലാണ് ഗ്രൂപ്പ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും പോയിന്റ് നിലയില്‍ ആദ്യ നാലു സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. ക്വാര്‍ട്ടര്‍ മുതല്‍ നോക്കൗട്ടിലാണ് മത്സരം. ക്വാര്‍ട്ടര്‍ ഫൈനല്‍ ജൂലൈ മൂന്ന്, നാല്, അഞ്ച് തീയതികളിലായി നടക്കും. സെമിഫൈനലുകള്‍ ജൂലൈ ഏഴ്, എട്ട് തീയതികളില്‍ അരങ്ങേറും. ഫൈനല്‍ പതിനൊന്നിന് പുലര്‍ച്ചെ 5.30 ന് നടക്കും.
അവസാന നിമിഷങ്ങളിലാണ് ബ്രസീലിനെ കോപ്പ അമേരിക്കയുടെ ആതിഥേരായി പ്രഖ്യാപിച്ചത്. സംയുക്ത ആതിഥേയരായ അര്‍ജന്റീനയും കൊളംബിയയും പിന്മാറിയതിനെ തുടര്‍ന്നാണ് ബ്രസീലിനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: