തിരുവനന്തപുരം: കോടികളുടെ വനംകൊള്ളയില്‍ വെട്ടിയിട്ട മരം കടത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും മാഫിയയും ചേര്‍ന്ന് നടത്തിയ കള്ളക്കളി പൊളിച്ചത് ഡിഎഫ്ഒ പി. ധനേഷ്. വനംവകുപ്പ് എറണാകുളത്തുനിന്നും തടി പിടിച്ചെടുത്ത ദിവസം തയാറാക്കിയ മഹസര്‍(ഫ്രെബുവരി 8) അസാധുവാക്കാന്‍ വേണ്ടി, തടി കടത്താനായി റോജി അഗസ്റ്റിന് അനുവദിച്ചിരുന്ന ഫോറം 4 പാസിന്റെ ഡ്യൂപ്ലിക്കേറ്റ് ഫ്രെബുവരി 9 ന് ഡിവിഷന് ഓഫീസില്‍ സമര്‍പ്പിക്കുകയും ഫ്രെബുവരി 6 തീയതിയിട്ട് ഫോറസ്റ്റ് ഡിവിഷണല്‍ സീനിയര്‍ സൂപ്രണ്ടിനെക്കൊണ്ട് ഒപ്പിടീക്കുകയുമായിരുന്നു.
ഇത് കുറ്റകരമാണെന്ന് ധനേഷ്കുമാര്‍ ചൂണ്ടിക്കാട്ടി. റോജി അഗസ്റ്റിന്റെ സൂര്യ ടിമ്പേഴ്സിന് പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്ട്രേഷന് ലഭിക്കാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങളോ രേഖകളോ ഇല്ലെന്നിരിക്കെ രജിസ്ട്രേഷന് അനുവദിച്ചത് ബാഹ്യപ്രേരണ മൂലമാവാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സൂര്യാ ടിമ്പേഴ്സില്‍ പരിശോധന നടത്താതെയാണ് പ്രോപ്പര്‍ട്ടി രജിസ്ട്രേഷന് മാര്‍ക്ക് നല്‍കിയതെന്നും ടിമ്പേഴ്സിലെ തടികള്‍ പരിശോധിക്കാതെ പാസ് അനുവദിച്ചത് ഗുരുതരമായ പിഴവാണെന്നും ചൂണ്ടിക്കാട്ടിയ ധനേഷ്കുമാര്‍ വനംവകുപ്പിന്റെ ലക്കിടി ചെക്ക്പോസ്റ്റിലടക്കമുണ്ടായ വീഴ്ചകളും ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട് ധനേഷ് സമര്‍പ്പിച്ചത്, പ്രതികളുമായി അടുത്തബന്ധമുള്ള ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനായിരുന്നു. റോജിയുമായി ബന്ധമുണ്ടെന്ന് കാട്ടി നോര്‍ത്ത് ചീഫ് കണ്‍സര്‍വേറ്റര്‍ വിനോദ്കുമാര്‍ റിപ്പോര്‍ട്ട് നല്കിയതും സാജനെതിരെയായിരുന്നു. വിജിലന്‍സിന്റെ ചുമതലയുണ്ടായിരുന്ന ദേവപ്രസാദ് അവധിയില്‍ പോയപ്പോള്‍ അന്വേഷണം ഏറ്റെടുത്ത എന്‍.ടി. സാജന് റോജി അഗസ്റ്റിന് തടി കൊണ്ട് പോകാന്‍ അനുമതി നിഷേധിച്ച മേപ്പാടി റേഞ്ച് ഓഫീസര്‍ സമീറിനെതിരെ നടപടിയെടുക്കാന്‍ ധനേഷ്കുമാറിനെ നിര്‍ബന്ധിച്ചതായും വിനോദ്കുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. കുടുക്കില്പ്പെട്ടതോടെ പ്രതികള്‍, സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത്ത്കുമാര്‍, ധനേഷ്കുമാറിന് വേണ്ടി രണ്ട് ലക്ഷം രൂപ വാങ്ങിയെന്ന ആരോപണമുയര്‍ത്തുകയായിരുന്നു. ഈ ആരോപണമാണ് ശബ്ദരേഖ.
വനം,റിസോര്‍ട്ട്, ക്വാറി മാഫിയകള്ക്കെതി ശക്തമായി നിലകൊണ്ടിരുന്ന ഉദ്യോഗസ്ഥനാണ് കോഴിക്കോട് ഡിഎഫ്ഒ ധനേഷ് കുമാര്‍. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ധനേഷ്കുമാറിനെതിരെ മാനന്തവാടി റേഞ്ച് ഓഫീസറായിരിക്കെ വനം ക്വാറി മാഫിയക്കെതിരായ നീക്കത്തിനിടെ ജീവന് തന്നെ ഭീഷണിയുണ്ടായിട്ടുണ്ട്. നെന്മാറ ഡിഎഫ്ഒയായിരിക്കെ റിസോര്‍ട്ട് മാഫിയ കൈയേറിയ 6000 ഏക്കര്‍ വനഭൂമി തിരിച്ചു പിടിക്കാന്‍ പോരാട്ടം നടത്തി.
സൗത്ത് വയനാട് ഡിഎഫ്ഒ ആയിരിക്കെ പ്ലാന്റേഷന് ഉടമകള്‍ കൈയേറിയ ആയിരക്കണക്കിന് ഏക്കര്‍കണക്കിന് വനഭൂമി തിരിച്ചുപിടിച്ചു. നെല്ലിയാമ്പതിയിലെ വനസംരക്ഷണപോരാട്ടത്തിന് സംസ്ഥാനസര്‍ക്കാരിന്റെ ഗുഡ് സര്‍വീസ് എന്‍ട്രി നേടിയ ധനേഷ്കുമാറിന് മികച്ച ഫോറസ്റ്റ് ഓഫീസര്‍ക്കുള്ള സാഞ്ച്ചുറി ഏഷ്യയുടെ 2012 ലെ ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: