ന്യൂദല്‍ഹി: ട്വിറ്ററിനെ നിരോധിച്ച ശേഷം നൈജീരിയ കൂ എന്ന ഇന്ത്യന്‍ നിര്‍മ്മിത സമൂഹമാധ്യമപ്ലാറ്റ് ഫോമിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയിലും ട്വിറ്ററിനോട് അതൃപ്തിയുള്ള പലരും ഉപയോഗിച്ചുവരുന്ന കൂ എന്ന ആത്മനിര്‍ഭര്‍ ആപ് ഇന്ത്യയ്ക്ക് പുറത്തും ചിറക് വിരിയ്ക്കുകയാണ്.
നൈജീരിയ സര്‍ക്കാര്‍ തന്നെയാണ് കഴിഞ്ഞ ദിവസം കൂവില്‍ അക്കൗണ്ടെടുത്തത്. ഇക്കാര്യം കൂവിന്റെ സ്ഥാപകരില്‍ ഒരാളായ അപ്രമേയ രാധാകൃഷ്ണന് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
നൈജീരിയില്‍ കൂ ആപിന്റെ ചുമതലയുള്ള മായാങ്ക് ബിഡവാക്തയെ അപ്രമേയ രാധാകൃഷ്ണന് നന്ദി അറിയിച്ചു. ജൂണ്‍ അഞ്ച് മുതല്‍ കൂ നൈജീരിയയില്‍ ലഭ്യമാണ്. ഇപ്പോള്‍ നൈജീരിയയിലെ പ്രാദേശിക ഭാഷകളില്‍ കൂ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ സ്ഥാപകര്‍. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ഒരു ട്വീറ്റ് നിരോധിച്ച ട്വിറ്ററിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഉടന്‍ രാജ്യം ട്വിറ്ററിനെ നിരോധിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അതോടെ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യക്കാര്‍ നിര്‍മ്മിച്ച കൂ ആപ് നൈജീരിയക്കാര്‍ക്കിടയില്‍ പതിയെ പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ട്വിറ്ററും മോദി സര്‍ക്കാരും തമ്മിലുടലെടുത്ത അഭിപ്രായഭിന്നത മുതലെടുത്ത് കൂ ഇന്ത്യയില്‍ അതിവേഗം വളരുകയാണ്. ഫേസ്ബുക്ക്, ഗൂഗിള്‍, ടെലഗ്രാം എന്നിവര്‍ സര്‍ക്കാരിന്റെ ഐടി ചട്ടത്തെ വരവേറ്റിരുന്നു. ട്വിറ്റര്‍ കഴിഞ്ഞ ദിവസം മാത്രമാണ് ഭാഗികമായി ഐടി ചട്ടം പാലിക്കാമെന്ന് ഉറപ്പ് നല്‍കിയത്. ഇതിനായി ട്വിറ്റര്‍ ഒരു നോഡല്‍ ഓഫീസറെയും പരാതി പരിഹരിക്കാനുള്ള ഓഫീസറെയും നിയമിച്ചിരുന്നു.
ഇപ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ മുഴുവന്‍ കൂ ആപ് ഉപയോഗിക്കുന്നുണ്ട്. ബോളിവുഡ് താരം അനുപം ഖേറിന് കൂവില്‍ 10 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. മറ്റൊരു ബോളിവുഡ് താരം കങ്കണയും കൂ ഉപയോഗിച്ചുതുടങ്ങി. ഇപ്പോള്‍ സുബ്രഹ്മണ്യം സ്വാമിയും കൂവിലേക്ക് നീങ്ങുകയാണ്. ടൈഗര്‍ ഗ്ലോബല്‍ ഈയിടെ കൂവില്‍ 3 കോടി ഡോളര്‍ നിക്ഷേപിച്ചിരുന്നു. ഇതോടെ കമ്പനിയുടെ ആകെ ആസ്തി 15 കോടി ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: