Categories: Seva Bharathi

മനുവിന് അനിയത്തി ഭാരമല്ല, ഈ മുത്തശ്ശിയും

തിരുവനന്തപുരം നഗരസഭ ബി ജെ പി മുന്‍ കൗണ്‍സിലര്‍ രമ്യ രമേശാണ് മനുവിന്റെ ഭാര്യ.

വിളപ്പില്‍: അരയ്‌ക്ക് താഴെ തളര്‍ന്നു പോയ അനിയത്തിയെ ഒക്കത്തെടുത്ത് നടക്കുന്ന മനുവിന് ഭാരമായില്ല, കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഒരു മുത്തശ്ശിയെ എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് പായുമ്പോഴും.  

പുളിയറക്കോണം കൂരുവിളവീട്ടില്‍ മീനു(28)വിന്റെ ജീവിതം ജന്മനാ ചക്രക്കസേരയിലാണ്. മീനുവിന്റെ ഏട്ടന്‍ സേവാഭാരതി ആംബുലന്‍സ് ഡ്രൈവര്‍ മനു വര്‍ഷങ്ങളായി കുഞ്ഞു പെങ്ങളെ ഒക്കത്തെടുത്താണ് ബന്ധു വീടുകളിലും ഒഴിവാക്കാനാകാത്ത ചടങ്ങുകള്‍ക്കും കൊണ്ടു പോകുന്നത്. മനു സ്വന്തം വിവാഹത്തിനു പോലും കതിര്‍മണ്ഡപത്തില്‍ എത്തിയത് മീനുവിനെ എടുത്തുകൊണ്ടാണ്. ഇവരുടെ സ്‌നേഹം അന്ന് ‘ജന്മഭൂമി’ ഉള്‍പ്പടെ എല്ലാ മാധ്യമങ്ങളിലും ഒന്നാം പേജില്‍ വാര്‍ത്തയായിരുന്നു.  

കഴിഞ്ഞ ദിവസം രാത്രി 12 ന് പേരൂര്‍ക്കട ഭാഗത്ത് സേവാഭാരതി ആംബുലന്‍സ് ഓടിക്കുന്ന മനുവിന് ഒരു ഫോണ്‍കോള്‍ എത്തി. കൊടുങ്ങാനൂരില്‍ കൊവിഡ് മുര്‍ശ്ചിച്ച് മരണത്തോട് മല്ലടിക്കുന്ന എണ്‍പതുകാരിയെ ആശുപത്രിയില്‍ എത്തിക്കണം. മറിച്ചൊന്നും പറയാതെ മനു ആ വീട്ടിലേക്ക് പാഞ്ഞെത്തി. ബന്ധുക്കള്‍ ഭയന്ന് മാറിനിന്നപ്പോള്‍ മനു ആ മുത്തശ്ശിയെ കോരിയെടുത്ത് ആശുപത്രിയിലേക്ക്.

മനുവിന്റെ മാനുഷിക മുഖം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. തിരുവനന്തപുരം നഗരസഭ ബി ജെ പി മുന്‍ കൗണ്‍സിലര്‍ രമ്യ രമേശാണ് മനുവിന്റെ ഭാര്യ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: Sevabharathi

Recent Posts