ഇടുക്കി: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്തെത്തിയതിന് പിന്നാലെയുള്ള ആദ്യ ന്യൂനമര്‍ദം 11ന് രാവിലെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ രൂപമെടുക്കും. സംസ്ഥാനത്ത് പരക്കെ 11 മുതല്‍ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ മഴ ശക്തമാകും. എന്നാല്‍, ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാത നിലവില്‍ വ്യക്തമായിട്ടില്ല. ഇതിന് അനുസരിച്ചാകും കേരളത്തിലടക്കം മഴ കൂടുക. ഒഡീഷ തീരത്തേക്ക് നീങ്ങാനാണ് കൂടുതല്‍ സാധ്യത. ന്യൂനമര്‍ദത്തിന്റെ ഭാഗമായി തെക്ക്-പടിഞ്ഞാറന്‍ കാറ്റ് ശക്തമായിട്ടുണ്ട്. ഇത് കാലവര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വേഗത്തില്‍ വ്യാപിക്കുന്നതിനും കാരണമാകുമെന്ന് ഐഎംഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം, 11 മുതല്‍ 13 വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നും ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിക്കുന്നു.
അതേസമയം, ഇത്തവണ മുബൈയിലടക്കം പതിവിലും നേരത്തെ കാലവര്‍ഷമെത്തി. രണ്ട് ദിവസമായി സംസ്ഥാനത്ത് നിന്ന് അകന്ന് നിന്ന മഴ ഇന്നലെ ഉച്ചയോടെ ന്യൂനമര്‍ദം രൂപമെടുക്കുന്നതിന്റെ ഭാഗമായി തിരിച്ചെത്തി. മദ്ധ്യ-തെക്കന്‍ ജില്ലകളിലെ മിക്ക സ്ഥലങ്ങളിലും ഇന്നലെ ഉച്ചമുതല്‍ ഇടവിട്ടുള്ള ശക്തമായ മഴ ലഭിച്ചു. അതേസമയം, കാലവര്‍ഷം ഒരു വാരം പിന്നിടുമ്പോള്‍ ഇതുവരെ 35 ശതമാനം മഴ കുറവാണ്. 14.2 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 9.2 സെ.മീ മഴയാണ് പെയ്തത്.
യെല്ലോ അലര്‍ട്ട്
11, 12 തിയതികളില്‍ തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് എന്നിവ ഒഴികെയുള്ള ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, 13നും സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. 10 മുതല്‍ 12 വരെ തീയതികളില്‍ കേരള തീരത്ത് 45-55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ഈ മേഖലയില്‍ പ്രവേശിക്കരുത്. 10-ാം തീയതി വരെ അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറ് മേഖലയിലും കിഴക്കന്‍ മദ്ധ്യ മേഖലയിലും സമാനമായ തരത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇവിടേയും മീന്‍പിടിത്തക്കാര്‍ പ്രവേശിക്കരുതെന്ന് കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: