കണ്ണൂര്‍: കണ്ണൂര്‍ എംപി കൂടിയായ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ ഒന്നിച്ച് നിര്‍ത്തി പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുക ഏറെ പ്രയാസകരമാകും. കോണ്‍ഗ്രസില്‍ എത്തിയ കാലം തൊട്ട് സ്വന്തം താല്‍പ്പര്യം നോക്കുകയും തന്നോടൊപ്പം നിന്നവര്‍ക്ക് വേണ്ടി ഏതറ്റം വരെ പോവുകയും ചെയ്തയാളാണ് സുധാകരന്. അതിനാല്‍ ഗ്രൂപ്പുകളുമായി നല്ല ബന്ധമല്ല. ചുറ്റും നില്ക്കുന്ന ആള്‍ക്കൂട്ടമായിരുന്നു എന്നും സുധാകരന്റെ ഗ്രൂപ്പ്.
സുധാകരന് അധ്യക്ഷ സ്ഥാനത്തെത്താതിരിക്കാന്‍ അവസാന നിമിഷം വരെ ചരടു വലിച്ച വലിയൊരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിക്കുളളിലുണ്ട്. കണ്ണൂരില്‍ നിന്നുളള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലടക്കം ചരടുവലികള്‍ നടത്തിയിരുന്നു. മാത്രമല്ല കോണ്‍ഗ്രസിനെ ഉണര്‍ത്താനാവശ്യമായ സംഘടനാപാടവവും സുധാകരനില്ല. അണികള്‍ ചൂണ്ടിക്കാട്ടുന്ന ‘വീരപരിവേഷം’ കണ്ണൂരില്‍ ഒതുങ്ങുന്നതാണ്. അതുതന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടേയും ന്യൂനപക്ഷ പ്രീണനത്തിന്റെയും പേരിലുളള പുകഴ്ത്തലുകള്‍ മാത്രം.
വര്‍ഷങ്ങളായി സുധാകരന് പാര്‍ട്ടിയില്‍ ദുര്‍ബലനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ യുഡിഎഫിന് സിറ്റിംഗ് സീറ്റ് തന്നെ നഷ്ടപ്പെട്ടു, സീറ്റുകളുടെ എണ്ണം മൂന്നില്‍ നിന്നും രണ്ടായി കുറഞ്ഞു. ഇവ സുധാകരന്റെ പരാജയമാണെന്നാണ് ആരോപണങ്ങള്‍. കോണ്‍ഗ്രസിലെ റിബലാണ്. അതിനാല്‍ നിരവധി ശത്രുക്കളാണ് കോണ്‍ഗ്രസില്‍. കണ്ണൂര്‍ ജില്ലയില്‍ പോലും സുധാകരനെതിരായ നേതൃനിര രൂപം കൊണ്ടിട്ടുണ്ട്. അതിനാല്‍ കോണ്‍ഗ്രസിനെ മുന്നോട്ടു കൊണ്ടു പോകാന്‍ സുധാകരന് ഏറെ വിയര്‍ക്കേണ്ടി വരും.
ഡിസിസി അധ്യക്ഷനായിരുന്നപ്പോള്‍ സിപിഎം കണ്ണൂരിലെ അക്രമങ്ങളെ പ്രതിരോധിക്കാന്‍ ചെറുത്തു നില്പ്പുകള് നടത്തിയെന്നതൊഴിച്ചാല്‍ സംഘടനാപരമായ മികവ് ചൂണ്ടിക്കാണിക്കാന്‍ സാധ്യമല്ല. അക്രമോത്സുകമായ പ്രസംഗ ശൈലി കൊണ്ടു മാത്രമാണ് പാര്‍ട്ടിയില്‍ ശ്രദ്ധിക്കപ്പെട്ടത്. ന്യൂനപക്ഷത്തെ പ്രീണിപ്പിച്ചാണ് കണ്ണൂരില്‍ നിന്ന് എംപിയായതു പോലും. മാസങ്ങളായി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന സുധാകരന് ഈ ഘട്ടത്തിലും സംഘടനാ രംഗത്ത് എടുത്ത പറയത്തക്ക പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. താഴെക്കിടയിലടക്കം സംഘടനാ സംവിധാനം തകര്‍ന്നു കിടക്കുന്ന കോണ്‍ഗ്രസിനെ ശക്തമാക്കി തിരിച്ചു കൊണ്ടുവരികയെന്നത് ദുര്ഘടമാവും.
കെഎസ്യുവിലൂടെയാണ് കോണ്‍ഗ്രസില്‍ എത്തിയത്. കണ്ണൂര്‍ എടക്കാട് നടാല്‍ കുമ്പക്കുടി രാമുണ്ണിയുടേയും മാധവിയുടേയും മകനായി ജനിച്ച 73 കാരനായ സുധാകരന് തലശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടി.
1996 ല്‍ കോണ്‍ഗ്രസ് വിമതനായി ഇടതു മുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എന്‍. രാമകൃഷ്ണനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് സുധാകരന് ആദ്യമായി നിയമ സഭയിലേയ്ക്ക്. 2001 ല്‍ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും 2006 ല്‍ സിപിഎം നേതാവായ കെ.പി. സഹദേവനെയും തോല്‍പ്പിച്ചു. 2001-2004 ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ വനം, സ്പോര്‍ട്സ്, യുവജനകാര്യ മന്ത്രി. 2009 ല്‍ സിപിഎമ്മിലെ കെ.കെ രാഗേഷിനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്സഭയില്‍. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പി.കെ. ശ്രീമതിയോട് തോറ്റു.2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉദുമയില്‍ സിപ ിഎമ്മിലെ കുഞ്ഞിരാമനോട് തോറ്റു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: