മുഹമ്മ: വിപുലമായ ടൂറിസം വികസന സാധ്യതയുളള പാതിരാമണല്‍ ദ്വീപ് കൃഷി വകുപ്പ് ഏറ്റെടുത്ത് എക്കോ – ടൂറിസം പദ്ധതി വിഭാവനം ചെയ്തു നടപ്പില്‍ വരുത്തണം എന്ന് ആവശ്യപ്പെട്ടു മുഹമ്മ അരങ്ങ് സോഷ്യല്‍ സര്‍വീസ് ഫോറം രക്ഷാധികാരി സി.പി. ഷാജി, കൃഷി മന്ത്രി പി. പ്രസാദിന് നിവേദനം നല്കി. നിരവധി ഉദ്ഘാടനങ്ങളും പദ്ധതികളും പാതിരാമണലില്‍ ടൂറിസം വകുപ്പും മറ്റു നിരവധി വകുപ്പും പ്രഖ്യാപിച്ചെങ്കിലും,ഒരു പദ്ധതി പോലും നടപ്പില്‍ വരുത്തുവാന്‍ അധികാരികള്‍ക്ക് സാധിച്ചില്ല എന്ന് ഷാജി പറഞ്ഞു.
അതുകൊണ്ട് പാതിരാമണല്‍ ഉള്‍പ്പെടുന്ന ചേര്‍ത്തലയുടെ ജനപ്രതിനിധി എന്ന നിലയില്‍ മന്ത്രി ഇടപെട്ട് കൃഷിവകുപ്പ് ഈ ദ്വീപ് എറ്റെടുത്ത് വിനോദസഞ്ചാരികള്‍ക്ക് കാഴ്ചയ്ക്ക് സൗന്ദര്യം പകരുന്ന പൂക്കളും, ദ്വീപിലെ ഭൂപ്രകൃതി അനുസൃതമായ മറ്റു കൃഷികളും ചെയ്തു വികസനം ഒരുക്കണം എന്നാണ് അരങ്ങ് ആവശ്യപ്പെടുന്നത്.
കൃഷിവകുപ്പിന്റെ കീഴിലുള്ള കവണാറ്റിന്‍കര കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹായവും ഇവിടുത്തെ വികസനത്തിനുവേണ്ടി ഉപയോഗിക്കാന്‍ പറ്റും. അതേപോലെ കുടുംബശ്രീ പ്രസ്ഥാനങ്ങളുടെയും കഞ്ഞിക്കുഴിയിലെ ഭാവന സമ്പന്നരായ കൃഷിക്കാരുടെ സഹായങ്ങളും പ്രയോജനപ്പെടുത്തുകയാണെങ്കില്‍ പാതിരാമണല്‍ കരപ്രദേശം കഞ്ഞിക്കുഴി ഉള്‍പ്പെടെ ബന്ധപ്പെട്ട ഒരു എക്കോ – ടൂറിസം പദ്ധതി തന്നെ രൂപപ്പെടുത്തിയെടുക്കാന്‍ പറ്റുമെന്ന് അരങ്ങ് ഷാജി നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: