ആലപ്പുഴ: കാലവര്‍ഷമെത്തിയിട്ടും ഇടതുസര്‍ക്കാര്‍ പല തവണ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് കടലാസില്‍ ഒതുങ്ങുന്നു. നൂറു കണക്കിന് കുടുംബങ്ങളാണ് പ്രളയ ഭീതിയില്‍ കുട്ടനാട്ടില്‍ നിന്ന് പാലായനം ചെയ്യുന്നത്. 2018ലെ മഹാപ്രളയത്തിന് ശേഷം കുട്ടനാടിന്റെ പല പ്രദേശങ്ങളിലും ജനജീവിതം അസാദ്ധ്യമാകുന്ന സ്ഥിതി വിശേഷമാണ്. ഈ വര്‍ഷം തന്നെ രണ്ട് പ്രളയത്തെ കുട്ടനാട്ടുകാര്‍ അതിജീവിച്ച് കഴിഞ്ഞു.
സ്വാമിനാഥന് കമ്മീഷന് റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഒന്നാം കുട്ടനാട് പാക്കേജ് മുന്‍ഗണനാ മാനദണ്ഡങ്ങള്‍ തെറ്റിച്ച് നടപ്പാക്കി അവതാളത്തിലാക്കിയത് മുന്‍ വിഎസ് സര്‍ക്കാരായിരുന്നു. പിന്നീട് പാക്കേജ് നടത്തിപ്പില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ നിരവധിയാണ്.
മഹാപ്രളയത്തിന് ശേഷം ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപനങ്ങള്‍ നടത്തി കുട്ടനാട്ടുകാരെ കബളിപ്പിക്കുകയായിരുന്നു. 2019 ജനുവരി 31ന് ബജറ്റില്‍ ആയിരം കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി ഏഴിന് ബജറ്റില്‍ 2400 കോടിയുടെ കുട്ടനാട് പാക്കേജ് വീണ്ടും പ്രഖ്യാപിച്ചു. തുടര്‍ന്ന് ആ വര്‍ഷം മാര്‍ച്ചില്‍ മന്ത്രി തോമസ് ഐസക് ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വകുപ്പുകളുടെ ഏകോപനത്തിനായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കും എന്ന് പറഞ്ഞു. ഇതുവരെ നടപ്പിലായില്ല.
2020 സെപ്തംബര്‍ 18ന് മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാം കുട്ടനാട് പാക്കേജ് ഉദ്ഘാടനം ചെയ്ത പദ്ധതി എവിടെ പോയെന്നാണ് ഉയരുന്ന ചോദ്യം. കുട്ടനാട് പതിവ് പോലെ വെള്ളത്തില്‍ മുങ്ങുന്നു. തണ്ണീര്‍മുക്കം ബണ്ട്് ഒരു വര്‍ഷത്തേക്ക് തുറന്ന് വച്ച് ഉപ്പ് വെള്ളം കയറ്റി കുട്ടനാട് ശുദ്ധീകരിക്കും, എസി കനാല്‍ നവീകരിക്കും, എക്കല്‍ അടിഞ്ഞ കായലിന്റ് ആഴം കൂട്ടും, തോട്ടപ്പള്ളി സ്പില്‍വേയും ലീഡിങ് ചാനലും ആഴവും വീതിയും കൂട്ടി നവികരിക്കും, പുറം ബണ്ടുകള്‍ ബലപ്പെടുത്തും, കാര്‍ഷിക കലണ്ടര്‍ നടപ്പാക്കും, കുട്ടനാട് കുടിവെള്ള പദ്ധതി 2019- 2020 ല്‍ പൂര്‍ത്തിയാക്കും, 150 കോടിയുടെ പുളിങ്കുന്ന് താലൂക്കാശുപത്രി നവീകരണം, താറാവ് ബ്രീഡിങ് ഫാം, പ്ലാസ്റ്റികും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് കായലും ജലാശയങ്ങളും ശുചീകരിക്കും,കായലിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ മീന്‍ കുഞ്ഞുങ്ങളെ സ്ഥിരമായി നിക്ഷേപിക്കും,പ്രളയകാലത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന ഉയരത്തിലുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും, റൈസ് പാര്‍ക്ക് സ്ഥാപിക്കും തുടങ്ങിയവയായിരുന്നു രണ്ടാം പാക്കേജിലെ പ്രഖ്യാപനങ്ങള്‍.
ഇവയെ കുറിച്ച് ചോദിച്ചാന്‍ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും കൈമലര്‍ത്തുകയാണ്. കുട്ടനാട്ടുകാര്‍ സമൂഹമാദ്ധ്യമങ്ങളില്‍ സേവ് കുട്ടനാട് കൂട്ടായ്മ രൂപീകരിച്ച് രാഷ്ട്രീയത്തിന് അതീതമായി പ്രതികരിക്കാന്‍ തുടങ്ങിയതോടെ അതിനെ അധിക്ഷേപിക്കാന്‍ ഇടതു അനുകൂലികള്‍ ശ്രമം തുടങ്ങി. കുട്ടനാടിനെ രണ്ടായി വിഭജിക്കുന്ന, പരിസ്ഥിതിയെ ആകെ തകര്‍ക്കുന്ന എസി റോഡ് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്.
671 കോടിയുടെ പദ്ധതി ജനപ്രതിനിധികളെ പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് നടപ്പാക്കുന്നത്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്കാന് പദ്ധതി നടത്തിപ്പ് ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: