തിരുവനന്തപുരം: വയനാട് മുട്ടില്‍ വനംകൊള്ള അട്ടിമറിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവി ചാനലിനൊപ്പം 24 ന്യൂസിലെ ഉന്നതനും പങ്കെടുത്തതായി വനംവകുപ്പിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള 24 ന്യൂസിലെ ഉന്നതനാണ് സംഭവത്തില്‍ ഇടപെട്ടിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയോടൊപ്പം ഇയാള്‍കൂടി ചേര്‍ന്നാണ് കേരളത്തിലെ കാട് വെട്ടിവെളിപ്പിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടികളുടെ മരങ്ങളാണ് മൂട്ടില് വനത്തില്‍ നിന്നും കടത്തിയതെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയില്‍ നിന്നും റോജി അഗസ്റ്റിന്, ആന്റോ എന്നിവര്‍ 15 കോടിയിലധികം രൂപ വിലവരുന്ന വീട്ടിമരം കടത്തിയ കേസ് അട്ടിമറിക്കാനാണ് റിപ്പോര്‍ട്ടറിനൊപ്പം 24 ന്യൂസിലെ ഉന്നതനും ശ്രമിച്ചത്. മുന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ എംവി നികേഷ് കുമാര്‍ നേതൃത്വം നല്കുന്ന റിപ്പോര്‍ട്ടര്‍ ടിവി അടക്കമുള്ള മാധ്യമ സ്ഥാപനങ്ങള്‍ ശ്രമിച്ചതായാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
2020 ഒക്ടോബര്‍ 24 ന് റവന്യൂവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് പ്രതികള്‍ വനംകൊള്ള നടത്തിയത്. മരം കടത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പെരുമ്പാവൂരിലെ തടിമില്ലില്‍ നിന്ന് മരങ്ങള്‍ കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഫെബ്രുവരി 13 ന് ഇന്സ്പെക്ഷന് ആന്‍ഡ് ഇവാലുവേഷന്‍ വിങ്ങിന്റെ ചുമതല കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ എന്‍ ടി സാജനെന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന് ഏറ്റെടുത്തു. വെറും നാല് ദിവസത്തേക്ക് മാത്രമായിരുന്നു സാജന്റെ നിയമനം.
അന്വേഷണം ഏറ്റെടുത്ത സാജന് കേസിന്റെ വകുപ്പുകള്‍ മാറ്റി എഴുതാന്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം കെ സമീറിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതിന് സമീര്‍ വിസമ്മതിച്ചതോടെ സമീറിനെതിരെ കേസ് കെട്ടിച്ചമയ്ക്കാന്‍ സാജന് ശ്രമിച്ചെന്നാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് സാജന്റെ അടുത്ത സുഹൃത്തും ധര്‍മ്മടംകാരനായ 24 ന്യൂസിലെ ഉന്നതനും റിപ്പോര്‍ട്ടര്‍ ചാനലും ഗൂഢാലോചനയുടെ ഭാഗമായി നിരപരാധിയായ സമീറിനെതിരെ തുടര്‍ച്ചയായ വാര്‍ത്തകള്‍ നല്കി. ഇതെല്ലാം ആസൂത്രണം ചെയ്ത് തയാറാക്കിയ വ്യാജവാര്‍ത്തകളായിരുന്നു. ഇക്കാര്യം ചാനല്‍ അധികാരികളെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ജന്മഭൂമിയോട് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: