കാഠ്മണ്ഡു: ഇന്ത്യയുമായുള്ള തെറ്റിദ്ധാരണ പരിഹരിച്ചെന്നും ഇനി രണ്ട് രാജ്യങ്ങളും ഭാവിയിലേക്ക് കണ്ണുനട്ട് മുന്നോട്ട് നീങ്ങുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഓലി.
അയല്‍ക്കാര്‍ തമ്മില്‍ സ്നേഹവും പ്രശ്നങ്ങളും കൈമാറാറുണ്ടെന്നും ഓലി സൂചിപ്പിച്ചു. ഒരിയ്ക്കല്‍ ഇന്ത്യയുമായി തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞെങ്കിലും അത് എന്തൊക്കെ പ്രശ്നങ്ങളിലായിരുന്നുവെന്നതിന്റെ വിശദാംശങ്ങള്‍ ഓലി നല്‍കിയില്ല. ബിബിസി ഹിന്ദി ചാനലുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഓലിയുടെ പ്രതികരണം.
കഴിഞ്ഞ മാസം രാജ്യത്തോട് നടത്തിയ ടെലിവിഷന്‍ അഭിസംബോധനയില്‍ ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്നം നയതന്ത്രചാനലുകളിലൂടെ ചരിത്ര കരാറുകളും ഭൂപടങ്ങളും രേഖകളും വെച്ച് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരിയ്ക്കല്‍ ഇന്ത്യയുമായി തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ തെറ്റിദ്ധാരണകള്‍ മാറി. ഞങ്ങള്‍ ഒരിയ്ക്കലും ഭൂതകാലത്തിലെ തെറ്റിദ്ധാരണകളില്‍ നമ്മള് കുടുങ്ങിക്കിടക്കില്ല, പകരം ഭാവിയിലേക്ക് നോക്കി മുന്നോട്ട് നീങ്ങും,’ അദ്ദേഹം പറഞ്ഞു. ‘ഒരു തെളിഞ്ഞ ബന്ധം ഞങ്ങള്‍ക്ക് പിന്തുടരും,’ അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയുമായി നേപ്പാളിന് മറ്റൊരു രാജ്യവുമായി ഇല്ലാത്ത തരത്തിലുള്ള ഒരു സവിശേഷ ബന്ധമുണ്ട്. അയല്ക്കാരാകുമ്പോള് സ്നേഹവും പ്രശ്നങ്ങളും പങ്കിടും. ചിലിയിലെയും അര്‍ജന്റീനയിലെയും ജനങ്ങള്‍ക്ക് പ്രശ്നമുണ്ടായിരുന്നില്ലേ? ‘- അദ്ദേഹം ചോദിച്ചു.
പുതുതായി തയ്യാറാക്കിയ രാഷ്ട്രീയ ഭൂപടത്തില്‍ ഇന്ത്യന്‍ മേഖലകളായ ലിംപിയാധുര, കാലാപാനി, ലിപുലേഖ് എന്നിവ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചതിന്റെ ഭാഗമായി ഇന്ത്യയും നേപ്പാളും തമ്മില്‍ അസ്വാരസ്യം ഉണ്ടായിരുന്നു. ഭൂപടം പുറത്തുവിട്ടയുടന്‍ ഇന്ത്യ ശക്തമായി അതിനെ അപലപിച്ചു. ഇത്തരത്തിലുള്ള കൃത്രിമമായി അതിര്‍ത്തികള്‍ മാറ്റിവരയ്ക്കുന്നത് സ്വീകാര്യമല്ലെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. അതിര്ത്തിപ്രശ്നങ്ങള് ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ധാരണയാണ് നേപ്പാള്‍ ഇതിലൂടെ ലംഘിച്ചതെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.
ഇതോടെ നേപ്പാളും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നിലച്ചമട്ടായിരുന്നു. പിന്നീട് 2020 ഒടുവില്‍ ഉയര്‍ന്ന തലത്തിലുള്ള സന്ദര്‍ശനങ്ങള്‍ ഇരുവരും നടത്തി. 2021 ജനവരിയില്‍ നേപ്പാളിലെ വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലി ദല്‍ഹി സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: