ന്യൂദല്‍ഹി: കൊടുംശൈത്യത്തില്‍ ചൈനീസ് സൈനികര്‍ക്ക് ലഡാക്ക് മേഖലയില്‍ പിടിച്ചുനില്‍ക്കാനായില്ലെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90 ശതമാനം സൈനികരെയും ദിവസേന മാറ്റി നിയമിക്കേണ്ടി വന്നുവെന്നാണ് വിവരം. ഇന്ത്യക്കെതിരെ ലഡാക്കില്‍ വര്‍ഷം മുഴുവന്‍ സൈനികരെ നിര്‍ത്താമെന്ന ചൈനയുടെ മോഹം ഇതിലൂടെ തകരുകയായിരുന്നു.
കിഴക്കന്‍ ലഡാക്കിലും ഗാല്‍വാന്‍ താഴ്വരയിലുമായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസത്തിലാണ് ചൈന അരലക്ഷത്തിലധികം സൈനികരെ വിന്യസിച്ചത്. കനത്ത കാറ്റും ഹിമപാതവും നിമിത്തം ചൈനീസ് സൈനികര്‍ ഏറെ വിഷമിച്ചിരുന്നു. അതേസമയം, ഇന്ത്യന്‍ സൈന്യം നിലവിലുണ്ടായിരുന്ന താല്‍ക്കാലിക ടെന്റുകളെല്ലാം മാറ്റി സ്ഥിരം സംവിധാനം ഒരുക്കിയതോടെ സൈനികര്‍ക്ക് കൂടുതല്‍ കാലം അതിര്‍ത്തിയില്‍ തുടരാമെന്ന സാഹചര്യമായി.
കൊടുംശൈത്യവും കനത്ത ഹിമപാതവും നിമിത്തം ചൈനീസ് സൈന്യത്തിന് ഘട്ടംഘട്ടമായി പിന്‍വലിയേണ്ടി വന്നു. ലഡാക്കില്‍ പരിശീലനം ലഭിച്ചവരെ കൂടുതല്‍ കാലത്തേക്ക് നിലനിര്‍ത്താമെന്ന ചൈനയുടെ ആഗ്രഹവും കാലവസ്ഥ മൂലം സാധിച്ചില്ല. പാംഗോങ് തടാകക്കരയില്‍ കനത്ത ശൈത്യത്തിനിടെ എല്ലാ ദിവസവും സൈനികരെ മാറ്റിയാണ് ചൈന പിടിച്ചുനിന്നത്. ഇക്കാര്യം ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചു.
അതേസമയം, ഇന്ത്യ ലഡാക്കിലേക്ക് ഒരു സംഘത്തെ നിയോഗിക്കുന്നത് രണ്ടു വര്‍ഷത്തെ കാലാവധിക്കാണ്. ഇതില്‍ ഒന്നിടവിട്ട വര്‍ഷത്തില്‍ പകുതി പേരെ മാറ്റി പുതിയവരെ നിയോഗിക്കുന്നതാണ് രീതി. ചൈനയുടെ അതിര്‍ത്തിയിലെ ഏതു നീക്കവും തടയാന്‍ പാകത്തിന് ഇന്ത്യയുടെ കര-വ്യോമസേനാ താവളം ലഡാക്കില്‍ സ്ഥാപിച്ചതും ചൈനയ്ക്ക് തിരിച്ചടിയായി. ഇത് ഇന്ത്യക്ക് വ്യക്തമായ മേല്‍ക്കൈ നല്‍കിയെന്നും അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷമാദ്യം പാംഗോങ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരുന്നു. എന്നിരുന്നാലും ഇരുവിഭാഗവും ഈ മേഖലയില്‍ പട്രോളിങ് തുടരുന്നുണ്ട്. സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. കരസേന മേധാവി എം.എം. നരവനെ ലഡാക്ക് മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വേണ്ട നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: