ആലപ്പുഴ: ഗവ. ആയുര്‍വേദ പഞ്ചകര്‍മ്മ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പണം സംസ്ഥാനം പാഴാക്കി, പണം പലിശ സഹിതം തിരിച്ചടയ്ക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു. പാതിയില്‍ നിലച്ച നിര്‍മ്മാണത്തില്‍ ക്രമക്കേടും അഴിമതിയും നടന്നതായും ആക്ഷേപം.
2012ല്‍ പദ്ധതിക്കായി ആകെ അഞ്ചു കോടിയാണ് അനുവദിച്ചത്. രണ്ടു ഗഡുക്കളായി രണ്ടു കോടി വീതം നാലു കോടിയാണ് നല്‍കിയത്. ആദ്യ ഗഡുവായി നല്കിയ രണ്ടു കോടി മാത്രമാണ് ചെലവഴിച്ചത്. ശേഷിച്ച രണ്ടു കോടിയാണ് തിരിച്ചടയ്ക്കേണ്ടത്. ആലപ്പുഴ വലിയ ചുടുകാട് ജങ്ഷന് സമീപം നഗരസഭ ഏറ്റെടുത്തു നല്കിയ 60 സെന്റില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിയില്‍ നിലയ്ക്കുകയായിരുന്നു.
150 രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയാണ് വിഭാവനം ചെയ്തിരുന്നത്. 2015 ജനുവരിയില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. ഹിന്ദുസ്ഥാന്‍ ഫ്രീ ഫാബ്സ് ലിമിറ്റഡാണ് കരാറെടുത്തത്. 2014ല്‍ തൂണുകളുടെയും ആദ്യനിലയുടെയും കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തീകരിച്ചു. ആദ്യ ഗഡുവായി ലഭിച്ച രണ്ടു കോടി വിനിയോഗിച്ച് പൈലിങ്, 159 തൂണുകള്‍, കെട്ടിടത്തിന്റെ അടിത്തറ, സ്ലാബുകള്‍ എന്നിവ പൂര്‍ത്തിയാക്കി. തുടര്‍ന്ന് നിര്‍മ്മാണം നിലച്ചു. കെട്ടിടം ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്.
മൂന്ന് തൂണുകള്‍ക്ക് ബലക്ഷയം കണ്ടെത്തിയതോടെയാണ് നിര്‍മ്മാണം സ്തംഭിച്ചത്. പണി പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാംനിലയിലെ തൂണുകള്‍ ഇളകുന്നതായും നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎസ്എന്‍എല്‍ എഞ്ചിനീയറിങ് വിഭാഗം പരിശോധന നടത്തുകയും മൂന്ന് തൂണുകള്‍ക്ക് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
കെട്ടിടത്തിന്റെ രൂപരേഖയില്‍ വ്യതിയാനം സംഭവിച്ചതായി എഞ്ചിനീയറിങ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അടിത്തറയുടെ ജോലികളും ആദ്യ നിലയുടെ കുറച്ച് ഭാഗങ്ങളും മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. നിലവില്‍ വാടകക്കെട്ടിടത്തിലാണ് ജില്ലാ പഞ്ചകര്‍മ്മ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: