കണ്ണൂര്‍: ബിജെപി ദേശീയ വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ സംസ്ഥാന വിജിലന്‍സിന്റെ നീക്കം രാഷ്‌ട്രീയ പ്രതികാരവും പകപോക്കലും. കേസന്വേഷണം മുന്നോട്ടു പോയാല്‍ പ്രതിക്കൂട്ടിലാവുക ഡിടിപിസിയും ടൂറിസം വകുപ്പും.
അബ്ദുള്ളക്കുട്ടി എംഎല്‍എ സ്ഥാനത്ത് നിന്നു മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കെ എംഎല്‍എ ഫണ്ടിന്റെ വിനിയോഗത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണവുമായി വീട്ടിലെത്തിയത് സംസ്ഥാന ആഭ്യന്തര വകുപ്പിലെ ചില ഉന്നതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. എംഎല്‍എ കാലാവധി കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നു മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍ഡിഎഫ് സംസ്ഥാനത്ത് അധികാരത്തിലായിരുന്നു. ഈ കാലത്തൊന്നും കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനോ കേസെടുക്കാനോ വിജിലന്‍സ് തയാറായിട്ടില്ല.
കൊടകര കള്ളപ്പണക്കേസടക്കം പല ആരോപണങ്ങളുടേയും പേരില്‍ ബിജെപിയേയും നേതാക്കളേയും തെരഞ്ഞെടുപ്പിന് ശേഷം യാതൊരടിസ്ഥാനവുമില്ലാതെ സംസ്ഥാന ഭരണകൂടവും ഒരു വിഭാഗം മാധ്യമങ്ങളും സിപിഎമ്മും കരിതേക്കാനും അവഹേളിക്കാനും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തിയ എ.പി. അബ്ദുള്ളക്കുട്ടിയെ കേസില്‍ കുടുക്കാനുള്ള നീക്കം.
അന്വേഷണം മുന്നോട്ടു പോയാല്‍ ചെന്നെത്തുക അന്നത്തെ ജില്ലാ ഭരണകൂടത്തിലും ടൂറിസം വകുപ്പിലും ഡിടിപിസിയിലുമാണ്. കാരണം എംഎല്‍എ ഫണ്ടിന്റെ വിനിയോഗത്തിന്റെ മേല്‍നോട്ടം ജില്ലാ കളക്ടര്‍മാര്‍ക്കാണ്. കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് ഷോ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഏജന്‍സി ഡിടിപിസിയാണ്. മൈസൂരിലെ കമ്പനിയുടെ പേരിലാണ് നിര്‍മ്മാണ പ്രവൃത്തി നടന്നത്. അതിനാല്‍ തന്നെ അന്വേഷണം ചെന്നെത്തുക അന്നത്തെ സംസ്ഥാന ടൂറിസം വകുപ്പിലും ഡിടിപിസിയിലുമാകും.
മൊഴിയെടുക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടും റെയ്ഡ് നടത്തുന്നുവെന്ന രീതിയില്‍ മാധ്യമങ്ങളൊന്നടങ്കം വാര്‍ത്ത നല്‍കിയതിന് പിന്നിലും ആസൂത്രിതമായ അജണ്ടയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരിലെ ടൂറിസം മന്ത്രിക്കാണ് അഴിമതിയുടെ ഉത്തരവാദിത്തമെന്നാണ് അബ്ദുള്ളക്കുട്ടിയും പ്രതികരിച്ചത്. ഒരു പരാതിയിന്മേല്‍ മൊഴിയെടുക്കാന്‍ വന്നതാണെന്നും നിങ്ങള്‍ കാടുകയറി വാര്‍ത്തകള്‍ നല്‍കരുതെന്നും വിജിലന്‍സ് സംഘം തന്നെ മാധ്യമങ്ങളോട് വിശദീകരിക്കുകയുണ്ടായി. എന്നിട്ടും ചില മാധ്യമങ്ങള്‍ മഹാ സംഭവമായി കാര്യങ്ങളെ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: