കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്. രാഷ്ട്രീയ ലാഭത്തിനും, സ്വാര്‍ത്ഥ താല്‍പ്പര്യത്തിനും വേണ്ടി പ്രായാധിക്യമുള്ള സ്വന്തം പിതാവിനെപ്പോലും തള്ളിപ്പറഞ്ഞ മഹാന് ചാരിത്ര്യപ്രസംഗം നടത്തുകയാണ്. സഹപ്രവര്‍ത്തകനായ രാജ് മോഹന്‍ ഉണ്ണിത്താന് കിങ്ങിണിക്കുട്ടനെപ്പറ്റി പറഞ്ഞത് കേരളീയരുടെ മനസ്സില്‍ ഇപ്പോഴുമുണ്ടെന്നും പ്രഫുല്‍ പരിഹസിച്ചു.
ബിജെപിക്കെതിരെ ധാര്‍മ്മിക രോഷം കൊള്ളുന്ന കെ മുരളീധരന് രാഷ്ട്രീയ ധാര്‍മ്മികതയെപ്പറ്റി പറയാന്‍ എന്ത് അര്‍ഹതയാണുള്ളത്. അച്ഛന്റെ ശ്രാദ്ധ ദിനത്തില്‍ ഷാര്‍ജയില്‍ പിണറായി വിജയനെക്കെട്ടിപ്പിടിച്ച് ഫോട്ടോ ഇട്ട് പിതാവിനോടും കോണ്‍ഗ്രസ്സിനോടും കൂറ് കാണിച്ചത് മലയാളികള്‍ കണ്ടതാണ്. രാഷ്ട്രീയ നിലപാടുകളില്ലാത്ത നട്ടെല്ലില്ലാത്ത നേതാവ് ധാര്‍മ്മികത പുലമ്പുമ്പോള്‍ പുഛം മാത്രമാണെന്നും പ്രഫുല്‍ പറഞ്ഞു.
ഇന്ത്യാ മഹാരാജ്യത്ത് ഭാവി പ്രധാനമന്ത്രി പദം സ്വപ്നം കാണുന്നവര്‍ക്ക് കേരളത്തില്‍ വന്ന് മത്സരിക്കേണ്ട ഗതികേട് എങ്ങിനെയാണുണ്ടായതെന്ന് അഴിമതിമുഖമുദ്രയാക്കിയ കോണ്‍ഗ്രസ്സിന്റെ നേതാവ് നെഞ്ചില്‍ കൈവെച്ച് ആലോചിക്കണം. കൊടകര വിഷയത്തില്‍ ബിജെപിയുടെ കൈകള്‍ ശുദ്ധമാണ്. തലയുയര്‍ത്തിപ്പിടിച്ച് നെഞ്ചുറപ്പോടെ ഏത് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലും ഹാജരാകുന്നതും അതുകൊണ്ട് തന്നെയാണ്. സത്യം തെളിയുക തന്നെ ചെയ്യുമെന്നും പ്രഫുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കൊടകര വിഷയത്തില്‍ ബിജെപിക്കെതിരെ വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ കെ മുരളീധരന് ഉന്നയിച്ചിരുന്നു. ഇതിനെതിരെ ബിജെപി നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: