കഴിഞ്ഞ വര്‍ഷം ജനുവരി 15ന് തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് ബജറ്റിനോടുള്ള കൂട്ടിച്ചേര്‍ക്കലാണ് കെ.എന്‍. ബാലഗോപാല്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ്. സമ്പദ്ഘടനയുടെ നിലവിലുള്ള സ്ഥിതിവിശേഷത്തിന്റെ സൂചന ബജറ്റ് പ്രസംഗത്തിലുണ്ട്. കൊവിഡ് ഒന്നാം വരവിന്റെ മാന്ദ്യത്തില്‍ നിന്നും കരകയറിക്കൊണ്ടിരുന്ന സമയത്താണ് തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ അന്ന് ഒരുപാട് ശുഭപ്രതീക്ഷകളുണ്ടായിരുന്നു. അന്ന് ബജറ്റില്‍ നല്കിയ ഊന്നലും ഇപ്പോഴത്തെ ഊന്നലും തമ്മില്‍ വ്യത്യാസമുണ്ട്.
ഇപ്പോഴത്തെ പ്രത്യേകത കൊവിഡിന്റെ രണ്ടാം വ്യാപനം സമ്പദ്ഘടനയെ വീണ്ടും മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിച്ചു എന്നതാണ്. 2020 ല്‍ പിണറായി വിജയന് സര്‍ക്കാര്‍ 20,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ് കൊണ്ടുവന്നിരുന്നു. അതുപയോഗിച്ചാണ് കമ്മ്യൂണിറ്റി കിച്ചണും സാമൂഹ്യസുരക്ഷാപദ്ധതികളും പെന്‍ഷനും കുടുംബശ്രീ വഴി തൊഴില്‍പദ്ധതികളും നടപ്പാക്കിയത്. അന്നത്തെ മാന്ദ്യാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഒരു 20,000 കോടി രൂപയുടെ പാക്കേജ് മുന്നോട്ടുവച്ചിരിക്കുന്നു. ഇതില്‍ ആരോഗ്യമേഖലയ്ക്ക് തുക മാറ്റിവച്ചിരിക്കുന്നു. ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയില്‍ അതിനെ നേരിടുന്നതിനായി 2800 കോടിയാണ് വകവച്ചിരിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും താലൂക്ക് ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ അനിവാര്യമായ ഒരു ചോദ്യം ഉയരുകയാണ്. 2017 ല്‍ കേന്ദ്രം ഒരു ആരോഗ്യനയം കൊണ്ടുവന്നിരുന്നു. ആ നയം അടിവരയിടുന്നത് 2021-22 ബജറ്റാകുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആഭ്യന്തര മൊത്ത വരുമാനത്തിന്റെ (ജിഎസ്ഡിപി) എട്ട് ശതമാനം
വരെ ആരോഗ്യമേഖലയ്ക്ക് മാറ്റിവയ്ക്കണം. (കേന്ദ്രം രണ്ടര ശതമാനം മുതല്‍ മൂന്നു ശതമാനം വരെയും). ഇക്കാര്യം കേന്ദ്രവും തമസ്കരിച്ചു. കഴിഞ്ഞ ബജറ്റില്‍ കേന്ദ്രത്തിന്റെ നീക്കിയിരുപ്പ് ഒരു ശതമാനത്തില്‍ താഴെയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡം പാലിക്കുന്നതില്‍ കേരളസര്‍ക്കാരും പരാജയപ്പെട്ടു. ഒരു പക്ഷേ കൊവിഡ് ആഘാതം തകര്‍ത്തെറിഞ്ഞ സമ്പദ്ഘടനയാവാം കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും പ്രതിബന്ധമായത്.
കാര്‍ഷികമേഖലയില്‍ കേന്ദ്രത്തിലും സംസ്ഥാനതലത്തിലും തരക്കേടില്ലാത്ത വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയിരുന്നു. കാര്‍ഷികമേഖലയെ ബജറ്റില്‍ പരിഗണിച്ചിട്ടുണ്ടെങ്കിലും കാര്‍ഷികമേഖല നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളുണ്ട്. പാടശേഖരങ്ങളില്‍ നെല്ലുകള്‍ കൂട്ടിയിട്ട് വഴിയോരക്കണ്ണുമായി കര്‍ഷകര്‍ കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ പാലക്കാടും കുട്ടനാടും ഒക്കെ നാം മലയാളികള്‍ കണ്ടുകഴിഞ്ഞു. നെല്ല് സംഭരണം ഒരു പ്രശ്നം തന്നെയാണ്. ഇതിന് പരിഹാരം കാണുമെന്ന് പറഞ്ഞ് കാര്‍ഷികമേഖലയില്‍ ഗോഡൗണ്‍ സൗകര്യം, മൂല്യവര്‍ധനവിന് പദ്ധതികള്‍, കുടുംബശ്രീ, ഇതര സംരംഭകര്‍ക്ക് നബാ
ര്‍ഡ് മുഖേന നാലുശതമാനം പലിശയിളവോടെ ഫണ്ടനുവദിക്കല്‍ എന്നിവയുണ്ട്. തോട്ടവിള വൈവിധ്യത്തിനുള്ള പദ്ധതികളുമുണ്ട്. റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമോ എന്ന് കണ്ടറിയണം. പോയ ബജറ്റുകളിലൊക്കെ സിയാല്‍ മോഡല്‍ പദ്ധതികളിലൂടെ റബ്ബര്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തുമെന്ന് പറഞ്ഞിട്ട് ഒന്നും ചെയ്തില്ല എന്നത് വിസ്മരിക്കുന്നില്ല.
സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്ത വരുമാനത്തിന്റെ 12 മുതല്‍ 14 ശതമാനം വരെ സംഭാവന ചെയ്യുന്ന ടൂറിസം മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 80 ശതമാനവും ഈ മേഖല സ്തംഭിച്ചു. തൊഴിലാളികള്‍ മറ്റ് തൊഴിലുകള്‍ തേടിപ്പോകുന്നു. ടൂറിസം മേഖല പുനരുദ്ധരിക്കാന്‍ ഏതാനും ചില പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ ആദ്യം വേണ്ടത് പൂര്‍ണതോതില്‍ വാക്സിനേഷനാണ്. എല്ലാവര്ക്കും വാക്സിനേഷനായി 1,000 കോടി രൂപ വകയിരുത്തിട്ടുണ്ടെങ്കിലും അതുകൊണ്ട് തീരുന്നില്ല. ടൂറിസം മേഖലയില്‍ വാക്സിനേഷന് പൂര്‍ണമാക്കുക തന്നെ വേണം.
പ്രവാസികളുടെ പുനരധിവാസത്തിന് നടപടികളുണ്ടെങ്കിലും അവ തീരെ അപര്യാപ്തമാണ്. വിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങളൊന്നും ബജറ്റില്‍ പറയുന്നുമില്ല. അതുകൊണ്ടുതന്നെ ജനുവരി 15ന് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങളെ ആശ്രയിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: