കൊല്ലം: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ഐഎന്‍ടിയുസി സംസ്ഥാനകമ്മിറ്റി എഐസിസിക്ക് നല്കിയ റിപ്പോര്‍ട്ടിനെചൊല്ലി ഐഎന്‍ടിയുസിയില്‍ ആഭ്യന്തരകലഹം. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നല്കിയ റിപ്പോര്‍ട്ടിനെതിരെ മുന്‍ പ്രസിഡന്റ് കെ. സുരേഷ്ബാബു പരാതിയുമായി രംഗത്തെത്തിയതാണ് പ്രകോപനത്തിന് കാരണമായത്.
കാലങ്ങളായി ചന്ദ്രശേഖരനെതിരെ അടിസ്ഥാനരഹിതമായ പരാതികള്‍ ഉന്നയിച്ച് പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പിന്നില്‍ നിന്നും നേതൃത്വം നല്‍കുന്നയാളാണ് സുരേഷ്ബാബുവെന്ന് ഐഎന്‍ടിയുസി സംസ്ഥാന ഭാരവാഹികളായ വടക്കേവിള ശശി, എ.കെ. ഹഫീസ്, അഡ്വ. ഇ. യൂസഫ് കുഞ്ഞ്, അഡ്വ. ശൂരനാട് ശ്രീകുമാര്‍, അഡ്വ.കാഞ്ഞിരംവിള അജയകുമാര്‍, കോതേത്തു ഭാസുരന്‍, എച്ച് അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ ആരോപിച്ചു. ഐഎന്‍ടിയുസിക്കെതിരെ പ്രസ്താവനയുമായി മാളത്തില്‍ നിന്നും പുറത്തു ചാടിയ സുരേഷ് ബാബു തൊഴിലാളി വഞ്ചകനെന്നാണ് ഇവരുടെ ആക്ഷേപം.
ഐഎന്‍ടിയുസി സംസ്ഥാനകമ്മിറ്റി എഐസിസിക്ക് നല്കിയ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ആര്. ചന്ദ്രശേഖരന് ഏകപക്ഷീയമായി ഉണ്ടാക്കിയതെന്നാണ് സുരേഷ്ബാബു ആരോപിച്ചത്. എന്നാല്‍ മെയ് ഒമ്പതിന് രാവിലെ മുതല്‍ വൈകിട്ടുവരെ കൂടിയ ഐഎന്‍ടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനപ്രകാരം ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതിയാണ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് എഐസിസിക്ക് സമര്‍പ്പിച്ചതെന്ന് ചന്ദ്രശേഖരന്‍വിഭാഗം പറയുന്നു. ഐഎന്‍ടിയുസി പിണറായി സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങളില്‍ സെക്രട്ടറിയേറ്റിനും കളക്ടേറ്റുകള്ക്കും മുന്നില്‍ നേരിട്ടു നടത്തിയ സമരങ്ങളിലൊന്നും സുരേഷ്ബാബു പങ്കെടുത്തിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
2007ല്‍ ചന്ദ്രശേഖരന് സംസ്ഥാന പ്രസിഡന്റായശേഷം സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഐഎന്‍ടിയുസിയില്‍ വിഭാഗീയത ഉണ്ടാക്കുകയും അതുവഴി കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും ശ്രമിച്ചതായി ആരോപിച്ചു. അക്കാലത്ത് സുരേഷ് ബാബുവിനെ പിന്തുണച്ചിരുന്നവര്‍ ഒന്നാകെചന്ദ്രശേഖരന്റെ പിന്നില്‍ അണിനിരക്കുകയാണ് ഉണ്ടായതെന്നും നേതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: