ജക്കാര്‍ത്ത: ക്രിസ്ത്യന്‍ പള്ളികളില്‍ ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്ന പതിനൊന്ന് ഇസ്ലാമിക തീവ്രവാദികളെ അറസ്റ്റു ചെയ്തെന്ന് ഇന്തോനേഷ്യന്‍ പോലീസ്. രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള പാപ്പുവ പ്രോവിന്സില് നിന്നാണ് ഇവര്‍ പിടിയിലായത്.
രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പാപ്പുവയിലെ മെറൗക്കേ ജില്ലയില്‍ നിന്നാണ് ഭീകര വിരുദ്ധ സേന വെള്ളിയാഴ്ച ഇവരെ പിടികൂടിയത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവ സാന്നിദ്ധ്യം കൂടുതലുള്ള പ്രദേശമാണ് മെറൗക്കേ.
അറസ്റ്റിലായവരില്‍ നിന്നുള്ള സൂചനകളെ തുടര്‍ന്ന് മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായി മെറൗക്കേ പോലീസ് മേധാവി ഉന്റങ് സങാജി വെളിപ്പെടുത്തി. സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനാവശ്യമായ കെമിക്കലുകളും, ആയുധങ്ങളും, ജിഹാദി സാഹിത്യവും, ആക്രമത്തിനുള്ള രൂപരേഖകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റു ചെയ്യപ്പെട്ടവര്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ജീമാ അന്ഷോറുത്ത് ദൗള എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ്. ഇന്തോനേഷ്യയില്‍ നിരവധി ബോംബാക്രമണങ്ങള്‍ നടത്തിയിട്ടുള്ള സംഘടനയാണിത്.
‘നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ആണ് അവര്‍ ഇത്തവണ ലക്ഷ്യം വച്ചിരുന്നത്’ സങാജി പറഞ്ഞു. എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം വിസമ്മതിച്ചു.
ഇപ്പോള്‍ അറസ്റ്റിലായവരില്‍ ചിലര്‍ക്ക് മാര്‍ച്ച് മാസത്തില്‍ റോമന്‍ കാത്തലിക് കത്തീഡ്രലിന് പുറത്തുവച്ചുണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. മകസ്സര്‍ എന്ന സ്ഥലത്ത് ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഉണ്ടായ പ്രസ്തുത ആക്രമണത്തില്‍ ഇരുപതു പേര്‍ക്ക് പരിക്കേറ്റിരുന്നു.
മുന്‍ ഡച്ച് കോളനിയായ പാപ്പുവയില്‍ ഇസ്ലാമിക് ഭീകരന്മാര് അറസ്റ്റു ചെയ്യപ്പെടുന്നത് അപൂര്‍വ്വമാണ്. ഇന്തോനേഷ്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും സംസ്കാരികമായും വംശപരമായും വ്യത്യസ്തത പുലര്‍ത്തുന്ന പ്രദേശമാണ് പാപ്പുവ. യുഎന്‍ മേല്‍നോട്ടത്തില്‍ നടന്ന ഒരു ഹിതപരിശോധനയിലൂടെ 1969 ലാണ് പാപ്പുവ ഇന്തോനേഷ്യയുടെ ഭാഗമായി മാറിയത്.
പാപ്പുവയുടെ തലസ്ഥാനമായ ജയപുരയില്‍ നിന്ന് 2019 ല്‍ ഏഴ് ഇസ്ലാമിക തീവ്രവാദികള്‍ അറസ്റ്റിലായിരുന്നു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നടന്ന തെരച്ചിലില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയവരായിരുന്നു അവര്‍.
ഇന്തോനേഷ്യയിലെ സുരബയായില് 2018 ല്‍ നടന്നതായിരുന്നു അവസാനത്തെ പ്രധാന ഭീകരാക്രമണം. ക്രൈസ്തവ ദേവാലയങ്ങളുടെ നേരെ നടന്ന പ്രസ്തുത ആക്രമണത്തില്‍ രണ്ട് ചെറിയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒരു ഡസന്‍ പേര് മരിച്ചിരുന്നു. മരിച്ച പെണ്‍കുട്ടികളെ അവരുടെ മാതാപിതാക്കള്‍ തന്നെ ആക്രമണത്തില്‍ പങ്കാളികളാക്കുകയായിരുന്നു. ജീമാ അന്ഷോറുത്ത് ദൗളയുടെ പ്രാദേശിക നേതാവായിരുന്നു കുട്ടികളുടെ പിതാവ്.
ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യ, 2002 ലെ ബാലി ബോംബാക്രമണത്തിന് ശേഷം ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികളാണ് എടുത്തുവരുന്നത്. ബാലിയില്‍ അന്ന് കൊല്ലപ്പെട്ട 202 പേരില്‍ കൂടുതലും വിദേശികളായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട തീവ്രവാദികളില്‍ നിന്ന് അടുത്തിടെയായി ഭീഷണികള്‍ കൂടി വരുന്നുവെന്ന് പോലീസ് പറയുന്നു. അവര്‍ പാശ്ചാത്യര്‍ക്കു പകരം സുരക്ഷാ സൈനികരേയും, കാഫിറുകളേയുമാണ് ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: