ഡോ.ഗോപി പുതുക്കോട്
പകല്‍സമയം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോകളായി സ്കൂളുകള്‍ മാറേണ്ടിവരും. ഏറ്റവും ചുരുങ്ങിയത് നാലു ഡിവിഷനുകള്‍ ഒരു സ്കൂളിലുണ്ടാകുമല്ലോ. ഭാഷ പരിസരപഠനം, ഗണിതം, ഇംഗ്ലീഷ് എന്നിങ്ങനെ നാലു വിഷയങ്ങളും. ഇതിനെല്ലാം ക്ലാസുകള്‍ തയ്യാറാക്കണം. ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ക്ക് ആവശ്യമായ തുടര്‍ പ്രവര്‍ത്തന സാമഗ്രികള്‍ വേണം. കുട്ടികളുമായി ഇടയ്ക്കിടെ നടക്കേണ്ട ആശയവിനിമയത്തിന്റെ രൂപരേഖവേണം. രക്ഷാകര്തൃപരിശീലനത്തിന്റെ ഷെഡ്യൂള്‍ വേണം. ഇതെല്ലാം തയ്യാറാക്കപ്പെടണം. ക്ലാസുകളുടെ എണ്ണം കൂടുകയും സ്കൂള്‍ വലുതാവുകയും ചെയ്യുന്നതിനനുസരിച്ചു മുന്നൊരുക്കങ്ങളും കൂടുതല്‍ ഊര്‍ജസ്വലമാക്കണം. ഇതൊക്കെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കാതെ സ്കൂളുകള്‍ക്കും ഇനി പിടിച്ചുനില്‍ക്കാനാവില്ല. ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ക്കും കുട്ടികള്‍ക്കും ഇടയിലെ ഇടനിലക്കാര്‍ എന്ന നിലയില്‍ മാത്രം അധ്യാപകര്‍ക്ക് ഇനി മുന്നോട്ടു പോകാനാവില്ല.
രക്ഷിതാക്കളുടെ സഹകരണത്തോടെ വാര്‍ഡുതല സമിതികള്‍ വരെ രൂപീകരിച്ച് പിന്തുണാസംവിധാനം ഉറപ്പാക്കേണ്ട ബാധ്യതയും അധ്യാപകര്‍ ഏറ്റെടുക്കണം. ഇതുവരെ ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ കാണുന്നുവെന്ന് ഉറപ്പാക്കിയാല്‍ മതിയായിരുന്നു. ഇനി മുതല്‍ സ്വന്തം ക്ലാസുകള്‍ കൂടി കാണുന്നുവെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ പരാതികളും പ്രശ്നങ്ങളും അടുത്തു നിന്നു കേള്‍ക്കാന്‍ അധ്യാപകര്‍ സമയം കണ്ടെത്തണം. അല്പാല്പമായെങ്കിലും കുട്ടികള്‍ സ്കൂളിലെത്തുന്നതുവരെ അവര്‍ പരിഗണിക്കപ്പെടുന്നു എന്നുറപ്പാക്കണം.
കുട്ടികളുടെവാട്സാപ് ഗ്രൂപ്പുകള്‍ സജീവമാണെങ്കിലും അധ്യാപകരും അതില്‍ അംഗങ്ങളാണ്. ദിനേനയെന്നോണം ആശയവിനിമയം നടത്താന്‍ അതുസാഹയകവുമാണ്. അധ്യാപകരും രക്ഷിതാക്കളം ഉള്‍പ്പെടുന്ന ഗ്രൂപ്പുകളും അനിവാര്യമാണ്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രക്ഷാകര്‍തൃയോഗങ്ങള്‍ നടത്തുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ആഴ്ചയിലൊരിക്കലെങ്കിലും ഏതു രീതിയിലായാലും, ഇത്തരം യോഗങ്ങള്‍ നടക്കണം. ഈ പ്രതിസന്ധിയില്‍ രക്ഷിതാക്കളുടെ പൂര്‍ണമായ പിന്തുണയോടെ മാത്രമേ കുട്ടികളിലെ പഠനവിടവു നികത്തികൊടുക്കാനാവൂ. ക്ലാസടിസ്ഥാനത്തിലുള്ള യോഗങ്ങളാണ് ഫലപ്രദം. തല്പരരായ രക്ഷിതാക്കള്‍ക്ക് സ്വന്തം നിലയില്‍ അവതരണങ്ങള്‍ നടത്താനുള്ള അവസരം നല്‍കാവുന്നതാണ്.
ലോക്ഡൗണിനെ തുടര്‍ന്ന് ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ജില്ലാതലത്തില്‍ അതിനു പിന്തുണ ഉറപ്പുവരുത്താനായി സമഗ്രമായ മാര്‍ഗരേഖ തയ്യാറാക്കിയ ജില്ലയാണ് മലപ്പുറം. സ്കൂള്‍തലം മുതല്‍ ജില്ലാതലം വരെയുള്ള പ്രവര്‍ത്തന രൂപരേഖ അതില്‍ വിശദമാക്കുകയുണ്ടായി.തുടക്കത്തില്‍ കാര്യക്ഷമമായി പദ്ധതി മുന്നോട്ടു പോയെങ്കിലും പിന്നീട് താളം പിഴച്ചു. ഏതേതു തലങ്ങളില്‍ എന്തെല്ലാം നടക്കുന്നു എന്നു കൃത്യതയില്ലാതായി. വീഴ്ചകള്‍ കണ്ടെത്താനോ പരിഹരിക്കാനോ കഴിയാതെ സംവിധാനം ഇരുട്ടില്‍ തപ്പുന്നസ്ഥിതിയുണ്ടായി. അധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ ഉപജില്ലാ വിദ്യാഭ്യാസ ജില്ലാ -റവന്യൂ ജില്ല തലങ്ങളിലൊന്നും ഏകോപനമില്ലാത്ത നിലയിലായി. കൃത്യമായ രൂപരേഖ തയ്യറാക്കിയ ജില്ലയുടെ കാര്യമാണിത്. മറ്റിടങ്ങളിലൊന്നും അതു പോലും നടന്നതായി അറിവില്ല.
ഇനി അങ്ങനെ മുന്നോട്ടുപോകാന്‍ കഴിയില്ല. പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ തലങ്ങളിലും കൃത്യമായ ഏകോപനവും ഇടപെടലുകളും വേണ്ടിവരും. അവലോകനം ആഴ്ചയിലൊരിക്കലെങ്കിലും നടക്കേണ്ടിവരും. അതില്‍തന്നെ ഏറ്റവും പ്രധാനം സ്കൂള്‍തല അവലോകനമാണ്.സ്റ്റാഫ് യോഗത്തിനും രക്ഷാകര്തൃയോഗത്തിനും ശേഷം സ്കൂളില്‍ തയ്യാറാക്കുന്ന അവലോകന റിപ്പോര്‍ട്ട് വാരാന്ത്യത്തില്‍ ഉപജില്ലാതലത്തില്‍ നടക്കുന്ന അവലോകനയോഗത്തില്‍ അവതരിപ്പിക്കണം. തുടര്‍ന്ന് റവന്യൂ ജില്ലാതലം വരെ യോഗങ്ങളുണ്ടാകണം. ജില്ലാതല വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പ്രതിമാസകൂടിയിരിപ്പ് അതിപ്രധാനമാണ്. താഴെതട്ടുവരെ നടക്കുന്ന കാര്യങ്ങള്‍ അവലോകനം ചെയ്ത ശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ഈ കൂടിയിരിപ്പ് സഹായിക്കും.
മറ്റൊരു പ്രധാന പ്രതിസന്ധികളിലൊന്ന് കുട്ടികളുടെ പുറംവായനയിലുണ്ടായ കുറവാണ്. അവര്‍ സ്കൂള്‍ ലൈബ്രറികളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. പുറം വായനകുറവ് പഠനക്കുതിപ്പിനെ പിറകോട്ടടിപ്പിക്കുന്നതിനേ സഹായിക്കൂ. മിക്ക സ്കൂളുകളിലും മികച്ച ലൈബ്രറികളുണ്ട്. ഏതെങ്കിലും വിധത്തില്‍ പുസ്തകങ്ങള്‍ കുട്ടികളിലെത്തിക്കാന്‍ സംവിധാനമുണ്ടാകണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ എത്ര കാര്യക്ഷമമായാലും പത്തു മുതല്‍ നാലുവരെ എന്ന സ്കൂള്‍ സമയത്തിനൊപ്പം അതെത്തുകയില്ല. ഏറെ സമയം കുട്ടികള്‍ക്കു വെറുതെയിരിക്കേണ്ടിവരുന്നുണ്ട്. ഇത് വായനയ്ക്കായി മാറ്റിവെയ്ക്കാനായാല് അവരെ ഉത്തേജിപ്പിക്കാന്‍ അതില്പരം മറ്റൊന്നില്ല. അമ്മവായന ഗൗരവമായെടുത്തിട്ടുള്ള സ്കൂളുകളുമുണ്ട്. പ്രൈമറി തലത്തിലെങ്കിലും ഈ പദ്ധതി കുട്ടികളെ അനുകൂലമായി നേരിട്ടു ബാധിക്കുമെന്നുറപ്പാണ് .ഇത്തരം നൂതനാശയങ്ങള്‍ കണ്ടെത്താനും നടപ്പാക്കാനും സ്കൂളുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ടാകണം. വായനയെ തിരിച്ചുപിടിക്കേണ്ടത് അനിവാര്യവും അത്യാവശ്യവുമാണ്.
കഴിഞ്ഞ വര്‍ഷം എന്‍ട്രി ക്ലാസുകാരുടെ കാര്യത്തിലായിരുന്നു കൂടുതല്‍ പ്രതിസന്ധി. അധ്യാപകരും കുട്ടികളും പരസ്പരം കാണാതെ ഒരു വര്‍ഷം കടന്നുപോയി. ഇത്തവണ അവരുടെ പിന്‍ഗാമികളും എത്തുകയാണ്. രണ്ടു ബാച്ചുകള്‍ വീതം ഓരോ ക്ലാസിലും പരസ്പരം കാണാത്തവരായി ഉണ്ടാവും. തീര്‍ച്ചയായും അതീവഗൗരവമായ പ്രശ്നമാണിത്. കൂടുതല്‍ ഡിവിഷനുകളുള്ള സ്ഥാപനങ്ങളില്‍ ഇവരെ തിരിച്ചറിഞ്ഞ് മൂല്യനിര്‍ണയം നടത്തുക അസാധ്യം തന്നെയാണ്. ലോക്ഡൗണ്‍ വളരെവേഗം അവസാനിച്ച് എല്ലാവരും ഹാജരാകാനിടവരട്ടെയന്നു പ്രാര്‍ത്ഥിക്കുകയേ നിര്‍വ്വാഹമുള്ളൂ. അപ്രതീക്ഷിതമായി അങ്ങനെയൊരവസരം വരുമെന്നു കരുതുക. എത്രസ്കൂളുകള്‍ കുട്ടികള്‍ക്ക് നേരെ കയറിച്ചെന്ന് ഇരിക്കാവുന്ന വിധത്തിലുണ്ടാവും. ഒരു വര്‍ഷത്തിലധികമായി അടഞ്ഞു കിടക്കുന്ന ക്ലാസുകളാണധികവും. പത്താം ക്ലാസുകാര്‍ക്കു മാത്രമാണ് ഇതിനിടയില്‍ കുറച്ചു വരാനായത്. സ്കൂള്‍ സഹായ സമിതിയുടെയും മറ്റും നേതൃത്വത്തില്‍ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്.
എല്ലാ അധ്യാപകരും ഓണ്‍ലൈന്‍ ക്ലാസുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കണം. ഒരു പ്രദേശത്തെ ഏതാനും സ്ഥാപനങ്ങളെ ഒന്നിച്ചു കണ്ടുകൊണ്ട് മൊബൈല്‍ ക്ലിനിക് പോലെയുള്ള രീതികള്‍ ആലോചിക്കാവുന്നതാണ്.
വിദ്യാലയവര്‍ഷം ആരംഭിക്കുന്നതോടെ മക്കളെ ചേര്‍ക്കാന്‍ പുതിയ സ്കൂളുകള്‍ അന്വേഷിക്കുന്നവരുമുണ്ടാകും. മറ്റെല്ലാ പരിഗണനകളും മാറ്റിവെച്ച് കുട്ടികളുടെ സുരക്ഷിതത്വത്തില്‍ ഊന്നുകയാണ് ഇപ്പോള്‍ വേണ്ടത്. കൊവിഡ് നമ്മെ പലതും പഠിപ്പിച്ചിരിക്കുന്നു. നമ്മുടെ ശാസ്ത്രാവബോധത്തിന്റെ ഗ്രാഫ് ഗണ്യമായി ഉയര്‍ന്നിരിക്കുന്നു. ശാസ്ത്രസത്യങ്ങള്‍ക്കു മുമ്പില്‍ കേവലയുക്തിക്കോ വിശ്വാസങ്ങള്‍ക്കോ പിടിച്ചു നില്‍ക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം ഇപ്പോള്‍ എല്ലാവരും ഉള്‍ക്കൊള്ളുന്നു. ശാസ്ത്രാഭിമുഖ്യമില്ലാത്ത സമൂഹജീവി എന്ന നിലയില്‍ പുലര്‍ന്നുപോകാന്‍ ഇനി നമുക്കാവില്ല. അങ്ങനെയെങ്കില്‍ വിദ്യാഭ്യാസത്തെ സമീപിക്കേണ്ടതും ശാസ്ത്രാവബോധത്തോടെയാകണം. കുട്ടിയെ എവിടെ ചേര്‍ക്കണമെന്ന ചോദ്യത്തിന് അപ്പോള്‍ ഒരുത്തരമേ കാണൂ വീടിനടുത്തുള്ള സ്കൂളില്‍. അയല്പക്കവിദ്യാഭ്യാസത്തേക്കാള് ശാസ്ത്രീയമായ മറ്റൊരു രീതിയും ഇതുവരെ കണ്ടെത്തിയിട്ടില്ല.
മാസ്കും, സാനിറ്റൈസറും അകലം പാലിക്കലുമൊക്കെ നിര്‍ബന്ധമാവുകയാണ്. അടച്ചിടലില്‍ ഇളവു വന്നാല്‍ പോലും ഇതിലൊന്നും വിട്ടുവീഴ്ചയുണ്ടാകാന്‍, കുറെ കാലത്തേയ്ക്കെങ്കിലും സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിതമായി നടന്നെത്താവുന്ന സ്കൂളുകളില്‍ വേണം കുട്ടികളെ ചേര്‍ക്കാന്‍. ദൂരെയുള്ള സ്കൂളിലേയ്ക്ക് ദൈനംദിന ബസ്സില്‍ പോയിവരുന്ന വിദ്യാര്‍ത്ഥി ഇനിയുള്ള കാലം കേരളത്തില്‍ ഒരത്ഭുതകാഴ്ചയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: