ശ്രീനഗര്‍ : ജമ്മുകശ്മീര്‍ താഴ്്വരയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി സന്ദര്‍ശനം നടത്തി കരസേനാ മേധാവി എം.എം. നരവനെ. അതിര്‍ത്തിയില്‍ ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ കരാര്‍ ധാരണയായി 100 ദിവസം തികഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സ്ഥിതി വിലയിരുത്താന്‍ ദ്വിദിന സന്ദര്‍ശനത്തിന് എത്തിയത്.
നോര്‍ത്തേണ്‍ കമാന്‍ഡര്‍ ചീഫ് ലെഫ്. ജനറല്‍ വൈ.കെ. ജോഷിയും, 15 കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഡി.പി. പാണ്ഡെയും വിവിധ യൂണിറ്റുകളിലായി സന്ദര്‍ശനം നടത്തിയിരുന്നു. നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ചും ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനെ തടയുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക കമാന്‍ഡര്‍മാരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
രാജ്യത്തിന് നേരെ വരുന്ന പാക് ഭീകരത അടക്കം എല്ലാ സുരക്ഷാ വെല്ലുവിളികളും നേരിടാന്‍ സജ്ജമായിരിക്കണമെന്നും സൈന്യത്തിന് അദ്ദേഹം മുന്നറിയിപ്പ് നല്കി. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള ജമ്മു കശ്മീര്‍ പോലീസിന്റേയും ഭരണകൂടവും കേന്ദ്ര സായുധ സേനയും നടത്തി വരുന്ന പ്രയത്നങ്ങളേയും നരവനെ അഭിനന്ദിച്ചു.
ബുധനാഴ്ച കശ്മീരിലെത്തിയ കരസേന മേധാവി 778 കിലോമീറ്റര്‍ വരുന്ന നിയന്ത്രണരേഖയും സന്ദര്‍ശിക്കും. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ധാരണയായതിന് ശേഷം ആദ്യമായാണ് കരസേന മേധാവി നിയന്ത്രണരേഖ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: