ഷൊര്‍ണൂര്‍ : ബ്ലാക്ക് ഫംഗസ് രോഗബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിക്ക് വേണ്ടി സമൂഹ മാധ്യമത്തിലൂടെ സഹായം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ തന്നെ ഫോണ്‍ വിളിച്ച് ശല്യം ചെയ്തയാള്‍ക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഇയാള്‍ അ്യച്ച സന്ദേശവും നമ്പറും അടക്കം ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് സന്ദീപ് വാര്യര്‍ മറുപടി നല്‍കിയിരിക്കുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഷൊര്‍ണൂര്‍ സ്വദേശിക്കായി ജീവന് രക്ഷാ മരുന്ന് സംഘടിപ്പിക്കാനായാണ് സന്ദീപ് വാര്യര്‍ തന്റെ ഫോണ്‍ നമ്പര്‍ അടക്കം നല്കി സഹായം അഭ്യര്‍ത്ഥിച്ചത്.
ധാരാളം പേര് വിവരങ്ങളുമായി ഫോണ്‍ വിളിച്ചെങ്കിലും ഇതിന് പിന്നാലെ കണ്ണൂര്‍ സ്വദേശി എന്ന് അവകാശപ്പെടുന്ന ഒരാള്‍ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു. ബിജെപി കണ്ണൂര്‍ ജില്ലാ കാര്യവാഹ് ആണെന്നാണ് ആദ്യം ഇയാള്‍ പരിചയപ്പെടുത്തിയത്. എന്നാല്‍ അത്തരം ഒരു ചുമതല ഇല്ലെന്ന് അറിയിച്ച ഫോണ്‍ വെച്ചതോടെ ഇയാള്‍ ഇരുപതിലധികം തവണയാണ് പിന്നീട് ഫോണ്‍ ചെയ്തത്. നമ്പര്‍ ബ്ലോക്കാക്കിയതോടെ ആ നമ്പറില്‍ നിന്നും ഫോണ്‍ എടുക്കാനായി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഒരു മനുഷ്യന് ജീവന് വേണ്ടി നരകിക്കുമ്പോള്‍ അയാള്‍ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മരുന്ന് എത്തിക്കാനാണ് ശ്രമിച്ചത്. എന്റെ രാഷ്ട്രീയത്തോട് വിയോജിച്ചോളൂ , വിമര്‍ശിച്ചോളൂ. പക്ഷേ കുറച്ചെങ്കിലും മനുഷ്യത്വമാവാം. മഹാമാരിയുടെ കാലത്ത് ഈ അസഭ്യ സന്ദേശമയച്ച ആളോട് ദൈവം പൊറുക്കട്ടെയെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: