ന്യൂദല്‍ഹി: 2020-21 കാലഘട്ടം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇരുണ്ട വര്‍ഷമായിരിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ അഭിപ്രായപ്രകടനത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് കേന്ദ്ര സാമ്പത്തികകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍.
മുന്‍ധനകാര്യമന്ത്രി വസ്തുതകളെ അവഗണിക്കുന്നുവെന്നതില് അത്ഭുതമില്ലെന്നും ബുധനാഴ്ച നടത്തിയ ട്വീറ്റില്‍ അനുരാഗ് താക്കൂര്‍ പറഞ്ഞു. ‘തുടര്‍ച്ചയായ പരിഷ്കാരങ്ങളും ഉറച്ച അടിസ്ഥാനസഹാചര്യങ്ങളും ഇന്ത്യ അതിവേഗത്തില്‍ തിരിച്ചുവരുമെന്നതിന്റെ സൂചനകളാണ്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ പൂജ്യത്തിന് താഴെ 24.4 ശതമാനം നെഗറ്റീവ് വളര്‍ച്ചയായിരുന്നു. എന്നാല്‍ നാലാം പാദത്തില്‍ എത്തിയപ്പോള്‍ അത് പൂജ്യത്തിന് മുകളില്‍ പോയി 1.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി,” അനുരാഗ് താക്കൂര്‍ വിശദീകരിച്ചു.
‘താങ്കള്‍ ഇന്ത്യയിലെ വ്യവസായസംരംഭകരുടെയും ചെറുകിട ബിസിനസുകാരുടെയും കച്ചവടക്കാരുടെയും ഇടത്തരം-ചെറുകിട സംരംഭങ്ങളുടെയും തിരിച്ചുവരവ് ശേഷിയെ സംശയിക്കുമ്പോള്‍, വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ ഇന്ത്യ 2021-22ല്‍ 12.5 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിക്കുന്നു. ഇരട്ടയക്ക വളര്‍ച്ച നേടരുന്ന പ്രധാന സമ്പദ്ഘടനയാണ് ഇന്ത്യയെന്നും പറയുന്നു,’ ചിദംബരത്തിനെ വിമര്‍ശിച്ചുകൊണ്ട് അനുരാഗ് താക്കൂര്‍ പറഞ്ഞു.
മിക്ക ഇന്ത്യക്കാരും രണ്ടു വര്‍ഷം മുമ്പത്തേതിനേക്കാളും ദരിദ്രരായി എന്ന് ചിദംബരം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഈ മഹാമാരിയില്‍ ലോകത്തിലെ മികച്ച സമ്പദ് വ്യവസ്ഥകളെയൊന്നും ബാധിച്ചിട്ടില്ലേ എന്ന മറുചോദ്യം കൊണ്ടാണ് അനുരാഗ് താക്കൂര്‍ ഈ വിമര്‍ശനത്തെ നേരിട്ടത്.
‘ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒരു ഒറ്റപ്പെട്ട ദ്വീപാണോ? പ്രധാന സമ്പദ് ഘടനകളുടെ ജിഡിപി (മൊത്ത ആഭ്യന്തരോല്പാദനം) ചുരുങ്ങിയിട്ടില്ലേ? ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുകെ എന്നിവ യഥാക്രമം 8.2 ശതമാനം, 4.9 ശതമാനം, 8.9 ശതമാനം , 9.9 ശതമാനം എന്നിങ്ങനെ ചുരുങ്ങിയെന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ? കാനഡ, റഷ്യ, ദക്ഷിണാഫ്രിക്ക, യുഎസ്എ എന്നിവയുടെ ജിഡിപിയും കഴിഞ്ഞ വര്‍ഷം ചുരുങ്ങി. ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്ത് മിക്കയിടത്തും തകര്ച്ചകള് ഉടലെടുത്തെങ്കിലും ഇന്ത്യ പിടിച്ചുനിന്നു, തിരിച്ചുവരവിലേക്ക് നീങ്ങുകയും ചെയ്യുന്നു,’ അനുരാഗ് താക്കൂര്‍ പറഞ്ഞു.
ക്യാഷ് ട്രാന്‍സ്ഫറുകളുടെ കാര്യത്തില്‍ പുരോഗതി നേടാന്‍ കഴിഞ്ഞില്ല എന്ന ചിദംബരത്തിന്റെ വിമര്‍ശനത്തെയും താക്കൂര്‍ നേരിട്ടു. ‘ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 36.9 ദശലക്ഷം ടണ്‍ നെല്ലും 162.7 ദശലക്ഷം ടണ്‍ ഗോതമ്പും ശേഖരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2009-2013 വരെയുള്ള കാലഘട്ടത്തില്‍ സംഭരിച്ചത് 176.8 ദശലക്ഷം ടണ്‍ നെല്ലും 139.5 ദശലക്ഷം ടണ്‍ ഗോതമ്പും മാത്രമാണ്,’- അനുരാഗ് താക്കൂര്‍ വിശദീകരിച്ചു.
വി-ആകൃതിയിലുള്ള വളര്‍ച്ച എന്ന് കേന്ദ്രം കൊട്ടിഘോഷിക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവ് എന്ന കഥ വെറും കെട്ടുകഥയാണെന്നും ചിദംബരം വിമര്‍ശിച്ചിരുന്നു. ‘ആദ്യ തരംഗം വന്നപ്പോള്‍ തന്നെ ധനമന്ത്രിയും മുഖ്യസാമ്പത്തിക ഉപദേശകനും ആണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവിന്റെ കഥ പറഞ്ഞത്. ആരും പ്രതീക്ഷ കാണാതിരുന്നപ്പോള്‍ അവര്‍ ചില പ്രതീക്ഷയുടെ പച്ചനാമ്പുകള്‍ കണ്ടു. അവര്‍ വി-ആകൃതിയിലുള്ള സമ്പദ്ഘടനയുടെ തിരിച്ച് വരവ് പ്രവചിച്ചു. പക്ഷെ ഇത് വെറും കെട്ടുകഥയാണ്,’- ഇതായിരുന്നു ചിദംബരത്തിന്റെ വാദം.
ഇതിന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ വി-ആകൃതിയില്‍ ഇന്ത്യന്‍ സമ്പദ്ഘടന വളരുന്നതിന്റെ ഗ്രാഫ് ട്വിറ്ററില്‍ പങ്കുവെച്ചാണ് അനുരാഗ് താക്കൂര്‍ മറുപടി പറഞ്ഞത്. ഒരു ഒട്ടകപ്പക്ഷിയ്ക്ക് മാത്രമേ ഇത് നിഷേധിക്കാന്‍ കഴിയൂ എന്നും അനുരാഗ് താക്കൂര്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: