ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി കടം വാങ്ങി മുങ്ങിയ ജ്വല്ലറി ബിസിനസുകാരന്‍ മെഹുല്‍ചോക്‌സിയെ ഇന്ത്യയില്‍ എത്തിക്കുക എന്ന ദൗത്യവുമായി ശാരദാ റൗട്ട് എന്ന സിബി ഐ ഓഫീസറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഡൊമിനിക്കയില്‍ ക്യാമ്പ് ചെയ്യുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ചുമതലയുള്ള ഉദ്യോഗസ്ഥ കൂടിയാണ് ശാരദാ റൗട്ട്. മറ്റ് ആറ് സിബി ഐ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. ഡൊമിനിക്ക എന്ന രാജ്യം മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാട്കടത്താമെന്ന് തീരുമാനിച്ചാല്‍ ആ നിമിഷം ശാരദയും സംഘവും മെഹുല്‍ ചോക്‌സിയെ സ്വകാര്യ ജെറ്റില്‍ ഇന്ത്യയില്‍ എത്തിക്കും. ഡൊമിനിക്കയിലെ കോടതിയാണ് അന്തിമ വിധി പറയേണ്ടത്.
ബുധനാഴ്ച കോടതി വാദം കേള്‍ക്കുമ്പോള്‍ കേസില്‍ ഇന്ത്യയെ ശക്തമായി പ്രതിനിധീകരിക്കുമെന്ന് ഡൊമിനിക്കന്‍ അധികൃതരെ ബോധ്യപ്പെടുത്താന്‍ ശാരദയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. ഇഡിയുടെ സത്യവാങ്മൂലം ഡൊമിനിക്കന്‍ കോടതി മുമ്പാകെ ഹാജരാക്കാനും പദ്ധതിയുണ്ട്. മെഹുല്‍ ചോക്‌സിയുടെ കസ്റ്റഡി ഇന്ത്യന്‍ സര്‍ക്കാരിന് അത്യാവശ്യമാണെന്ന് സിബി ഐയും ഇഡിയും പരമാവധി ബോധ്യപ്പെടുത്തും.
അതിനിടെ മെഹുല്‍ ചോക്‌സിയുടെ സഹോദരന്‍ ചേതന്‍ ചിനുഭായ് ചോക്‌സി ഡൊമിനിക്കയിലെ പ്രതിപക്ഷനേതാവിന് കേസില്‍ അനുകൂല വിധിയുണ്ടാക്കാന്‍ കൈക്കൂലി നല്‍കിയതായി അസോസിയേറ്റ് ടൈംസ് ആരോപിച്ചിരുന്നു. കേസില്‍ മെഹുല്‍ ചോക്‌സിക്ക് അനുകൂല വിധിയുണ്ടാക്കുകയാണ് ലക്ഷ്യം. മെയ് 29ന് ഡൊമിനിക്കയില്‍ എത്തിയ ചേതന്‍ ചിനുഭായി ചോക്‌സി പ്രതിപക്ഷ നേതാവ് ലെനോക്‌സ് ലിന്റണെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഹോങ്കോങ് ആധാരമായി പ്രവര്‍ത്തിക്കുന്ന ഡിജികോ ഹോള്‍ഡിംഗ് ലി. എന്ന കമ്പനിയുടെ ഉപസ്ഥാപനമായ ഡൊമിനികോ എന്‍വി എന്ന സ്ഥാപനം നടത്തുകയാണ് ചേതന്‍. രണ്ട് ലക്ഷം ഡോളറുകള്‍ കൈക്കൂലി നല്‍കിയെന്നാണ് പത്രം ആരോപിച്ചിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ 10 ലക്ഷം ഡോളറുകള്‍ വേറെയും നല്‍കാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: