ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിമായുമായ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച അദ്ദേഹത്തിന്റെ കോര്‍ ടീം അംഗങ്ങളെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു. മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും തമ്മില്‍ പാര്‍ട്ടിയിലുള്ള ചേരിതിരവിന്റെ ഏറ്റവും പുതിയ സംഭവമായി ഇത് മാറിയിട്ടുണ്ട്. ചിലരെ മാത്രമാണ് രാഹുല്‍ ഫോളോ ചെയ്യുന്നതെന്നും എല്ലാ നേതാക്കളെയും പിന്തുടരുന്നില്ലെന്നും ചില അംഗങ്ങള്‍ക്ക് പരാതിയുണ്ടായിരുന്നു. പിന്നാലെയാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 18.8 ദശലക്ഷം ആളുകള്‍ രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ പിന്തുടരുന്നു. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായികളായ കെ ബി ബൈജു, നിഖിലും നിവേദിത് അല്‍വയും, കൗശല്‍ വിദ്യാര്‍ഥി, അലങ്കാര്‍ സവായ് എന്നിവര്‍ രാഹുല്‍ ഗാന്ധി അണ്‍ഫോളോ ചെയ്തവരില്‍ പെടുന്നു.
ചൊവ്വാഴ്ച വരെ അദ്ദേഹം പിന്തുടര്‍ന്നിരുന്നത് 281 പേരെ. വൈകുന്നേരമായപ്പോള്‍ ഇത് 228-ല്‍ എത്തി. ബുനനാഴ്ച രാവിലെ വീണ്ടും ചുരുങ്ങി 219 ആയി. പാര്‍ലമെന്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന മാണിക്കം ടാഗോര്‍ രാഹുല്‍ ഇപ്പോഴും പിന്തുടരുന്നവരിലുണ്ട്. പ്രധാനപ്പെട്ട പാര്‍ട്ടിഭാരവാഹികളായ ശക്തിസിന്‍ഹ് ഗോഹില്‍, ഉമ്മന്‍ ചാണ്ടി, വക്താക്കളായ മനു അഭിഷേക് സിംഗ്‌വി, പവന്‍ ഖേര, പ്രതിപക്ഷ നേതാക്കളായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്രയന്‍, ഡിഎംകെയുടെ കനിമൊഴി തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ‘എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നടപടിയെന്നും ഇത് സത്യമാണോയെന്നും അറിയില്ല’ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
എങ്കിലും രാഹുല്‍ ഗാന്ധി അണ്‍ഫോളോ ചെയ്ത അദ്ദേത്തിന്റെ ഓഫിസിലെ രണ്ടുപേര്‍ പുതിയ സംഭവ വികാസങ്ങള്‍ ശരിവച്ചു. ‘അദ്ദേഹം ഞങ്ങളെ പിന്തുടരുന്നതില്‍ പലര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. അതുകൊണ്ട് ഓഫിസിലുള്ള ആരെയും ഫോളോ ചെയ്യണ്ട എന്ന് തീരുമാനിച്ചു.’- രാഹുല്‍ ഗാന്ധിയുടെ ഓഫിസിലുള്ള പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ പറഞ്ഞു. ചില മാധ്യമപ്രവര്‍ത്തകരെയും വസ്തുതാ പരിശോധകരെയും പിന്തുടരുന്നതും രാഹുല്‍ ഒഴിവാക്കി. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് നിഖില്‍ അല്‍വയായിരുന്നുവെങ്കിലും ഇപ്പോള്‍ അലങ്കാര്‍ സവായ് ആണ്. എന്നാല്‍ പാര്‍ട്ടിയിലെ ചിലര്‍ ട്വിറ്റര്‍ അക്കൗണ്ട് സംബന്ധിച്ച വാര്‍ത്തകള്‍ കാര്യമാക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: