ഇടുക്കി: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പടിവാതിക്കലെത്തി നില്‍ക്കെ രാജ്യത്തെ തന്നെ നടുക്കിയ ദുരന്തമുണ്ടായ പെട്ടിമുടി ഇപ്പോഴും ഫോണ്‍ പരിധിക്ക് പുറത്ത്. 2020 ആഗസ്റ്റ് ആറിന് അര്‍ദ്ധരാത്രിയിലാണ് ഉരുള്‍പൊട്ടല്‍ വലിയ ദുരന്തം വിതച്ചത്.
ഒന്നര കിലോമീറ്ററോളം ദൂരത്ത് നിന്ന് വലിയ കല്ലും മണ്ണും അടക്കമുള്ളവ ഒഴുകിയെത്തിയത് ലയങ്ങളുടെ മുകളിലേക്കാണ്. അന്ന് 70 പേര്‍ക്ക് ജീവന് നഷ്ടമായി. ഇതില്‍ നാല് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്. ഇതിന് ശേഷം ഇവിടെ ജനവാസം കുറഞ്ഞെങ്കിലും തോട്ടത്തിലെ തൊഴിലാളികളായ ഇതര സംസ്ഥാനക്കാരായ നിരവധി പേര് ഇവിടെയും പരിസരത്തുമായി താമസിക്കുന്നുണ്ട്.
ഇടക്കിടക്ക് റേഞ്ച് വരുമെങ്കിലും മഴയെത്തിയാല്‍ എല്ലാം പോകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കൂടുതല്‍ സമയവും ഇവരുടെ ജീവിതം. ഇതോടെ പെട്ടിമുടി ദുരന്തം പോലുള്ളവ ആവര്‍ത്തിച്ചാല്‍ എങ്ങനെ പുറംലോകത്തെ അറിയിക്കുമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു.
അപകട സമയത്ത് രണ്ട് ദിവസമായി മഴ ശക്തമായി തുടര്‍ന്നതിനാല്‍ പ്രദേശത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ മൊബൈല്‍ ടവറിന്റെയും പ്രവര്‍ത്തനം നിലച്ചു. രാവിലെ ഏഴ് മണിയോടെ രക്ഷപ്പെട്ടവര്‍ നടന്നെത്തി ഇരവികുളം ദേശീയോദ്യാനത്തിലെ വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ അറിയിച്ചപ്പോഴാണ് വിവരം പുറംലോകത്തെത്തുന്നത്.
ഈ സമയം തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവനായി പിടയുന്നത് കണ്ട് നോക്കി നില്‍ക്കേണ്ടി വന്നവരാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടവരില്‍ അധികവും. പിന്നീട് സ്ഥലത്തെ മുഴുവന്‍ താമസക്കാരേയും ഇവിടെ നിന്ന് മാറ്റി. കുറച്ച് പേര്‍ക്ക് വീടും പണിത് നല്കി. സമീപത്തെ രാജമല എസ്റ്റേറ്റിലേക്ക് എത്തിയവരും നിരവധിയാണ്. എന്നാല്‍ ഇവിടേയും പരിസര പ്രദേശങ്ങളിലൊന്നും തന്നെ ‘റേഞ്ച്’ ഏറെക്കാലമായി പരിധിക്ക് പുറത്താണ്. സമീപത്ത് തരക്കേടില്ലാതെ ഇന്റര്‍നെറ്റും കോളും വിളിക്കാനാകുക മൂന്നാര്‍ ടൗണില്‍ മാത്രമാണ്.
ഓണ്‍ലൈന്‍ പഠനത്തിനായി രാജമല എസ്റ്റേറ്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ആറ് കിലോമീറ്റര്‍ നടന്നെത്തുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഈ മാസം അഞ്ചിനകം കണ്ണന്‍ദേവന്‍ കമ്പനി ടവര്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമ പ്രകാരം നടപടി എടുക്കാനാണ് ജില്ലാ കളക്ടറുടെ തീരുമാനം. നേരത്തെ ജിയോയുടെ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. രാജമലയില്‍ മാത്രം 50 വിദ്യാര്‍ത്ഥികളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: