തിരുവനന്തപുരം: ഓര്‍മ്മയുണ്ടോ…? പതിനെട്ടാം വയസില്‍ ഗ്ലൈഡര്‍ വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് ഒറ്റയ്ക്ക് ആകാശയാത്ര നടത്തിയ തിരുവനന്തപുരത്തുകാരിയെ. തമ്പാനൂര്‍ മോസ്ക്ക് ലൈന്‍ ശ്രുതിയില്‍ പരേതനായ കെ.പി. ശ്രീധരന്-ലീലാ ഭായി ദമ്പതികളുടെ മകള്‍ ഷീല രമണിയാണ് ആ ചരിത്രനേട്ടത്തിനുടമ.
കാലിക്കറ്റ് സര്‍വകലാശാലയില്‍ 27 വര്‍ഷത്തെ സേവനത്തിനു ശേഷം അസി. രജിസ്ട്രാറായി ഇന്നലെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. ഗ്ലൈഡറില്‍ പാറിപ്പറന്ന ആ പതിനെട്ടുകാരി ഡോ. ഷീലാ രമണി. ആയുര്‍വേദ ഡോക്ടര്‍, നാലു തവണ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ്, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്, എന്‍സിസി അണ്ടര്‍ ഓഫീസര്‍, യോഗ അധ്യാപിക, യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥ ഇങ്ങനെ ഈ പെണ്‍കരുത്തിന് വഴങ്ങിയ മേഖലകള്‍ നിരവധി. വഴുതക്കാട് വനിതാ കോളേജില്‍ പഠിക്കുമ്പോള്‍ എന്‍സിസിയില്‍ നിന്ന് ലഭിച്ച ഇന്ധനം ഉള്ളില്‍ നിറച്ചാണ് എണ്‍പതുകളില്‍ ഷീല പൈലറ്റ് സ്വപ്നത്തിലേക്ക് പറന്നത്.
സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, 18-ാം വയസ്സില്‍ കേരളത്തില്‍ ആദ്യമായി ഒറ്റയ്ക്ക് ഗ്ലൈഡര്‍ വിമാനം പറപ്പിച്ച പെണ്‍കുട്ടിയെന്ന ചരിത്രം ഷീലയ്ക്ക് മാത്രം സ്വന്തം. ചെറുവിമാനങ്ങള്‍ പറപ്പിക്കാനുള്ള പ്രൈവറ്റ് പൈലറ്റ് ലൈസന്‍സും ഷീല നേടിയിട്ടുണ്ട്. 1984ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദില്ലിയുടെ ആകാശത്തില്‍ ഷീലാ രമണി ഗ്ലൈഡര്‍ പറത്തി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൈയടി നേടിയത് അക്കാലത്ത് ദേശീയ മാധ്യമങ്ങളടക്കം ഒന്നാം പേജില്‍ അടിച്ചുനിരത്തി ആഘോഷിച്ചത് ചരിത്രം.
സാമ്പത്തിക പരാധീനതകള്‍ കൊമേഴ്സ്യല്‍ പൈലറ്റാവാനുള്ള ഷീലയുടെ മോഹങ്ങള്‍ക്ക് വിലങ്ങുതടിയായി. സാഹചര്യങ്ങള്‍ ഷീലയെ പൈലറ്റിന്റെ വേഷം അഴിച്ചുവയ്പ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലി കിട്ടി. പിന്നിട് ഷീലയുടെ കരിയര്‍ മറ്റ് വഴികളിലേക്കു പറന്നു. പക്ഷേ, മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഷീലാ രമണി പ്രചോദനമാണ്, ഈ തലമുറയില്‍ വിമാനം പറത്താന്‍ കൊതിക്കുന്ന പെണ്‍കുട്ടികള്‍ക്ക്.
ഡോ. സാം എബനേസര്‍ ആണ് ഷീലയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തെ തപസ്സിനൊടുവില്‍ കിട്ടിയ നാലു വയസുകാരി ആദ്യയാണ് മകള്‍. വിരമിച്ചെങ്കിലും വിശ്രമമില്ല ഷീലയ്ക്ക്. തന്നെ തേടിയെത്തുന്ന രോഗികളെ ചികിത്സിക്കണം, യോഗ ക്ലാസ്, കരാട്ടെ ക്ലാസ്… പിന്നെ വൈകി കിട്ടിയ ഭാഗ്യം, ആദ്യ മോളെ കൊഞ്ചിച്ചും ലാളിച്ചും… തിരക്കിലാണ് ഷീലാ രമണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: