ഛണ്ഡിഗഡ്: കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബില്‍ നേതൃമാറ്റമുണ്ടാകുമെന്ന വാദം തള്ളി കോണ്‍ഗ്രസ്. എന്നാല്‍ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെ വിമതശല്യം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. മൂന്നംഗ സമിതിയിലെ അംഗമായ മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത് 25 എംഎല്‍മാരുള്‍പ്പെടെ 28 പേരുമായി കൂടിക്കാഴ്ച നടത്തി. 2015-ല്‍ മതഗ്രന്ഥത്തെ അപമാനിച്ച കേസുമായും പൊലീസ് വെടിവയ്പുമായും ബന്ധപ്പെട്ട് നടപടികളില്ലാത്തത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയതായി ഹരീഷ് റാവത്ത് തിങ്കളാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി അമരീന്ദര്‍ സിംഗില്‍ വലിയ പ്രതീക്ഷയായിരുന്നു എംഎല്എമാര്ക്കുണ്ടായിരുന്നത്. അതുകൊണ്ടാണ് നീരസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”അവരുടെ മണ്ഡലങ്ങളെ അവര്‍ക്ക് വികസിപ്പിക്കണമെന്ന് നേതാക്കള്‍ ഞങ്ങളോട് പറഞ്ഞു. അവര്‍ക്ക് കുറച്ച് പണം നല്‍കിയിരുന്നു. പക്ഷെ അവര്‍ക്കിപ്പോള്‍ കൂടുതല്‍ വേണം. ‘ദില്‍ മാംഗെ മോര്(ഹൃദയം കൂടുതല്‍ ആഗ്രഹിക്കുന്നു)’ സാഹചര്യമാണ് എംഎല്മാര്ക്കിടയിലുളളത്.’- മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.
ദളിത് പ്രാതിനിധ്യത്തിലെ കുറവ് ഉള്‍പ്പെടെയുള്ള മറ്റ് പ്രശ്നങ്ങളും സമിതി പരിഹരിക്കാന്‍ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തര്‍ക്കം പരിഹിക്കാന്‍ രണ്ടു ഉപമുഖ്യമന്ത്രിമാരെ സമിതി നിര്‍ദേശിച്ചേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൊരാള്‍ ആ സമുദായത്തില്‍നിന്ന് ആയിരിക്കും. അമൃത്സര്‍(വെസ്റ്റ്) എംഎല്‍എയും ദളിത് നേതാവുമായ രാജ്കുമാര് വെര്‍ക ‘നല്ല വാര്‍ത്ത’യെക്കുറിച്ച് സൂചന നല്കി. സംസ്ഥാന ഘടകത്തോട് ഇടഞ്ഞു നില്ക്കുന്ന നവ്ജോത് സിദ്ധുവുമായും മൂന്നംഗ സമിതി ചര്‍ച്ച നടത്തും.
അടുത്തിടെ, കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് അമരീന്ദര്‍ സിംഗ് ആരോപിച്ചതിനെ തുടര്‍ന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് സിദ്ധു രംഗത്തെത്തിയിരുന്നു. സോണിയാ ഗാന്ധിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന നേതാവാണ് അമരീന്ദര്‍ സിംഗ്. പത്തുവര്‍ഷത്തെ അകാലിദള്‍ ബിജെപി ഭരണത്തിനുശേഷമാണ് അമരീന്ദര്‍ അധികാരത്തിലെത്തിയത്. അമരീന്ദര്‍ സിംഗിനെക്കുറിച്ചാണ് പരാതികളത്രയുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 2022-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയിക്കില്ലെന്നാണ് വിമത നേതാക്കളുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: