ഇടുക്കി: സംസ്ഥാനത്ത് ഈ വേനല്‍ക്കാലത്ത് ലഭിച്ചത് കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ കൂടിയ മഴ. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇതുവരെ 108 ശതമാനം മഴയാണ് കൂടിയത്. 36.15 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 75.09 സെ.മീ മഴ ലഭിച്ചു.
കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയില്‍, കുറവ് വയനാട്ടില്‍. 2004ലാണ് ഇതിന് മുമ്പ് അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 79.6 സെ.മീറ്റര്‍. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള സര്‍വ്വകാല റെക്കോര്‍ഡ് 1933ലാണ്, 103.7 സെ.മീറ്റര്‍. 1960ല്‍-82.5, 1936-70.3, 2018ല്‍ 52.1 സെ.മീറ്റര്‍ വീതവും മഴ രേഖപ്പെടുത്തി. 2020ല്‍ 38.5 സെ.മീ. മഴയാണ് ലഭിച്ചത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വേനല്ക്കാലമായി കണക്കാക്കുന്നത്. ഈ സമയങ്ങളില്‍ ശരാശരി ലഭിക്കേണ്ടത് 36 സെ.മീ. മഴയാണ്. മാര്‍ച്ച്-3.7, ഏപ്രില്‍- 11.2, മെയ്- 24.1 സെ.മീ. വീതമാണ് മഴ ലഭിക്കേണ്ടത്.
മഴ കൂടുന്നതിനൊപ്പം കുറയുന്ന കാലവും ഉണ്ടായിട്ടുണ്ടെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. 2000ല്‍ വേനല്‍ മഴ ഗണ്യമായി കുറഞ്ഞിരുന്നു. 21.3 സെ.മീ. അന്ന് ലഭിച്ചത്. ഇത്തരത്തില്‍ വന്നാല്‍ അത് വരള്‍ച്ചക്ക് കാരണമാകും.
2012, 2013 വര്‍ഷങ്ങളിലും മഴ കുറഞ്ഞിരുന്നു ശരാശരി 30 സെന്റീമീറ്ററാണ് അന്ന് ലഭിച്ചത്. 2014ല്‍ 22.6 സെ.മീറ്ററും. മഴ ലഭിച്ചു. ഓരോ മാസത്തിലും ലഭിക്കേണ്ട മഴയുടെ പാറ്റേണ്‍ മാറുന്നത് കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: